LogoLoginKerala

52 വർഷങ്ങൾക്ക് ശേഷം സഹപാഠികൾക്കൊപ്പം ക്ലാസിലെത്തി എം.എ യൂസഫലി; ചങ്ങമ്പുഴയുടെ കവിത ചൊല്ലി ഓർമ്മകൾ ഓർത്തെടുത്ത് യൂസഫലി.

കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളിൽ കൂട്ടുകാർക്കും അധ്യാപകർക്കുമൊപ്പമിരുന്ന് കേക്ക് മുറിച്ചും അട കഴിച്ചും സൗഹൃദം പങ്കിട്ട് യൂസഫലി; സ്കൂളിന് 50 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു.
 
Yusuff Ali with his Schoolmates

തൃശ്ശൂർ : ഒരു വട്ടം കൂടിയെന്നോർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം..ഒഎൻവിയുടെ വരികൾ ഹൃദയത്തിൽ ചേർത്തുവച്ച് അഞ്ച് പതിറ്റാണ്ടിന് ശേഷം ആ കൂട്ടുകാർ ഒത്തുകൂടി. ചോക്ക് പൊടി വീണ ബ്ലാക്ബോർ‌ഡ് നോക്കി കൊച്ചുകൂട്ടുകാരായി പഴയ ഇരിപ്പിടങ്ങളിൽ ഒരുമിച്ചിരുന്നു. ഓർമ്മകൾ 52 വർഷം പുറകിലേക്ക് ചലിച്ചു. യൂസഫും ഗിരിജയും ഫിലോമിനയും മാത്യുവുമെല്ലാ നല്ല ഓർമ്മകളുടെ സൗഹൃകാലം ഓർത്ത് പുഞ്ചിരിച്ചു, തമാശകൾ പങ്കുവച്ച് പൊട്ടിചിരിച്ചു..ഇവരുടെ സഹപാഠിയായിരുന്ന യൂസഫ് ഇന്ന് ലോകമെമ്പാടും ആരാധകരുള്ള മുൻനിര ബിസിനസുകാരനായ എം.എ യൂസഫലിയാണ്, ലോകരാഷ്ട്രങ്ങളിൽ ശക്തമായ സാന്നിദ്ധ്യം അറിയിച്ച ലുലു ഗ്രൂപ്പിന്റെ ഉടമ, രാജ്യം പത്മശ്രീ നൽകി ആദരിച്ച വ്യക്തിത്വം. എന്നാൽ പഴയ കൂട്ടുകാരുടെ അടുത്തെത്തിയതും, യൂസഫ് ഭായ് സഹപാഠികളുടെ യൂസഫ് അലിയായി..പരസ്പരം ഓർമ്മകൾ പങ്കുവച്ച് അവരിലൊരാളായി ക്ലാസ് മുറിയിൽ ചിലവഴിച്ചു.എം.എ യൂസഫ് അലിയെ കാണാനായി സഹപാഠികളെല്ലാം ക്ലാസ് മുറിയിൽ പഴയ ഇരിപ്പിടങ്ങളിൽ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ഓരോരുത്തരുടെയും അടുത്ത് ചെന്ന് പേര് വിളിച്ച് യൂസഫ് അലി ഓർമ്മ പുതുക്കി. വർഷങ്ങൾ കഴിഞ്ഞിട്ടും പേര് പോലും മറക്കാത്ത പ്രിയ കൂട്ടുകാരന്റെ സ്നേഹത്തിന് മുന്നിൽ ചിലരുടെ കണ്ണുനിറഞ്ഞു, മറ്റുചിലർ ചേർത്തുപിടിച്ചു, അടുത്ത് വന്ന് പഴയ കൂട്ടുകാരനായിരിക്കാൻ ചേർത്തുവിളിച്ചു. കൂട്ടിന് മാഷുമാരും ടീച്ചർമാരും. 
Karanchira school welcomes Yusuff Ali
പഴയപോലെ ക്ലാസ് ടീച്ചറുടെ കസേരയിലുണ്ടായിരുന്നു കണക്ക് അധ്യാപികയായിരുന്ന ലില്ലി ടീച്ചർ. പ്രിയപ്പെട്ട അധ്യാപികയെ കണ്ടതും ഉടൻ തന്നെ ലില്ലി ടീച്ചറുടെ അടുത്തേക്ക് ചെന്ന് യൂസഫലി ആദരിച്ചു. പിന്നീട് ഏവരും ഒരുമിച്ച് പഴയ ഇരിപ്പിടങ്ങളിൽ ഇരുന്ന് ഓർമ്മകളും വിശേഷങ്ങളും പങ്കുവച്ചു. ക്ലാസ് മുറിയിൽ വിശേഷങ്ങൾ പങ്കുവയ്ക്കുമ്പോൾ, മുൻനിരയിൽ ക്ലാസിന്റെ പ്രിയപ്പെട്ട ലില്ലി ടീച്ചറുമുണ്ടായിരുന്നു. തൊട്ടടുത്തിരുന്ന ലില്ലി ടീച്ചറുടെ വിശേഷങ്ങൾ യൂസഫ് അലി ചോദിച്ചറിഞ്ഞു. പിന്നാലെ ലില്ലി ടീച്ചർക്കൊപ്പം ഒരുമിച്ച് യൂസഫ് അലിയും സഹപാഠികളും ചേർന്ന് കേക്ക് മുറിച്ചു. ഒരു കഷ്ണം കേക്ക് യൂസഫ് അലി തന്റെ പ്രിയപ്പെട്ട അധ്യാപികയ്ക്ക് നൽകി, പിന്നാലെ നെറ്റിൽ സ്നേഹാദരമായി ഒരു ഉമ്മയും നൽകി. ഒപ്പമുണ്ടായിരുന്ന സഹപാഠികളെല്ലാവരുടെയും സ്നേഹം ആ ഉമ്മയിലുണ്ടായിരുന്നു. 
മുൻബെഞ്ചിലിരുന്ന യൂസഫലിക്ക് സഹപാഠി ഗിരിജ സ്നേഹസമ്മാനമായി വീട്ടിൽ നിന്നുണ്ടാക്കിയ അട കൊണ്ടുവന്നിരുന്നു, ഏറെ സന്തോഷത്തോടെ മറ്റുള്ളവർക്കൊപ്പം യൂസഫലി അട കഴിച്ചു. ഒരട വീട്ടിലേക്കായി യൂസഫ് അലി കൈയ്യിൽ എടുക്കയും ചെയ്തു.

