വിജിലന്‍സിനെ പോലെ കേസില്ലാ പ്രസ്ഥാനമായി സംസ്ഥാനത്തെ ലോകായുക്തയും
തിരുവനന്തപുരം : പിണറായി സര്‍ക്കാരിന്‍റെ ആദ്യ വരവില്‍ പിടിവീണത് വിജിലന്‍സ് സംവിധാനത്തിനായിരുന്നു എങ്കില്‍ രണ്ടാം വരവില്‍ അടി തെറ്റിയത് ലോകായുക്തയ്ക്കാണ്. സര്‍ക്കാര്‍ അനുമതിയില്ലാതെ മന്ത്രിമാര്‍ക്കെതിരെയോ ഉദ്യോഗസ്ഥര്‍ക്കെതിരെയോ കേസുകളെടുക്കുന്നതിനെ തടഞ്ഞ ഉത്തരവാണ് വിജിലന്‍സിനെ ചിറകരിയപ്പെട്ട തത്തയാക്കിയത്. അന്തിമവിധി പുന:പരിശോധിയ്ക്കാന്‍ വഴിയൊരുക്കുന്ന ഭേദഗതിയാണ് കഴിഞ്ഞ വര്‍ഷം ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഒന്നാക്കിമാറ്റിയത്. രണ്ട് പ്രസ്ഥാനവും ഇതോടെ പൊതുജനങ്ങളില്‍ നിന്നകലുമെന്ന പ്രവചനം ഇപ്പോള്‍ പൂര്‍ണ്ണമായും ശരിയായെന്നാണ് കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്.
വിജിലന്‍സ് വകുപ്പിനെ നിര്‍വീര്യമാക്കിയ ആദ്യ പിണറായി മന്ത്രിസഭയുടെ നടപടികള്‍ വൈകാതെ വകുപ്പിലേയ്ക്ക് ലഭിച്ചിരുന്ന പൊതുജനങ്ങളുടെ പരാതികളുടെ എണ്ണത്തിലാണ് പ്രതിഫലിച്ചത്. വിജിലന്‍സ് കേസുകളെടുക്കുന്നതിലെ സര്‍ക്കാര്‍ ഉത്തരവ് വന്നതിന് പിന്നാലെ വകുപ്പിന് ലഭിച്ചിരുന്ന പരാതികള്‍ ഗണ്യമായി കുറഞ്ഞു. ഒരു ഘട്ടത്തില്‍ സംസ്ഥാനത്താകെ നൂറില്‍ താഴെ പരാതികള്‍ എന്ന സ്ഥിതിയിലേയ്ക്ക് വരെ കാര്യങ്ങളെത്തി. ഈ ചീത്തപ്പേര് തുടരുമ്പോഴാണ് വിജിലന്‍സ് പാതയിലേയ്ക്ക് ലോകായുക്തയും എത്തുന്നത്.
*കുത്തനെ താഴ്ന്ന് പരാതികൾ; 1578ൽ നിന്ന് 305 കേസുകളിലേയ്ക്ക്*
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ലോകായുക്തയ്ക്ക് മുന്നിലെത്തിയ പരാതികളുടെ എണ്ണം പരിശോധിയ്ക്കുമ്പോഴാണ്, ലോകായുക്തയും പൊതുജനവിശ്വാസത്തില്‍ നിന്ന് അകലുകയാണെന്ന് വ്യക്തമാകുന്നത്. 2018ല്‍ ഫയല്‍ ചെയ്ത കേസുകള്‍ 1578 എണ്ണം. തീര്‍പ്പ് കല്‍പിച്ചത് 1413 എണ്ണത്തില്‍. 2019ല്‍ 1057 കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടു. തീര്‍പ്പായത് 959 എണ്ണത്തില്‍. 2020ല്‍ 205 കേസുകള്‍. തീര്‍പ്പായത് 134 എണ്ണം. 2021ല്‍ 227 കേസുകളില്‍ 137 എണ്ണം തീര്‍പ്പായി. കഴിഞ്ഞ വര്‍ഷം ആകെയുള്ളള 305 കേസുകളില്‍ തീര്‍പ്പായത് 156 എണ്ണം മാത്രമാണ്. ഗണ്യമായ കുറവ് ഫയല്‍ ചെയ്യപ്പെട്ട കേസുകളിലും, തീര്‍പ്പാക്കപ്പെട്ടവയിലും ഒരുപോലെ കാണാം. മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച കണക്കുകളിലാണ് ഈ ഞെട്ടിയ്ക്കുന്ന വിവരം. ചുരുക്കത്തില്‍ പരാതിക്കാര്‍ പലരും കോടതികളിലേയ്ക്ക് മാത്രമായി നിയമവ്യവഹാരങ്ങള്‍ ഒതുക്കിയെന്നും വ്യഖ്യാനിയ്ക്കേണ്ടി വരും.
