LogoLoginKerala

മാളികപ്പുറം ഹിറ്റില്‍ നിന്നും ബമ്പര്‍ ഹിറ്റിലേക്ക്, 50 കോടി കളക്ഷനില്‍ എത്തിനില്‍ക്കുന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നത് 250 തീയേറ്ററുകളില്‍. കേരളത്തിന് പുറത്തും ചിത്രം ഹൗസ് ഫുള്‍..

 
Malikappuram

ഡിസംബര്‍ 30-ന് തിയറ്ററുകളിലെത്തിയ മാളികപ്പുറം ഇപ്പോഴിതാ 50 കോടി സ്വന്തമാക്കി എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് ചിത്രം. ഉണ്ണി മുകുന്ദന്‍ ചിത്രത്തിന് ഇത്ര വലിയ സ്വീകാര്യത കിട്ടിയ മറ്റൊരു ചിത്രം ഉണ്ടാവില്ല. കേരളകത്തിന് പുറത്ത് റിലീസായ തീയേറ്ററുകളില്‍ പോലും ഹൗസ് ഫുള്‍ ആയാണ് ചിത്രം ഓടിക്കൊണ്ടിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ ആദ്യ നൂറ് കോടി ചിത്രമാകും മാളികപ്പുറം എന്നാണ് സിനിമാ പ്രേമികള്‍ വിശ്വസിക്കുന്നത്. 

50 കോടി പൊന്‍തിളക്കം; തിയറ്ററുകളില്‍ മാളികപ്പുറത്തിന്റെ പേട്ടതുള്ളല്‍

'കുഞ്ഞിക്കൂനന്‍' തുടങ്ങി മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ശശിശങ്കറിന്റെ മകന്‍ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് 'മാളികപ്പുറം'. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് 'മാളികപ്പുറം'. കല്യാണിയും ഉണ്ണിയും എന്ന എട്ടു വയസുകാരായ കുട്ടികളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. 

145 തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം കേരളത്തിലെ 230 ലധികം തിയേറ്ററുകളിലേയ്ക്ക് വ്യാപിച്ചിരിക്കുകയാണ്. എങ്ങും ഹൗസ്ഫുള്‍ ഷോകളാണ്. വളരെ അപൂര്‍വ്വമായാണ് മലയാള സിനിമയില്‍ ഇത്തരമൊരു വിജയം ലഭിക്കുന്നത്. സിനിമയുടെ തമിഴ്, തെലുങ്ക്, കന്നഡ പതിപ്പുകളും ഉടന്‍ റീലീസ് ചെയ്യും. നടന്‍ അല്ലു അര്‍ജ്ജുന്റെ നിര്‍മ്മാണ കമ്ബനിയായ ഗീതാ ആര്‍ട്‌സ് ആണ് മാളികപ്പുറത്തിന്റെ തെലുങ്ക് ഡബ്ബഡ് പതിപ്പ് തിയറ്റുകളിലേയ്ക്ക് എത്തിക്കുന്നത്.

രാക്ഷസന്‍, വിക്രംവേദ തുടങ്ങിയ ബ്ലോക്ക് ബസ്റ്ററുകള്‍ ജനങ്ങളിലേയ്ക്ക് എത്തിച്ച ട്രൈഡന്റ് ആര്‍ട്ട്‌സ് ആണ് ചിത്രം തമിഴ് നാട്ടില്‍ പ്രദര്‍ശിപ്പിക്കുന്നത്. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. മനോജ് കെ ജയന്‍, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്ബത്ത് റാം, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഛായാഗ്രഹണം-വിഷ്ണുനാരായണന്‍, എഡിറ്റിംഗ്-ഷമീര്‍ മുഹമ്മദ്, സംഗീതം,പശ്ചാത്തല സംഗീതം- രഞ്ജിന്‍ രാജ്. ആന്റോ ജോസഫും വേണു കുന്നപ്പിള്ളിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

അതേസമയം മാളികപ്പുറത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ ഡിസ്‌നി ഹോട്ട്സ്റ്റാറിനെന്ന് റിപ്പോര്‍ട്ട്. ചിത്രം അടുത്ത മാസം സ്ട്രീമിങ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആമസോണ്‍ പ്രൈമാണ് ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സിനിമകളുടെ ഒടിടി സംബന്ധിച്ച കാര്യങ്ങള്‍ പബ്ലിഷ് ചെയ്യുന്ന ഒടിടി പ്ലേ എന്ന സൈറ്റാണ് മാളികപ്പുറത്തിന്റെ ഒടിടി സംബന്ധിച്ച വിവരം പുറത്തുവിട്ടത്. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ ഒടിടി റിലീസിനെയോ, ഒടിടി പ്ലാറ്റ്ഫോമിനെയോ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും തന്നെ സ്ഥിരീകരിച്ചിട്ടില്ല. ഫെബ്രുവരിയില്‍ ചിത്രത്തിന്റെ ഒടിടി റിലീസ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.