Yusuff Ali Respects his teacher

എം.എ യൂസഫ് അലി ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് ഈ തൃശൂർ കാട്ടൂർ കാരാഞ്ചിറ സെന്റ് സേവിയേഴ്സ് സ്കൂളിലാണ്. സൗഹൃദ കൂട്ടായ്മ സദസ്സിലേക്ക് 1970-71 ബാച്ചിലെ വിദ്യാർത്ഥികളും അധ്യാപകരും എത്തിയിരുന്നു. പൂർവ്വവിദ്യാർത്ഥി സംഗമത്തിന്റെ വിവരം അറിഞ്ഞയുടൻ എല്ലാ തിരക്കുകളും മാറ്റിവച്ചാണ് എം.എ യൂസഫലി സൗഹൃദസംഗമത്തിന് എത്തിയത്. വാർദ്ധക്യസംബന്ധമായ പ്രശ്നങ്ങൾ അലട്ടിയിരുന്ന അധ്യാപകർ പോലും ഈ ചടങ്ങിലേക്ക് എത്തിചേർന്നു. വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട അധ്യാപികയായിരുന്ന കൊച്ചുമേരി ടി.കെ, കാലിന് പ്രശ്നമുള്ളതിനാല്‌‍‍ വേദിയിലേക്ക് കയറാൻ കഴിയാതെ സദസിൽ തന്നെയാണ് ഇരുന്നത്. ഇതറിഞ്ഞതും മുഖ്യാതിഥിയായിരുന്ന യൂസഫലി വേദിയിൽ നിന്ന് സദസിലേക്ക് ഇറങ്ങിച്ചെന്ന് കൊച്ചുമേരി ടീച്ചറുടെ അടുത്തെത്തി, ടീച്ചറേ നിങ്ങളുടെ പഴയ യൂസഫ് അലിയാണെന്ന് പറഞ്ഞ് പ്രിയപ്പെട്ട അധ്യാപകിയുടെ കൈകൾ ചേർത്ത് പിടിച്ച് അനുഗ്രഹം വാങ്ങി. കണ്ട് നിന്ന ഏവരുടെയും മനസ്സ് നിറയുന്നതായി ഈ കാഴ്ച.

