LogoLoginKerala

പിണറായിക്ക് വര്‍ഗീയ പാര്‍ട്ടി, എം വി ഗോവിന്ദന് മൃദുസമീപനം. ലീഗിനെ എല്‍.ഡി.എഫിലേക്കടുപ്പിക്കാന്‍ സിപിഎം നടത്തുന്ന ശ്രമമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍. ലീഗ് പോകാതിരിക്കാന്‍ കോണ്‍ഗ്രസിന്റെ അടവ് നയം !

 
mv ml

യുഡിഎഫിലെ പ്രബല പാര്‍ട്ടി ആയ മുസ്ലിം ലീഗിനോട് മൃദുസമീപനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തന്നെ രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്. എം വി ഗോവിന്ദന്റെ പ്രസ്താവന വലിയ രാഷ്ട്രീയ ചര്‍ച്ചയ്ക്കുള്ള വാതിലാണ് തുറന്നിട്ടിരിക്കുന്നത്.

സ്വന്തം പ്രതിനിധി 

യുഡിഎഫിലെ പ്രബല പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. കോണ്‍ഗ്രസിന് യുഡിഎഫിനകത്ത് ഒരു തീരുമാനം എടുക്കണമെങ്കില്‍ ലീഗിന്റെ പിന്തുണ കൂടിയെ മതിയാകു. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നേതൃത്വവുമായി ലീഗ് അത്ര രസത്തിലല്ല. ആര്‍ എസ് എസിനെ പ്രകീര്‍ത്തിച്ച് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ നടത്തിയ പല പ്രസ്താവനകളോടും ലീഗ് നേതൃത്വം അല്‍പം വൈകിയാണെങ്കിലും പരസ്യമായി തന്ന വിയോജിപ്പ് അറിയിച്ചിരുന്നു. ഇതൊക്കെ തന്നെയാണ് ഇവര്‍ക്കിടയിലെ ചെറിയ അകല്‍ച്ചയ്ക്ക് കാരണവും. അതിനിടിയില്‍ ശശി തരൂര്‍ പാണക്കാടെത്തി ലീഗ് നേതൃത്വവുമായി ചര്‍ച്ച നടത്തിയതും കോണ്‍ഗ്രസ് നേതൃത്വത്തിലെ ചിലര്‍ക്ക് ലീഗുമായി ഒരു സൗന്ദര്യ പിണക്കം ഉണ്ടാക്കാന്‍ കാരണവുമായി. 

ഇതിനിടലിക്കാണ് എം വി ഗോവിന്ദന്‍ ലീഗിന് ഒരു പാലം ഇട്ടു കൊടുക്കുന്നത്. കോണ്‍ഗ്രസുമായി അല്‍പ സ്വല്‍പ സൗന്ദര്യ പിണക്കത്തിലുള്ള ലീഗിനെ പരസ്യമായിട്ടല്ലെങ്കിലും രഹസ്യമായി എല്‍ ഡി എഫിലേക്ക് സ്വാഗതം ചെയ്യുന്നതാണ് എം വി ഗോവിന്ദന്റെ പ്രസ്താവന. ഇതാണ് ഇപ്പോള്‍ വലിയ ചര്‍ച്ച ആയിരിക്കുന്നത്.

നേരത്തെ ലീഗ് വര്‍ഗീയ പാര്‍ട്ടി ആണെന്ന നിലപാടിലായിരുന്നു സിപിഎം. മുന്‍പ് പാര്‍ട്ടി സെക്രട്ടറിയും പിന്നീട് മുഖ്യമന്ത്രിയുമായ പിണറായി ഇത് പരസ്യമായി പല തവണ വ്യക്തമാക്കിയിട്ടുള്ളതും ആണ്. ഇതേ നിലപാടാണ് സിപിഎം ഇതുവരെയും കൈകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ആ നിലപാട് തിരുത്താന്‍ സിപിഎം തീരുമാനിച്ചതിന് പിന്നില്‍ ലീഗിന് എല്‍ഡിഎഫിലേക്കുള്ള പച്ചക്കൊടി തന്നെ. ലീഗ് ഇടതുപക്ഷത്തെക്ക് വരികയാണെങ്കില്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അത് വലിയ ഗുണം ചെയ്യും. മാത്രമല്ല യുഡിഎഫ് ദുര്‍ബലമാവുകയും ചെയ്യും. 

എന്നാല്‍ ഗോവിന്ദന്‍ മാഷിന്റെ പ്രസ്താവനയോട് ലീഗും കോണ്‍ഗ്രസും വളരെ കരുതലോടെയാണ് പ്രതികരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സിപിഎമ്മിന്റെ ആഗ്രഹം നടക്കില്ല എന്ന് പറയുമ്പോഴും ലീഗുമായുള്ള പിണക്കത്തെക്കുറിച്ച് മൗനം മാത്രമാണ്. സമീപകാലത്ത് സര്‍ക്കാറിന്റെ ചില പദ്ധതികളോട് ലീഗിനുണ്ടായ സമീപനവും കോണ്‍ഗ്രസിന്റെ ചങ്കിടിപ്പിക്കുന്നുണ്ട്. എന്തായാലും വരും ദിവസങ്ങളിലും ചൂടേറിയ ചര്‍ച്ചകള്‍ക്ക് ഇത് കാരണമാകും എന്നതില്‍ ഒരു സംശയവും ഇല്ല.