LogoLoginKerala

പുതുപ്പള്ളി മുതല്‍ തലസ്ഥാനം വരെ അതിവേഗം ബഹുദൂരം സഞ്ചരിച്ച ജനനായകന്‍; ഉമ്മന്‍ചാണ്ടിക്ക് വിട നല്‍കാനൊരുങ്ങി കേരളം

ജനത്തെ ഹൈക്കമാന്‍ഡാക്കിയ കോണ്‍ഗ്രസ് നേതാവിന് വിട. വിവാദങ്ങള്‍ നിറം കെടുത്തിയ അവസാന വര്‍ഷങ്ങള്‍, താന്‍ വ്യക്തിഹത്യ ചെയ്യപ്പെട്ടപ്പോഴും വ്യക്തിഹത്യയ്ക്ക് ഇറങ്ങിത്തിരിക്കാത്ത നേതാവ്
 
Oommen Chandy

ജനങ്ങളാണ് തന്റെ ഹൈക്കമാന്‍ഡെന്ന് തലയുയര്‍ത്തി ഉറക്കെ വിളിച്ചുപറഞ്ഞ നേതാവ്. ഏത് ജനസാഗരത്തിനിടയിലും ചുവടുകള്‍ പിന്നോട്ട് വെയ്ക്കാത്ത നേതാവ്. രാഷ്ട്രീയത്തെ രാഷ്ട്രീയമായും സൗഹൃദത്തെ സൗഹൃദമായും കാണാനുള്ള തിരിച്ചറിവ് എന്നും കൈവശമുണ്ടായിരുന്ന നേതാവ്. നേതാവ് എന്ന വാക്കിന് ജനം നല്‍കിയ പേരായിരുന്നു ഉമ്മന്‍ചാണ്ടി.

Oommen Chandy

അഞ്ച് പതിറ്റാണ്ടിലധികം ഒരു നിയോജകമണ്ഡലം ഒരു നേതാവിനെ തന്നെ തുടര്‍ച്ചയായി വിജയിപ്പിച്ചെങ്കില്‍ രാഷ്ട്രീയത്തെക്കാള്‍ ആ ജനത ഇഷ്ടപ്പെട്ടത് ആ വ്യക്തിയെ ആണെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പറയാം. ഉമ്മന്‍ചാണ്ടിയില്‍ നിന്ന് സംസ്ഥാന മുഖ്യമന്ത്രിപദം വരെയുള്ള ദൂരം അതുകൊണ്ട് തന്നെ അദ്ദേഹത്തിന് വലിയ ദൂരമെയല്ലായിരുന്നു. ജനസന്പര്‍ക്കപരിപാടി വെല്ലുവിളിയെ അല്ലായിരുന്നു. രണ്ടുതവണ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയിലൂടെ പതിനായിരങ്ങളുടെ കണ്ണീരാണ് ഉമ്മന്‍ ചാണ്ടിയെന്ന മുഖ്യമന്ത്രി തുടച്ചത്. 242 കോടി രൂപയുടെ ധനസഹായം മൂന്ന് വര്‍ഷം കൊണ്ട് ഈ ജനോപകാര പദ്ധതിയിലൂടെ നല്‍കി. 2013ല്‍ ഐക്യരാഷ്ട്രസംഘടനയുടെ പൊതുജനസേവനത്തിനുള്ള അവാര്‍ഡിന് ഉമ്മന്‍ ചാണ്ടിയെ അര്‍ഹനാക്കിയതും ഈ പരിപാടിയായിരുന്നു.

Oommen Chandy

മുഖ്യമന്ത്രിയായപ്പോഴും അല്ലാത്തപ്പോഴും പുതുപ്പള്ളിയിലെ വീട്ടില്‍ പരാതികള്‍ പറയാനും, ഉമ്മന്‍ചാണ്ടിയെ നേരില്‍ കണ്ട് വിഷമമറിയിക്കാനും മറ്റുമായി ജനക്കൂട്ടമായിരുന്നു തടിച്ചുകൂടിയത്. എത്ര തിരക്കിനിടയിലും സൗമ്യത തുളുന്പുന്ന ചെറുപുഞ്ചിരിയായിരുന്നു പുതുപ്പള്ളിക്കാര്‍ക്ക് തങ്ങളുടെ സ്വന്തം കുഞ്ഞുകുഞ്ഞില്‍ കാണാന്‍ കഴിഞ്ഞത്.

