കടംവാങ്ങി ലോട്ടറിയെടുത്തു, ഭാഗ്യം തേടിയെത്തി.

മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ 11 ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ചേര്‍ന്നെടുത്ത ടിക്കറ്റിന് മൺസൂൺ ബംബർ ഒന്നാം സമ്മാനമായ പത്ത് കോടി രൂപ. പാലക്കാട് വച്ച് വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.50 രൂപയായിരുന്നു ടിക്കറ്റ് വില. ഹരിതകർമ്മസേനയിലെ വനിതകൾ പിരിവെടുത്താണ് ടിക്കറ്റ് വാങ്ങിയത്. 25 രൂപ കൈയ്യിൽ ഇല്ലാത്തതിനാൽ കടം വാങ്ങി വാങ്ങിയവരുമുണ്ടായിരുന്നു കൂട്ടത്തിൽ. ഒടുവിൽ ഭാഗ്യദേവത ഇവരെ തേടിയെത്തി.
'നിങ്ങള്‍ക്കാര്‍ക്കെങ്കിലും ലോട്ടറി ടിക്കറ്റ് എടുക്കണോ എന്ന് പ്രദേശത്ത് ജോലി ചെയ്യുന്ന സുഹൃത്ത് വന്ന് ചോദിച്ചു. എന്താ വില എന്ന് ചോദിച്ചപ്പോള്‍ 250 രൂപ അത്രയും തുകയ്ക്ക് എടുക്കാന്‍ പറ്റില്ല. 50 രൂപ വച്ച് പങ്കിട്ട് എടുക്കാമെന്ന് തീരുമാനിച്ചു. അപ്പോള്‍ പഴ്‌സ് നോക്കുമ്പോള്‍ 50-ഉം ഇല്ല കയ്യില്‍. അങ്ങിനെയാണ് 25 രൂപ വച്ച് എടുക്കാമെന്ന് തീരുമാനിക്കുന്നത്', ഭാഗ്യശാലികളിലൊരാളായ ഹരിതകർമ്മസേനാംഗം പാര്‍വതി വ്യക്തമാക്കി.
MB 200261 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം.മലപ്പുറത്തെ 11 വനിതകൾ ചേർന്ന് 10 കോടി പങ്കിടും. ടിക്കറ്റ് പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ പരപ്പനങ്ങാടി ശാഖയിൽ ഏൽപ്പിച്ചു. പാലക്കാട്ടെ എജന്‍സി കുറ്റിപ്പുറത്തെ വില്‍പനക്കാരന് കൈമാറിയ ടിക്കറ്റാണ് ഹരിതകർമ്മസേനാംഗങ്ങളെ തേടി ഭാഗ്യവുമായി എത്തിയത്.