അഞ്ച് പതിറ്റാണ്ട് കഴിഞ്ഞിട്ടും അധ്യാപകരെയും സഹപാഠികളെയും മുഴുവൻ‌ പേരെടുത്ത് വിളിച്ചാണ് യൂസഫലി സംസാരിച്ചത്.  തൃപയാറിൽ നിന്ന് ബസ് കയറിയും നടന്നും കരാഞ്ചിറ സ്കൂളിലേക്ക് എത്തിയിരുന്ന കാലം എം.എ യൂസഫലി ഓർമ്മിച്ചെടുത്തു. സ്കൂൾ വിദ്യാഭ്യാസ കാലത്തെ അനുഭവങ്ങളാണ് ബിസിനസ് ജീവിതത്തിൽ തനിക്ക് സഹനശക്തിയും കരുത്തും നൽകുന്നതെന്ന് എം.എ യൂസഫലി വ്യക്തമാക്കി.ലോകത്ത് എവിടെ പോയാലും കേരളത്തെയും കേരളത്തിന്റെ വിദ്യാഭ്യാസത്തിന്റെ പ്രസ്കതിയുമാണ് താൻ മറ്റുള്ളവരുമായി പങ്കുവയ്ക്കാറുള്ളതെന്നും അദ്ദേഹം ചൂണ്ടികാട്ടി.
ഇതിനിടെ മറ്റൊരു ബിസിനസ് മീറ്റിങ്ങിന്റെ അറിയിപ്പ് എത്തിയെങ്കിലും ആ കുറിപ്പ് കീറികളഞ്ഞ്, കുറച്ചുനേരം എന്റെ കൂട്ടുകാർക്കൊപ്പം ചെലവഴിക്കട്ടെ എന്ന യൂസഫലിയുടെ മറുപടി ഏവരിലും ചിരിപടർത്തി.
സ്വകാര്യ ജെറ്റിൽ, കൂട്ടായ്മയിൽ പങ്കെടുക്കാനായുള്ള യാത്രയ്ക്കിടെ ഹൈസ്കൂൾ ഓർമ്മകൾ തങ്ങുന്ന ഓട്ടോഗ്രാഫ് വായിച്ചാണ് എത്തിയത്, നല്ല ഓർമ്മകൾ നിറയുന്ന ഓട്ടോഗ്രാഫിലെ വരികൾ സഹപാഠികളുടെ പേരെടുത്ത് പറഞ്ഞ് യൂസഫലി ഓർ‌മ്മിച്ചു.  
 യൂസഫലിയുടെ സഹപാഠിയും വിദേശ സർവ്വകാശാലയിലെ അധ്യാപകനുമായിരുന്ന  എ.ടി മാത്യുവാണ് അധ്യക്ഷ പ്രസംഗം നടത്തിയത്. പ്രസംഗത്തിനിടെ എം.എ യൂസഫലിയെ യൂസഫലി സർ എന്നാണ് മാത്യു വിശേഷിപ്പിച്ചത്. എന്നാൽ ഒപ്പം പഠിച്ചയാളെ എന്തിനാണ് സർ എന്ന് വിളിക്കുന്നതെന്ന് ചോദിച്ച് യൂസഫലി മാത്യുവിനെ തിരുത്തിയത് വേദിയിൽ ചിരിപടർത്തി.    
ചങ്ങമ്പുഴയുടെ കവിത ചൊല്ലിയാണ് ഊഷ്മളമായ സൗഹൃദ ഓർമ്മകൾ സദസ്സിൽ എം.എ യൂസഫലി പങ്കുവച്ചത്. 