1971ല്‍ മഹാരാഷ്ട്രയിലാണ് അഴിമതി നിര്‍മ്മാര്‍ജ്ജനസംവിധാനമായ ലോകായുക്ത ആദ്യം നിലവില്‍ വരുന്നത്. 1998ല്‍ കേരളത്തില്‍ നിലവില്‍ വന്നു. മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെ അഴിമതി, സ്വജനപക്ഷപാതം അടക്കമുള്ളള വിഷയങ്ങളില്‍ പരാതികള്‍ നല്‍കാനും അന്വേഷണം ആവശ്യപ്പെടാനുമുള്ള ഒരു വിപുലമായ സംവിധാനം. കുറ്റം തെളിഞ്ഞാല്‍ സ്ഥാനമൊഴിയുന്നതടക്കമുള്ള കടുത്ത നടപടികള്‍ പ്രതികള്‍ നേരിടേണ്ടിയും വരുമായിരുന്നു. 2008ല്‍ വിവാദ നിയമനങ്ങള്‍ കേരളസര്‍വ്വകലാശാല റദ്ദാക്കണമെന്ന വിധിയും, 2018ല്‍ ടി പി ശ്രീനിവാസന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ 9 പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന വിധിയും , പാറ്റൂരില്‍ കയ്യേറ്റം ചെയ്യപ്പെട്ട ഭൂമി പിടിച്ചെടുക്കണമെന്ന വിധിയും, 2021ല്‍ കെ ടി ജലീല്‍ മന്ത്രിസ്ഥാനമൊഴിയേണ്ടിവന്നി ബന്ധുനിയമന പരാതിയിലെ വിധിയുമെല്ലാം ലോകായുക്തയുടെ യശസ്സുയര്‍ത്തുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയതിലും, കണ്ണൂര്‍ വി സി നിയമനത്തില്‍ മന്ത്രി ആര്‍ ബിന്ദുവിനെതിരെയും പരാതികള്‍ ലോകായുക്തയ്ക്ക് മുന്നിലെത്തിയതോടെ ലോകായുക്ത നിയഭേദഗതി മുളപൊട്ടുകയായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസം ഭേദഗതി പാസാവുകയും ചെയ്തതോടെ ലോകായുക്തയുടെ ചിറകരിയപ്പെട്ടു.
ലോകായുക്ത പുറപ്പെടുവിയ്ക്കുന്ന വിധിയില്‍ അന്തിമതീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് കഴിയുമെന്നതായിരുന്നു നിയമഭേദഗതി. മുഖ്യമന്ത്രിയ്ക്കെതിരായ വിധിയാണെങ്കില്‍ നിയമസഭയ്ക്കും, മന്ത്രിയ്ക്കെതിരെയെങ്കില്‍ മുഖ്യമന്ത്രിയ്ക്കും, എംഎല്‍എമാര്‍ക്കെതിരെയെങ്കില്‍ സ്പീക്കര്‍ക്കും അന്തിമതീരുമാനമെടുക്കാമെന്ന് വ്യവസ്ഥയുമുണ്ടായിരുന്നു. ലോകായുക്ത വിധികളില്‍ അപ്പീല്‍ നല്‍കാനുള്ള അവസരം കൊടുക്കാനെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണമെങ്കിലും പരാതിക്കാര്‍ക്ക് ലോകായുക്തയിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് തെളിയിക്കുന്നതാണ് കേസുകളുടെ എണ്ണത്തിലെ കുറവ്. മുഖ്യമന്ത്രിയ്ക്കെതിരായ പരാതി ലോകായുക്തയുടെ പരിഗണനയിലിരിയ്ക്കുമ്പോൾ തന്നെ മുഖ്യമന്ത്രി വിളിച്ച ഇഫ്താര്‍ വിരുന്നില്‍ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തതിലെ വിവാദങ്ങളും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.