1970ല്‍ പുതുപ്പള്ളിയില്‍ നിന്നാണ് ആദ്യമായി ഉമ്മന്‍ചാണ്ടി നിയമസഭയിലേക്കെത്തുന്നത്. പിന്നീട് 1970, 77, 80, 82, 87, 91, 96, 2001, 2006, 2011, 2016 & 2021 വര്‍ഷങ്ങളിലും ചരിത്രം ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. 2004ലും, 2011ലും മുഖ്യമന്ത്രിപദം തേടിയെത്തിയപ്പോഴും തങ്ങളുടെ സ്വന്തം കുഞ്ഞുകുഞ്ഞിനെ അടുത്തടുത്ത്  തന്നെ കാണാനും കേള്‍ക്കാനും പുതുപ്പള്ളിക്കാര്‍ക്കും കേരള ജനതയ്ക്കും അവസരം ലഭിച്ചു. അധികാരത്തിന്റെ അഹങ്കാരം തലയ്ക്ക് മുകളില്‍ പറക്കുന്ന കാലത്ത് ഉമ്മന്‍ചാണ്ടി എന്ന ജനകീയ നേതാവ് എല്ലാവരില്‍ നിന്നും വ്യത്യസ്തനായി.

Oommen Chandy

മുഖ്യമന്ത്രിയായുള്ള കന്നിയങ്കത്തില്‍ വിവാദങ്ങള്‍ പലതും പൊട്ടിവീണെങ്കിലും, പുഞ്ചിരിച്ച് തള്ളാന്‍ ഉമ്മന്‍ചാണ്ടിയ്ക്കായി. പാമോലിനും, ടൈറ്റാനിയവും, ലോട്ടറിയും ഉള്‍പ്പെടെ എണ്ണിയാല്‍ തീരാത്ത വിവാദങ്ങളില്‍ അന്ന് പേര് വലിച്ചിഴയ്ക്കപ്പെട്ടപ്പോള്‍, ജനവിശ്വാസമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ കരുത്ത്. എന്നാല്‍ രണ്ടാം ടേമില്‍, അതായത് 2011ലെ മുഖ്യമന്ത്രി കസേര, വിവാദക്കസേരയായി മാറിയപ്പോള്‍ കുഞ്ഞുകുഞ്ഞ് അല്‍പം തളര്‍ന്നു. സോളാര്‍ തട്ടിപ്പിലെ ആരോപണങ്ങളും പ്രതിപക്ഷ സമരങ്ങളും അതിരുകടന്നപ്പോള്‍ സര്‍ക്കാര്‍ തന്നെ അട്ടിമറിക്കപ്പെടുമോ എന്ന സംശയം ഒരു ഘട്ടത്തിലുയര്‍ന്നു. തെളിവില്ലാതെ ഉയര്‍ന്ന ആരോപണങ്ങളായിരുന്നെങ്കില്‍ പോലും സ്വന്തം പ്രസ്ഥാനത്തില്‍ നിന്ന് പോലും പൂര്‍ണ്ണ പിന്തുണ ലഭിയ്ക്കാത്ത ചില ഘട്ടങ്ങളുണ്ടായി. പിന്നാലെ ബാര്‍ കോഴ കേസില്‍ മന്ത്രിസഭ കുലുങ്ങുക കൂടി ചെയ്തതോടെ അസ്വസ്ഥതകള്‍ ഉച്ചസ്ഥായിലായി. കാലാവധി തീരുന്നത് വരെ മന്ത്രിസഭയൊന്നടങ്കം വിവാദങ്ങളില്‍ മുങ്ങിയത് അദ്ദേഹത്തെ ചെറുതായെങ്കിലും തളര്‍ത്തി.

Oommen Chandy

പിണറായി മന്ത്രിസഭ അധികാരത്തിലേറ്റ ശേഷം രോഗാവസ്ഥ കാരണം രാഷ്ട്രീയ രംഗത്ത് അധികം സജീവമായിരുന്നില്ല ഉമ്മന്‍ചാണ്ടി. സര്‍ക്കാരിനെതിരായ സമരരംഗത്തും അസാന്നിധ്യം ശ്രദ്ധേയമായി. എങ്കിലും എതിരാളിയ്‌ക്കെതിരായ ഏത് വിവാദവും വ്യക്തിപരമായ വിമര്‍ശനങ്ങളിലേയ്ക്ക് കൊണ്ടുപോകാതെ നോക്കി അദ്ദേഹം. ഒടുവില്‍ കുറച്ച് മാസം മുന്‍പ് സോളാര്‍ കേസില്‍ ക്ലീന്‍ ചിറ്റ് കിട്ടിയത് രാഷ്ട്രീയ രംഗത്തേയ്ക്കുള്ള അദ്ദേഹത്തിന്റെ കറകളഞ്ഞ തിരിച്ചുവരവിന് വഴിയൊരുക്കിയെങ്കിലും, ശാരീരിക അസ്വസ്ഥതകളും ചികിത്സയും പിന്നോട്ട് വലിച്ചു.