കരാഞ്ചിറ സ്കൂളിലെ അധ്യാപകരും സഹപാഠികളും ചേർന്ന് പൂർവ്വവിദ്യാർത്ഥി കൂടിയായ യൂസഫലിയെ പൊന്നാട അണിയിച്ചു, സ്കൂൾ അധികൃതർ ചേർന്ന് യൂസഫലിക്ക് ഉപഹാരം സമ്മാനിച്ചു. ഔന്നിത്യത്തിന്റെ പടവുകൾ കയറുമ്പോഴും പിന്നിട്ട കാലം മറക്കാത്ത, കാരുണ്യത്തിന്റെ മുഖമാണ് എം.എ യൂസഫലിയെന്നും അനേകം പേർ‌ക്ക് അന്നദാതാവായ, കാരുണ്യത്തിന്റെ മുഖമാണ് എം.എ യൂസഫലിയെന്നും അധ്യാപകർ പറഞ്ഞു. പഠനകാലയളവിൽ സ്കൂൾ ലീഡറായിരുന്നു എം.എ യൂസഫലി, അന്നത്തെ മിടുക്കനായ വിദ്യാർത്ഥിയായിരുന്നു യൂസഫലിയെന്ന് തോമസ് മാഷ് ഓർമ്മിച്ചു. കൂടുതൽ ക്ലാസ് റൂമുകൾ നിർമ്മിക്കുന്നതിനും അടിസ്ഥാനസൗകര്യ വിസനത്തിനുമായി 50 ലക്ഷം രൂപ എം.എ യൂസഫലി സ്കൂളിന് നൽകുമെന്ന് പ്രഖ്യാപിച്ചു. അഞ്ച് ക്ലാസ് റൂമുകൾ നിർമ്മിക്കാനായി 41 ലക്ഷം രൂപയാണ് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടത്, എന്നാൽ താൻ പഠിച്ച സ്കൂൾ കൂടുതൽ അധുനികവത്കരിക്കാനും അധികം വിദ്യാർത്ഥികൾക്ക് സൗകര്യം ലഭിക്കാനുമായി 50 ലക്ഷം രൂപ തന്നെ യൂസഫലി പ്രഖ്യാപിക്കുകയായിരുന്നു. എത്രയും വേഗം നിർമ്മാണം പൂർത്തീകരിക്കാനും ഉദ്ഘാടനത്തിന് താനുണ്ടാകുമെന്നും അധികൃതർക്ക് പൂർവ്വവിദ്യാർത്ഥി കൂടിയായ യൂസഫലി ഉറപ്പ് നൽകി. 

കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂൾ മാനേജർ ഫാ.ആന്റണി മുക്കാട്ടുകരക്കാരൻ, പൂർവ്വ അധ്യാപകൻ തോമസ് ജോൺ ആലപ്പാട്ട്, സ്കൂൾ ഹെഡ്മിസ്ട്രസ് മഞ്ജു സി.ജെ, പൂർവ്വവിദ്യാർത്ഥിയും മുൻ ഡെപ്യൂട്ടി കളക്ടറുമായ ഗിരിജ രാജൻ, പൂർവ്വ വിദ്യാർത്ഥികളായ എ.ടി മാത്യു, ബലരാമൻ ടി.എം., സി ബാലകൃഷ്ണൻ, തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു