'ജനങ്ങളുടെ തീരുമാനം അറിഞ്ഞു, തൃശൂരില്‍ ജയിക്കും'! സുരേഷ് ഗോപി
ജനങ്ങളുടെ തീരുമാനത്തിന്റെ ഏകദേശ രൂപം കിട്ടിയിട്ടുണ്ട്. പള്‍സ് അറിഞ്ഞതിനാല്‍ ഒരു വിശ്വാസമുണ്ട്. തൃശൂരില്‍ ഇത്തവണ ജയിക്കും. തികഞ്ഞ ആത്മവിശ്വാസത്തോടെയുള്ള സുരേഷ്‌ഗോപിയുടെ വാക്കുകയളാണിത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ വീണ്ടും കളത്തിലിറങ്ങാനിരിക്കെ വിജയം ഉറപ്പിച്ചിരിക്കുകയാണ് നടന്‍ സുരേഷ് ഗോപി.
ബിജെപി തുടര്‍ച്ചയായി തൃശൂരില്‍ അവതരിപ്പിക്കുന്ന മുഖമാണ് അദ്ദേഹത്തിന്റേത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപി തൃശൂരില്‍ മല്‍സരിച്ചിരുന്നെങ്കിലും തോല്‍വിയായിരുന്നു ഫലം. എന്നാല്‍ ഇത്തവണ അങ്ങനെയല്ലെന്ന് അദ്ദേഹം പറയുന്നു. തൃശ്ശൂര്‍ മണ്ഡലത്തിലെ അദ്ദേഹഗത്തിന്റെ കാര്യക്ഷമമായ ഇടപെടലും, പ്രവര്‍ത്തനങഅങളുടെ മുന്‍നിര്‍ത്തി ബിജെപിയും വലിയ പ്രതീക്ഷയാണ് മണ്‍ലത്തില്‍ വച്ച് പുലര്‍ത്തുന്നത്.
കേരളത്തില്‍ ബിജെപി വളരെ അധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ആറ് ലോക്സഭാ മണ്ഡലങ്ങളിലാണ്. തിരുവനന്തപുരവും തൃശൂരും പാലക്കാടുമെല്ലാം ഇതില്‍പ്പെടും. തുടര്‍ച്ചയായി ഒരേ മുഖം അവതരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കുക എന്ന തന്ത്രമാണ് തൃശൂരില്‍ ബിജെപി പയറ്റുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റം ഇത് ശരിവെക്കുന്നതായിരുന്നു.
രാജ്യസഭാ എംപിയായിരിക്കെ തൃശൂരില്‍ വികസന പദ്ധതികള്‍ സുരേഷ് ഗോപി മുന്നോട്ട് വച്ചിരുന്നു. മേയറുമായി അദ്ദേഹം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് സുരേഷ് ഗോപിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. തുടര്‍ച്ചയായി മൂന്നാമത്തെ തിരഞ്ഞെടുപ്പാണ് അദ്ദേഹം തൃശൂരില്‍ നേരിടാന്‍ പോകുന്നത്. സിപിഐയിലും കോണ്‍ഗ്രസിലും ഉള്‍പ്പോര് നിലനില്‍ക്കുന്നതും ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നു.
തൃശൂരില്‍ ജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇതുവരെ ഒരു തിരഞ്ഞെടുപ്പിലും താന്‍ ഇങ്ങനെ പറഞ്ഞിട്ടില്ല. ജനങ്ങളുടെ തീരുമാനത്തിന്റെ ഏകദേശ രൂപം കിട്ടിയിട്ടുണ്ട്. പള്‍സ് അറിഞ്ഞതിനാല്‍ ഒരു വിശ്വാസമുണ്ട്. ജയിക്കും. ഒരു വോട്ടിനാണെങ്കിലും ഇത്തവണ ജയിപ്പിക്കണമെന്ന അഭ്യര്‍ഥനയാണുള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂര്‍ ഞാനിങ്ങെടുക്കുവാ എന്ന സുരേഷ് ഗോപിയുടെ പഴയ വാക്കുകള്‍ വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ന്നു. തൃശൂര്‍ തന്നാല്‍ എടുക്കുമെന്ന് അദ്ദേഹം മറുപടി നല്‍കി. എടുക്കുന്നതിന് എന്തിനാണ് അമാന്തം. തൃശൂര്‍ തരട്ടെ, എടുത്തിരിക്കും. എടുത്താന്‍ വ്യത്യസ്തത കാണുകയും ചെയ്യും. അന്നേരം അത് പോര എന്ന് പറയരുത്. അപ്പോ പിന്നെ എടുത്തവര്‍ എന്താണ് ചെയ്തത് എന്നുകൂടി പറഞ്ഞുതരേണ്ടി വരുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
2019ല്‍ ബിജെപി സ്ഥാനാര്‍ഥിയായി സുരേഷ് ഗോപി മല്‍സരിച്ചപ്പോള്‍ 2.93 ലക്ഷം വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്. സിപിഐക്ക് വേണ്ടി കളത്തിലിറങ്ങിയ രാജാജി മാത്യു തോമസിന് 3.21 വോട്ട് കിട്ടി. 4.15 ലക്ഷം വോട്ടുമായി ടിഎന്‍ പ്രതാപനായിരുന്നു വിജയം. ഇത്തവണ പ്രതാപന്‍ തന്നെ കോണ്‍ഗ്രസിന് വേണ്ടി കളത്തിലിറങ്ങാനാണ് സാധ്യത. മറ്റൊരാളെ നിര്‍ത്തുന്നത് തിരിച്ചടിയേല്‍ക്കാനിടയാക്കുമെന്നാണ് കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍.
ഗരുഡന്‍ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന് ദുബായില്‍ എത്തിയതായിരുന്നു സുരേഷ് ഗോപി. മാധ്യമങ്ങളുമായി സംവദിക്കവെയാണ് രാഷ്ട്രീയ കാര്യങ്ങള്‍ക്കും മറുപടി പറഞ്ഞത്. തൃശൂരിലെ തിരഞ്ഞെടുപ്പ്, ജയസാധ്യത എന്നീ കാര്യങ്ങളിലായിരുന്നു ചോദ്യങ്ങള്‍. വിജയിക്കുമെന്ന പ്രതീക്ഷ സുരേഷ് ഗോപി പങ്കുവച്ചു. ഇത്തവണ വലിയ പ്രതീക്ഷയിലാണ് അദ്ദേഹം.