വിടവാങ്ങുന്നത് സൗമ്യനായ ജനകീയ മുഖം
ജനങ്ങൾക്കിടയിലായിരുന്നു ഉമ്മൻചാണ്ടിയുടെ ജീവിതം. പുതുപ്പള്ളിയിലെ വീട് മുതൽ തിരുവനന്തപുരത്തെ എംഎൽഎ ഹോസ്റ്റലും ജഗതിയിലെ വസതിയും വരെ ആ ജനകൂട്ടം നീണ്ടു. ജനങ്ങൾക്ക് ഒപ്പം കൂഞ്ഞൂഞ്ഞിന്റെ ജീവതം അത്രമേൽ ഇഴുകിചേർന്നിരുന്നു. ആൾക്കൂട്ടമില്ലാത്ത നിമിഷം ഉമ്മൻ ചാണ്ടിക്ക് ഇല്ലായിരുന്നു. ഉമ്മൻചാണ്ടിയുടെ വ്യക്തിത്വവും പ്രവർത്തനശൈലിയും ഹൃദ്യമായത് സാധാരണക്കാരായ മനുഷ്യരുടെ മനസ്സിലാണ്.
ആരവങ്ങൾക്കിടയിലും തന്നിലേക്ക് എത്തിചേരുന്ന അപേക്ഷകൾ ഉമ്മൻചാണ്ടി തന്റെ തന്നെ വേദനയായി കണ്ടു. ഓരോ പരിഹാരങ്ങളും നിരവധി മനുഷ്യർക്ക് പുതുജന്മമായി. അധികാരത്തിന്റെ പ്രോട്ടോക്കോൾ മുഖ്യമന്ത്രിയായിരിക്കുമ്പോൾ പോലും ഉമ്മൻചാണ്ടിക്ക് തടസമായില്ല. തലക്കനമില്ലാതെ തലയെടുപ്പോടെ പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് ജനങ്ങൾക്കൊപ്പം നടന്നു. പുതുപ്പള്ളിയോട് തനിക്ക് ആസൂയ ആണെന്ന് ഒരിക്കൽ ഭാര്യ മറിയാമ്മ പറഞ്ഞത്, ഉമ്മൻചാണ്ടി എന്ന കോൺഗ്രസുകാരന്റെ ആത്മാർത്ഥയുടെ നേർസാക്ഷ്യമാണ്.
രാഷ്ട്രീയം ജനനന്മയ്ക്കും സംസ്ഥാനത്തിന്റെ വികസനത്തിനും ആവണമെന്നതായിരുന്നു ഉമ്മൻചാണ്ടിയുടെ നയം. KSU വിലൂടെയാണ് രാഷ്ട്രീയപ്രവേശനം. യൂത്ത് കോൺഗ്രസിന്റെ KSUവിന്റെയും സംസ്ഥാന പ്രസിഡന്റായി. 1970ൽ 27ആം വയസ്സിൽ എംഎൽഎ. കോൺഗ്രസിന് ഒട്ടും ജയസാദ്ധ്യതയില്ലെന്ന് കരുതിയ പുതുപ്പള്ളി മണ്ഡലത്തിൽ സിപിഎമ്മിന്റെ സിറ്റിങ്ങ് എംഎൽഎ ഇ.എ ജോർജിനെ പരാജയപ്പെടുത്തി അട്ടിമറി വിജയം.
രണ്ടാമൂഴത്തിൽ കെ കരണാകരൻ മന്ത്രിസഭയിൽ തൊഴിൽമന്ത്രിയായി. തൊഴിൽ രഹിതരായ യുവതയ്ക്ക് തൊഴിലില്ലായ്മാ വേതനം ആദ്യമായി ഏർപ്പെടുത്തിയത് ഉമ്മൻചാണ്ടിയാണ്. ആഭ്യന്തരമന്ത്രിയായിരിക്കെയാണ് കാക്കി നിക്കറിൽ നിന്ന് പാന്റ്സാക്കി പൊലീസ് യൂണിഫോമിൽ സമൂലമാറ്റം വരുത്തിയത്. ധനകാര്യമന്ത്രിയായിരിക്കുമ്പോൾ ജനകീയ ധന മാനേജ്മെന്റ് എന്ന ആശയത്തിലൂന്നിയാണ് തന്റെ ഓരോ ബഡ്‌ജറ്റുകളും അവതരിപ്പിച്ചത്. 2004ൽ എ.കെ ആന്റണി രാജിവച്ചതിന് പിന്നാലെ മുഖ്യമന്ത്രിയായി ഉമ്മൻചാണ്ടി. കേൾവിശക്തിയില്ലാത്ത പാവപ്പെട്ട കുട്ടികൾക്ക് കോക്ളിയർ ഇംപ്ളാന്റേഷൻ സൗജന്യമായി നടത്താനുള്ള പദ്ധതി, നിർദ്ധനരായ രോഗികൾക്ക് വലിയ ആശ്വാസമായി മാറിയ കാരുണ്യ പദ്ധതിയും ഉമ്മൻചാണ്ടി സർക്കാരിന്റെ സംഭാനയാണ്. അമ്പതാണ്ടുകളിലേറെക്കാലം കോൺഗ്രസിനെ അടയാളപ്പെടുത്തിയ രാഷ്ട്രീയ ധാര. കോൺഗ്രസ് രാഷ്ട്രീയത്തിന്റെ അര നൂറ്റാണ്ടു കാലത്തെ ചരിത്രത്തിന്റെ ഗതിവിഗതികൾ നിയന്ത്രിക്കുന്ന കാര്യത്തിൽ എന്നും ഉമ്മൻചാണ്ടി നിർണായകമായി.
ട്രെയിനിലോ ബസിലോ നടന്നോ ഉമ്മൻചാണ്ടി ജനങ്ങൾക്കൊപ്പം അവരിൽ ഒരാളായി സഞ്ചരിച്ചു. രോഗാതുരനായ ഘട്ടത്തിൽപ്പോലും ഏറ്റെടുത്ത കടമകൾ പൂർത്തീകരിക്കുന്നതിൽ വ്യാപൃതനായി. കേരളത്തിന്റെ പൊതുമണ്ഡലത്തിൽ പൊതുസേവനത്തോടുള്ള ആത്മാർത്ഥയുടെ നികത്താനാകാത്ത വിടവ് ബാക്കിയാക്കിയാണ് പ്രിയനേതാവിന്റെ മടക്കം.