LogoLoginKerala

കര്‍ണാടകയില്‍ ഐഎഎസുകാരിയുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വിട്ട് ഐപിഎസുകാരി ; വെളിപ്പെടുത്തലില്‍ ഞെട്ടി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍

 
ias ips war

ബെംഗ്ലൂരു : സമാനതകളില്ലാത്ത ഐഎഎസ് ഐപിഎസ് പോരിനാണ് കര്‍ണാടക കേഡര്‍ സാക്ഷ്യം വഹിക്കുന്നത്. ചീഫ് സെക്രട്ടറി റാങ്കില്‍ വരെയുണ്ടായിരുന്ന മുതിര്‍ന്ന മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് , ഐഎഎസ് ഓഫീസറായ രോഹിണി സിന്ദൂരി അയച്ച് കൊടുത്ത സ്വകാര്യ ചിത്രങ്ങളെന്ന് അവകാശപ്പെട്ടാണ് സ്വന്തം ഫെയ്‌സ്ബുക്ക് ഐഡിയിലൂടെ ഡി രൂപ ഐപിഎസ് പുറത്തുവിട്ടത്. അസിസ്റ്റന്റ് കളക്ടറായിരുന്നപ്പോഴും, 2021 ,2022 കാലഘട്ടത്തിലും രോഹിണി സിന്ദൂരി മുതിര്‍ന്ന പുരുഷ ഓഫീസര്‍മാര്‍ക്ക് ഈ ചിത്രങ്ങള്‍ അയച്ചു നല്കിയെന്ന് ഡി രൂപ ആരോപിച്ചു. അനധികൃതമായി രോഹിണി സിന്ദൂരി ഔദ്യോഗിക ജീവിതത്തില്‍ വലിയ നേട്ടങ്ങളുണ്ടാക്കിയെന്നും സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനമാണിതെന്നും ഡി രൂപ ഐപിഎസ് ചൂണ്ടികാട്ടി.

എന്നാല്‍ തന്റെ വാട്ട്‌സാപ്പ് സ്റ്റാറ്റസില്‍ താന്‍ തന്നെ പങ്കുവച്ച സ്വകാര്യ ചിത്രങ്ങള്‍ തെറ്റായ വ്യാഖ്യാനത്തോടെ ഡി രൂപ പ്രചരിപ്പിക്കുകയാണെന്ന് രോഹിണി സിന്ദൂരി പ്രതികരിച്ചു. സ്റ്റാറ്റസ് വീഡിയോ ആയി പങ്കുവച്ച ചിത്രങ്ങള്‍ എടുത്ത് ദുരുപയോഗം ചെയ്യുകയാണെന്നും ഇതിനെതിരെ കേസ് കൊടുക്കുമെന്നും രോഹിണി സിന്ദൂരി വ്യക്തമാക്കി. നേരത്തെ വി കെ ശശികലയ്ക്ക് പരപ്പന അഗ്രഹാര ജയിലില്‍ വിഐപി ട്രീറ്റ്‌മെന്റ് ലഭിക്കുന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ട് നല്‍കി വാര്‍ത്തകളില്‍ ഇടം നേടിയ ആളാണ് ഡി രൂപ.മൈസുരുവില്‍ ജെഡിഎസ് എംഎല്‍എയുടെ കെട്ടിടം കയ്യേറ്റമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയതിന്റെ  പേരില്‍ രോഹിണിക്ക് സ്ഥലം മാറ്റം നേരിടേണ്ടി വന്നിരുന്നു.കര്‍ണാടകയില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന രണ്ട് ഉദ്യോഗസ്ഥരാണ് സമൂഹമാധ്യമങ്ങളില്‍ പരസ്പരം പോരടിക്കുന്നത്. സംഭവം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഇടയില്‍ ഞെട്ടലായിരിക്കുകയാണ്. എന്നാല്‍ രണ്ട് ഉദോഗ്യസ്ഥരുടെയും വ്യക്തിപരമായ കാര്യങ്ങള്‍ മാത്രമാണിതെന്ന് കര്‍ണാടക മുഖ്യമന്ത്രി പ്രതികരിച്ചു. സംഭവത്തില്‍ ഇപ്പോള്‍ പരസ്യമായ അന്വേഷണം വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