LogoLoginKerala

26ന് സര്‍വീസ് തുടങ്ങുന്ന കൊച്ചി വാട്ടര്‍മെട്രോയെ അടുത്തറിയാം

 
Water Metro
പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവെച്ച വാട്ടർ മെട്രോയുടെ ആകാശദൃശ്യം

കൊച്ചി- പ്രധാനമന്ത്രി നരേന്ദ്രമോഡി നാളെ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുന്ന കൊച്ചി വാട്ടര്‍മെട്രോ 26ന് രാവിലെ ആദ്യ സര്‍വീസ് ആരംഭിക്കും. ഹൈക്കോടതി ടെര്‍മിനലില്‍ നിന്ന് വൈപ്പിനിലേക്കും തിരിച്ചുമാണ് ആദ്യ സര്‍വ്വീസ്. വൈറ്റില കാക്കനാട് റൂട്ടില്‍ ഏപ്രില്‍ 27നും സര്‍വ്വീസ് ആരംഭിക്കും. ഒരാള്‍ക്ക് 20 രൂപയാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. പരമാവധി ടിക്കറ്റ് നിരക്ക് 40 രൂപയായാണ് നിജപ്പെടുത്തിയിരിക്കുന്നത്. ഹൈക്കോടതി വൈപ്പിന്‍ 20 രൂപ, വൈറ്റില കാക്കനാട് 30 രൂപ, പ്രതിവാര പാസ് 180 രൂപ, പ്രതിമാസ പാസ് 600 രൂപ, ത്രൈമാസ പാസ് 1500 രൂപ എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്ന നിരക്കുകള്‍. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ യാത്രാ പാസ്സുകള്‍ക്ക് ഇളവുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രാരംഭ ഘട്ടത്തില്‍ രാവിലെ ഏഴ് മണി മുതല്‍ രാത്രി എട്ടുമണി വരെയാണ് വാട്ടര്‍മെട്രോ സര്‍വ്വീസ് നടക്കുക. പീക്ക് അവറുകളില്‍ 15 മിനിറ്റ് ഇടവേളകളില്‍ ഹൈക്കോര്‍ട്ട്‌വൈപ്പിന്‍ റൂട്ടില്‍ വാട്ടര്‍ മെട്രോ സര്‍വ്വീസ് നടത്തും. പ്രാരംഭ ഘട്ടത്തില്‍ യാത്രക്കാരുടെ എണ്ണം പരിശോധിച്ച ശേഷമായിരിക്കും സര്‍വ്വീസുകള്‍ക്കിടയിലെ സമയം നിജപ്പെടുത്തുന്നത്. നൂറ് പേര്‍ക്ക് യാത്രചെയ്യാന്‍ സാധിക്കുന്ന എട്ടു ബോട്ടുകളാണ് നിലവില്‍ കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് ലഭിച്ചിരിക്കുന്നത്.
വൈറ്റിലയില്‍ നിന്ന് വാട്ടര്‍ മെട്രൊയിലൂടെ 25 മിനിറ്റിനകം ഗതാഗതക്കുരുക്കുളില്‍ പെടാതെ കാക്കനാട് എത്താം. 20 മിനിറ്റില്‍ താഴെ സമയം കൊണ്ട് ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍ നിന്ന് വൈപ്പിന്‍ ടെര്‍മിനലിലെത്താം. തുച്ഛമായ തുകയില്‍ സുരക്ഷിത യാത്രയാണ് ശീതികരിച്ച ബോട്ടുകളില്‍ യാത്രക്കാരെ കാത്തിരിക്കുന്നത്. 50 പേര്‍ക്ക് ഇരുന്നും 50 പേര്‍ക്ക് നിന്നും യാത്ര ചെയ്യാം. എല്ലാ ലോകോത്തരമായ അത്യാധുനിക സുരക്ഷാ ഫീച്ചറുകളും ഈ ബോട്ടുകളിലുണ്ട്.
ടെര്‍മിനലുകളില്‍ ഒരുക്കിയിരിക്കുന്ന ടിക്കറ്റ് കൗണ്ടറുകളില്‍ നിന്ന് ഒറ്റത്തവണ യാത്രചെയ്യാനുള്ള ടിക്കറ്റുകളും വിവിധ യാത്രാ പാസ്സുകളും ലഭിക്കും. ഇത് കൂടാതെ കൊച്ചി മെട്രോ റെയിലില്‍ ഉപയോഗിക്കുന്ന കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ച് കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്രചെയ്യാം. കൊച്ചി വണ്‍ ആപ്പിലൂടെ ബുക്ക് ചെയ്യുന്ന മൊബൈല്‍ ക്യൂ.ആര്‍ ഉപയോഗിച്ചും യാത്രചെയ്യാം.
മെട്രോ റെയിലിന് സമാനമായ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് വാട്ടര്‍ മെട്രോ ടെര്‍മിനലുകളും ബോട്ടുകളും നിര്‍മ്മിച്ചിരിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പത്ത് ദ്വീപുകളിലായി 38 ടെര്‍മിനലുകളെ ബന്ധിപ്പിച്ച് 78 വാട്ടര്‍ മെട്രോ ബോട്ടുകളായിരിക്കും സര്‍വ്വീസ് നടത്തുക. ഭിന്നശേഷി സൗഹൃദമാണ് ടെര്‍മിനലുകളും ബോട്ടുകളും.
ശീതീകരിച്ച ബോട്ടുകള്‍, ജലസ്രോസതുകളെ മലിനമാക്കാത്ത ഇലക്ട്രിക്‌ഹൈബ്രിഡ് ബോട്ടുകള്‍, വേലിയേറ്റ, വേലിയിറക്ക സമയങ്ങളിലും ബോട്ടുമായി ഒരേ ലെവലില്‍ നില്‍ക്കാനുതകുന്ന ഫ്‌ളോട്ടിങ് പോണ്ടൂണുകള്‍, യാത്രക്കാരുടെ എണ്ണം തിട്ടപ്പെടുത്തി സുരക്ഷ ഉറപ്പാക്കാന്‍ പാസഞ്ചര്‍ കണ്‍ട്രോള്‍ സിസ്റ്റം എന്നിങ്ങനെ വിവിധ സവിശേഷതകളോടെയാണ് വാട്ടര്‍ മെട്രോ സര്‍വീസ് നടത്തുന്നത്.
അന്തരീക്ഷ മലിനീകരണവും ഗതാഗതക്കുരുക്കും രൂക്ഷമായ കൊച്ചി നഗരത്തിലെ റോഡുകളില്‍ നിന്ന് മാറി സുരക്ഷിതവും ആരോഗ്യകരവുമായ യാത്രയാണ് കൊച്ചി വാട്ടര്‍മെട്രോ യാത്രക്കാര്‍ക്ക് ഉറപ്പു നല്‍കുന്നത്.