LogoLoginKerala

കീരവാണിയും കാര്‍പെന്ററും 'തട്ടും മുട്ടും ട്രോളും'; മാധ്യമങ്ങളെ എയറില്‍ കയറ്റിയ ആ കാര്‍പെന്റര്‍ ആരാണ്?

 
carpender

രാജ്യത്തിന്റെ അഭിമാനം വീണ്ടും വാനോളം ഉയര്‍ത്തിക്കൊണ്ട് 95-ാമത് ഒസ്‌കാര്‍ വേദിയില്‍ രണ്ട് പുരസ്‌കാരങ്ങളില്‍ ഇന്ത്യ മുത്തമിടുകയുണ്ടായി. മികച്ച ഒറിജിനല്‍ ഗാനം വിഭാഗത്തില്‍ എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ ആര്‍ ആര്‍ എന്ന ചിത്രത്തില്‍ ചന്ദ്രബോസ് രചിച്ച എം എം കീരവാണി സംഗീതം നല്‍കിയ നാട്ടു നാട്ടു എന്ന പാട്ടിനും മികച്ച ഷോര്‍ട് ഡോക്യുമെന്ററി വിഭാഗത്തില്‍ കാര്‍ത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത ദി എലഫന്റ് വിസ്പറേഴ്‌സുമാണ് ഇന്ത്യയ്ക്ക് പുരസ്‌കാരം നേടിത്തന്നത്. ഇന്ത്യ ഒസ്‌കാര്‍ വേദിയില്‍ ഇരട്ടി നേട്ടം കൈവരിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനങ്ങള്‍ നിറയുകയാണ് എന്നാല്‍ ഇതിനിടെ മാധ്യമങ്ങള്‍ക്കെതിരായ ട്രോളുകളും വലിയ രീതിയില്‍ ഉയര്‍ന്ന് വരുന്നുണ്ട്.

പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് കീരവാണി പറഞ്ഞ വാക്കുകള്‍ തെറ്റായി നല്‍കിയതിലൂടെയാണ് മാധ്യമങ്ങള്‍ പരിഹസിക്കപ്പെടുന്നത്. 'കാര്‍പെന്ററിന്റെ സംഗീതം കേട്ട് വളര്‍ന്ന ഞാനിതാ ഓസ്‌കറുമായി. എന്റെ മനസ്സില്‍ ഒരാഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഓരോ ഭാരതീയന്റെയും അഭിമാനമായി ആര്‍ ആര്‍ വിജയിക്കണം, അതെന്നെ ലോകത്തിന്റെ നെറുകയിലെത്തിക്കണം' എന്നായിരുന്നു കീരവാണി പറഞ്ഞത്.

എന്നാല്‍ കാര്‍പെന്റര്‍ എന്ന് കീരവാണി പറഞ്ഞത് ചില മാധ്യമങ്ങള്‍ തര്‍ജമ ചെയ്ത് ആശാരിമാര്‍ എന്നാക്കി, ചിലരാവട്ടെ ആശാരിമാരുടെ തട്ടും മുട്ടും കേട്ട് വളര്‍ന്ന കീരവാണി എന്നുവരെയാക്കി വാര്‍ത്ത് ചെയ്തു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇടയാക്കി. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കീരവാണി ഉദ്ധേശിച്ചത് പ്രമുഖ അമേരിക്കന്‍ ബാന്‍ഡായ കാര്‍പെന്ററിനെയായിരുന്നു. ഇതോടെയാണ് സാമൂഹ മാധ്യമങ്ങളില്‍ മുന്‍നിര മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവും പരിഹസാവും നിറഞ്ഞത്.

60 കളിലും 70 കളിലും ലോകമെമ്പാടുമുള്ള യുവാക്കളെ ഹരം കൊള്ളിച്ച ഒരു അമേരിക്കന്‍ വോക്കല്‍, ഇന്‍സ്ട്രുമെന്റല്‍ സംഗീത ബാന്‍ഡാണ് 'കാര്‍പെന്റേഴ്‌സ്' . സഹോദരങ്ങളായ കാരെനും റിച്ചാര്‍ഡും ഉള്‍പ്പെട്ടതായിരുന്നു ഈ ബാന്‍ഡ്. 14 വര്‍ഷത്തെ കരിയറില്‍, കാര്‍പെന്റേഴ്സ് 10 ആല്‍ബങ്ങളും നിരവധി സിംഗിള്‍സും നിരവധി ടെലിവിഷന്‍ സ്‌പെഷ്യലുകളും ചെയ്തിട്ടുണ്ട്. ഇതിനു പുറമേ 14 സ്റ്റുഡിയോ ആല്‍ബങ്ങളും രണ്ട് ക്രിസ്മസ് ആല്‍ബങ്ങളും, രണ്ട് ലൈവ് ആല്‍ബങ്ങളും, 49 സിംഗിള്‍സും, നിരവധി കോംപിലേഷന്‍ ആല്‍ബങ്ങളും കാര്‍പന്റേഴ്‌സ് സൃഷ്ടിച്ചിട്ടുണ്ട്.

1946-ല്‍ ജനിച്ച റിച്ചാര്‍ഡ് കാര്‍പെന്റര്‍ ആയിരുന്നു ബാന്‍ഡിലെ ഒരു അംഗം. പ്രഗത്ഭനായ കീബോര്‍ഡ് പ്ലെയറും, സംഗീത സംവിധായകനും, അറേഞ്ചറും കൂടിയായിരുന്നു അദ്ദേഹം. 1950-ല്‍ ജനിച്ച കാരെന്‍ മനോഹരമായ ശബ്ദം കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. ഒരു ഡ്രമ്മര്‍ കൂടിയായിരുന്നു റിച്ചാര്‍ഡിന്റെ സഹോദരി.1960 കളുടെ അവസാന പകുതിയിലാണ് ഇരുസഹോദരങ്ങളും ഒരുമിച്ച് സംഗീത ജീവിതം ആരംഭിച്ചത്.

1969 ഒക്ടോബറില്‍ കാര്‍പെന്റേഴ്‌സ് അവരുടെ ആദ്യ ആല്‍ബം 'ഓഫറിംഗ്' പുറത്തിറക്കി ( തലക്കെട്ട് പിന്നീട് 'ടിക്കറ്റ് ടു റൈഡ്' എന്നാക്കി മാറ്റി). ഒരു വര്‍ഷത്തിനുള്ളില്‍, അവര്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നു. 1970 കളുടെ ആദ്യ പകുതിയില്‍ വലിയ ഹിറ്റുകള്‍ സൃഷ്ടിച്ച കാര്‍പെന്റേഴ്‌സ് ലോകമെമ്പാടും വലിയ വാണിജ്യ വിജയം നേടി. 1970 കളില്‍ യുകെയിലെ ഔദ്യോഗിക റെക്കോര്‍ഡ് ചാര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഏഴാമത്തെ ആല്‍ബം ആര്‍ട്ടിസ്റ്റുകളായി ഇവര്‍ റാങ്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

ബില്‍ബോര്‍ഡ് റാങ്കിങ്ങിലെ ആദ്യ പത്തിലും ഇടം നേടിയിട്ടുണ്ട് കാര്‍പെന്റേഴ്‌സ്. 2005 ആയപ്പോഴേക്കും ലോകമെമ്പാടും അവരുടെ 100 ദശലക്ഷത്തിലധികം റെക്കോര്‍ഡുകള്‍ വിറ്റഴിക്കപ്പെട്ടു എന്ന് കരുതുന്നു. കുട്ടിക്കാലത്തേ പിയാനോ പാഠങ്ങള്‍ പഠിച്ചയാളാണ് റിച്ചാര്‍ഡ്. സഹോദരി കാരെന്‍ ഡ്രംസും പഠിച്ചിട്ടുണ്ട്. 1965-ലാണ് അവര്‍ ആദ്യമായി സഹകരിച്ചു പ്രവര്‍ത്തിച്ചത്. 1979-ല്‍ ക്വാലുഡ് എന്ന ന്യൂറോണ്‍ രോഗത്തെ തുടര്‍ന്ന് റിച്ചാര്‍ഡ് ഒരു വര്‍ഷം ബാന്‍ഡില്‍ നിന്ന് അവധി എടുത്തു.

ഇതേ സമയത്ത് കാരെന് അനോറെക്‌സിയ നെര്‍വോസ എന്ന രോഗം ബാധിച്ചു. ഭക്ഷണം കഴിക്കുന്നതിലെ പേടി മൂലമുള്ള പാകപ്പിഴകള്‍ മൂലം ശരീര ഭാരം കണ്ടമാനം കുറയുന്നതാണ് ലക്ഷണം. ഈ രോഗത്തിന്റെ സങ്കീര്‍ണതകളേ തുടര്‍ന്ന് ഹൃദയസ്തംഭനം മൂലം 1983-ല്‍ കാരെന്‍ മരിച്ചതോടെ ബാന്‍ഡിനും തിരശീല വീണു. എങ്കിലും അവരുടെ സംഗീതം തുടര്‍ന്നും നിരൂപക പ്രശംസയും വാണിജ്യ വിജയവും നേടിക്കൊണ്ടേയിരുന്നു. തങ്ങളുടെ ബാന്‍ഡ് കരിയറില്‍ മൂന്ന് ഗ്രാമി അവാര്‍ഡുകള്‍ നേടിയ ഇരുവരും സംഗീത ലോകത്തെ മറ്റ് നിരവധി അവാര്‍ഡുകളും നേടിയിട്ടുണ്ട്.