നന്‍പകലില്‍ പുരസ്‌കാരനിറവ്, 13 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും മികച്ച നടനായി മമ്മൂട്ടി

സുന്ദരമായ പകല്‍സ്വപ്നം പോലെയൊരു ചിത്രം, അതാണ് മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ 'നന്‍പകല്‍ നേരത്ത് മയക്കം'. ലിജോ പടങ്ങള്‍ എന്നും മലയാള സിനിമയെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്കെത്തിക്കുന്നത് ഇതാദ്യമായിട്ടല്ല. നന്‍പകലിലൂടെ പ്രേക്ഷകര്‍ക്ക് അത് ബോധ്യമായിട്ടുള്ളതുമാണ്. മനുഷ്യ ജീവിതത്തിലെ നിസ്സാര സന്ദര്‍ഭങ്ങളിലെ തന്മയത്തത്തോടെ സ്‌ക്രീനിലെത്തിച്ചപ്പോള്‍ നമ്മള്‍ കണ്ടത് മമ്മൂട്ടി എന്ന അത്ഭുതപ്രതിഭയുടെ അഭിനയമികവായിരുന്നു.
പതിവ് രീതികളെ മാറ്റി ഇത്തവണ ലിജോ തിരഞ്ഞെടുത്തത് വ്യത്യസ്തമായ ഒരു കഥാസന്ദര്‍ഭമായിരുന്നു. ബഹളമായമായ കഥപറച്ചിലിന് പേരുകേട്ട ലിജോ ഇത്തവണ മനുഷ്യന്റെ ഏറ്റവു ലളിതമായ ഒരു സ്വഭാവത്തെ കാഴ്ച്ചക്കാരിലെത്തിച്ചത് വ്യത്യസ്തമായ കാഴ്ച്ചപ്പാടിലൂടെയാണ്. പകലുറക്കം എന്ന നിസ്സാര സംഭവത്തെ എങ്ങനെ സങ്കീര്‍ണതകളിലേക്കെത്തിച്ചവെ വെന്നത് രണ്ടു മണിക്കൂറുകൊണ്ട് ലിജോ കാണിച്ചു തന്നു.
കഥയോടും കഥാപാത്രത്തോടും നൂറു ശതമാനം നീതിപുലര്‍ത്തിയ അഭിനമികവായിരുന്നു നന്‍പകലില്‍ മമ്മൂട്ടി കാഴ്ച്ചവെച്ചത്. ബോധത്തിനും അബോധത്തിലും സ്വപ്നത്തിലും യാഥാര്‍ത്ഥ്യത്തിനും ഇടയിലുള്ള നേര്‍ത്ത പാട പൊട്ടാതെ കണ്ടിരിക്കാവുന്ന, ഓരോത്തര്‍ക്കുള്ളില്‍ വേറിട്ട അനുഭൂതി സൃഷ്ടിച്ച കഥാപാത്രം. ഉറങ്ങിയെണീക്കുന്ന ജെയിംസ് സുന്ദരമായി മാറുമ്പോഴും പ്രേക്ഷകന്‍ അയാളോടൊപ്പം നടന്നു. ജെയിംസിന്റെ സ്വപ്നത്തിലും സുന്ദരത്തിന്റെ യാഥാര്‍ത്ഥ്യത്തിനൊപ്പം ആളുകള്‍ മടുക്കാതെ കണ്ടിരുന്നത് മമ്മൂട്ടിയെന്നെ നടന്റെ അസാമാന്യപ്രതിഭയാണ്.
പകലുറക്കം കഴിഞ്ഞുണരുന്ന ജെയിംസ് സുന്ദരമായി മാറുന്ന കാഴ്ച്ച അത്രമേല്‍ ആകാംക്ഷയോടെയായിരുന്നു നമ്മള്‍ കണ്ടത്. മമ്മൂട്ടിയെ പോലൊരു നടന്‍ ഈ കഥാപാത്രത്തില്‍ എത്തുമ്പോഴും ആ കഥാപാത്രത്തെ കേന്ദ്രീകരിക്കാതെ കഥയെ പിന്തുടരുന്ന രീതിയാണ് ലിജോ നന്‍പകലിലും സ്വീകരിച്ചിരിക്കുന്നത്. അത് തന്നെയായിരുന്നു ഈ ചിത്രത്തിന്റെ വിജയവും.
പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി വീണ്ടും മികച്ച നടനായി തിരഞ്ഞെടുത്തത്.1981ല്‍ അഹിംസയിലൂടെയാണ് ആദ്യമായി മമ്മൂട്ടിയെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം തേടിയെത്തുന്നത്. സഹനടനുള്ള പുരസ്‌കാരമാണ് അന്നദ്ദേഹം നേടിയത്. പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 1984-ല്‍ അടിയൊഴുക്കുകള്‍ എന്ന സിനിമയിലൂടെ ആദ്യമായി മികച്ചനടനായും തിരഞ്ഞെടുക്കപ്പെട്ടു. ഐ.വി.ശശിയുടെ സംവിധാനത്തില്‍ ഇറങ്ങിയ ചിത്രത്തില്‍ മോഹല്‍ലാലിനൊപ്പമാണ് മമ്മൂട്ടിയഭിനയിച്ചത്. തുടര്‍ന്ന് 1985-ല്‍ യാത്ര, നിറക്കൂട്ട് എന്നീ സിനിമകളിലൂടെ പ്രത്യേക പുരസ്‌കാരത്തിനര്‍ഹനായി.
1989-ല്‍ മമ്മൂട്ടിയുടെ അഭിനയജീവിതത്തില്‍ എന്നും എടുത്തുപറയാവുന്ന സിനിമകളായ ഒരു വടക്കന്‍ വീരഗാഥയും മതിലുകളും അദ്ദേഹത്തെ വീണ്ടും മികച്ച നടനുള്ള പുരസ്‌കാരം തേട്യെത്തി. പഴമകളില്‍ പറഞ്ഞു കേട്ട ചതിയന്‍ ചന്തുവിനെ എം.ടിയുടെ തിരക്കഥയില്‍ ധീരനും വീരനുമായ ചന്തുവായെത്തി മമ്മൂട്ടി ത്രസിപ്പിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാനത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകളിലും മമ്മൂട്ടി കാഴ്ച വെച്ചത് അത്യുഗ്രന്‍ പ്രകടനമാണ്. ബഷീറിനൊപ്പം നാരായണിയെ കേള്‍ക്കുകയും അയാളുടെ പ്രണയത്തിന്റെ തീവ്രതയും ആഴവും മലയാളികള്‍ മനസിലാക്കി. വിധേയന്‍, പൊന്തന്‍മാട എന്നീ സിനിമകളിലും 1994-ല്‍ കാഴ്ചയിലൂടെ 2004-ലും മികച്ച നടനായി മമ്മൂട്ടി വീണ്ടും പുരസ്‌കാരം സ്വന്തമാക്കി.
2009-ല്‍ 'പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ'യില്‍ വീണ്ടും മമ്മൂട്ടിയുടെ അഭിനയമികവ് പ്രേക്ഷകരിലെത്തി. മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി എന്ന കഥാപാത്രത്തിലൂടെ മമ്മൂട്ടി എന്ന നടന്‍ തന്റെ ശരീര-ശാരീരഭാഷാ വൈവിധ്യത്താല്‍ നമ്മളെ അതിശയിപ്പിച്ചു. പിന്നീട് 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മമ്മൂട്ടിയെ തേടിയെത്തുന്നത്.
മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ചകളെല്ലാം എന്നും മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. പതിവു രീതികളെ തുടച്ചുമാറ്റി ലിജോ പെല്ലിശ്ശേരിയുടെ നന്‍പകലെത്തിയപ്പോഴും ആ പതിവിന് മാറ്റമുണ്ടായില്ല......
'നായകനായ മമ്മൂട്ടിയുടെ അഭിനയം അടക്കമുള്ള ഘടകങ്ങള്‍ തന്നെയാണ് നന്‍പകല്‍ നേരത്തിന് അവാര്‍ഡ് ലഭിക്കാന്‍ കാരണമായതെന്നും അനായാസമായാണ് ജെയിംസായും സുന്ദരമായും മമ്മൂട്ടി അഭിനയിച്ചതെന്നും ചിത്രത്തിന്റെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു. അനുഭവ സമ്പത്തുള്ള നടനായതുകൊണ്ട് അദ്ദേഹത്തിന് അറിയാമായിരുന്നു എന്ത് ചെയ്യണമെന്ന് അത് തന്നെ സംബന്ധിച്ചും സൗകര്യമായിരുന്നുവെന്നും ലിജോ പറഞ്ഞു.
മമ്മൂട്ടി എന്ന അത്ഭുതപ്രതിഭയുടെ പുരസ്‌കാരനേട്ടത്തില്‍ ആരാധകരും സിനിമാ പ്രേമികളും ആഘോഷമാക്കുമ്പോള്‍ യാതൊരു ആഘോഷവുമില്ലാതെയാണ് മമ്മൂട്ടി പുരസ്‌കാരത്തെ വരവേറ്റത്. പ്രിയ സുഹൃത്തായ ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്നാണ് അദ്ദേഹം ആഘോഷങ്ങളെല്ലാം മാറ്റിവെച്ചത്. 'പ്രിയപ്പെട്ടവരിലൊരാള്‍ വിടവാങ്ങിയ വേളയാണ്. ആഘോഷങ്ങളില്ല. അത് മാധ്യമങ്ങളെ അറിയിക്കണം', എന്നായിരുന്നു പുരസ്‌കാര നേട്ടം അറിഞ്ഞതിനു ശേഷമുള്ള നടന്റെ പ്രതികരണം.