LogoLoginKerala

ചരിത്രപരമായ തീരുമാനവുമായി ഇന്ത്യയും യുഎഇയും; സാമ്പത്തിക ഇടപാടുകൾക്ക് ഇനി പ്രാദേശിക കറൻസി

ഇരുരാജ്യങ്ങളിലും രൂപയിലും ദിർഹത്തിലും സാമ്പത്തിക ഇടപാട് പൂർത്തിയാക്കാം; ഡോളറിനെ ആശ്രയിക്കുന്നതു കുറയ്ക്കുകയാണ് ലക്ഷ്യം
 
 
PM Modi Met UAE President

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനത്തിനിടെ ചരിത്രപരമായ കരാറിൽ ഒപ്പുവച്ച് ഇന്ത്യയും യുഎഇയും. ഉഭയകക്ഷി വ്യാപാരങ്ങളിൽ ഇന്ത്യൻ രൂപയും യുഎഇ ദിർഹവും വിനിമയത്തിനുപയോഗിക്കാമെന്ന് ഇരുരാജ്യങ്ങളും തീരുമാനത്തിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും സാന്നിദ്ധ്യത്തിൽ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസും യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലേജ് മുഹമ്മദ് ബലാമയും തമ്മിലാണ് ധാരണാപത്രം ഒപ്പുവച്ചത്. ഇതോടെ ഇരു രാജ്യങ്ങളിലെയും സെൻട്രൽ ബാങ്കുകൾക്ക് രൂപയിലും ദിർഹത്തിലും സാമ്പത്തിക ഇടപാട് പൂർത്തിയാക്കാം. വിദേശ രാജ്യങ്ങളുമായി നേരിട്ടുള്ള വ്യാപാര – വാണിജ്യ ഇടപാടുകളിൽ ഡോളറിനെ ആശ്രയിക്കുന്നതു കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കരാർ. 

ഏതു കറൻസിയിൽ വ്യാപാരം നടത്തണമെന്ന് വ്യാപാരിക്ക് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും കരാർ നൽകുന്നു. തുക കൈമാറുമ്പോൾ കറൻസി വിനിമയത്തിന് ഈടാക്കുന്ന നിരക്ക് പുതിയ കരാറിലൂടെ ഒഴിവായി. അതായത്, പണം ഡോളറിലേക്കു മാറ്റാതെ തന്നെ ഇനി സാമ്പത്തിക ഇടപാട് പൂർത്തിയാക്കാൻ കഴിയും.

ഇന്ത്യയുടെ യുപിഐയും (യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്) ഐപിപിയും  (യുഎഇ വികസിപ്പിക്കുന്ന ഇൻസ്റ്റന്റ്  പേയ്മെന്റ് പ്ലാറ്റ്ഫോം) തമ്മിൽ ബന്ധിപ്പിക്കാനും ധാരണയായി. ഇതോടെ ഇന്ത്യയിൽ യുപിഐ വഴി പണമയയ്ക്കുന്ന അതേ വേഗത്തിൽ യുഎഇയിലെ ബാങ്ക് അക്കൗണ്ടും ഫോൺ നമ്പറുമുള്ളവർക്കും പണം അയക്കാമെന്നതാണ് ​ഗുണം. ഇന്ത്യൻ കാർഡുകൾ യുഎഇയിൽ ഉപയോഗിക്കുമ്പോൾ മറ്റേതെങ്കിലും രാജ്യാന്തര സേവനദാതാവിന്റെ സഹായം ഇനി ആവശ്യം വരില്ല. ആർബിഐ വികസിപ്പിച്ച സ്ട്രക്ചറൽ ഫിനാൻഷ്യൽ മെസേജിങ് സംവിധാനം (എസ്എഫ്എംഎസ്) യുഎഇ സെൻട്രൽ ബാങ്കിനും പ്രയോജനപ്പെടുത്താം. യുഎഇയും ഇന്ത്യയും തമ്മിൽ ഡിജിറ്റൽ കറൻസി ഇടപാടും ഉടൻ യാഥാർത്ഥ്യമാകും. ആദ്യമായാണ് ഡിജിറ്റൽ കറൻസി രംഗത്ത് മറ്റൊരു രാജ്യവുമായി റിസർവ് ബാങ്ക് സഹകരണത്തിൽ ഏർപ്പെട്ടത്. ഇതോടെ രാജ്യാന്തര വ്യാപാരത്തിൽ ഡോളറിന്റെ ആവശ്യം കുറയുകയും രൂപ സ്ഥിരത നേടുകയും ചെയ്യുമെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. പുതിയ കരാറോടെ വാണിജ്യരം​ഗത്ത് ഇന്ത്യയും യുഎഇയും തമ്മിൽ പുതിയ വിപ്ലവകരമായ അധ്യായം സാധ്യമായിരിക്കുകയാണ്.