പോളണ്ടിലേക്ക് വിസ വാഗ്ദാനം നല്‍കി തട്ടിയത് അഞ്ച് ലക്ഷം; കളമശ്ശേരിയിലെ തട്ടിപ്പ് കമ്പനിക്കെതിരെ പരാതി എത്തിയതോടെ പ്രതിയെ സംരക്ഷിക്കുന്ന നിലപാടില്‍ പൊലീസും
എം.എസ്. ശംഭു
കൊച്ചി: പോളണ്ടിലേക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് അഞ്ച് ലക്ഷം രൂപ തട്ടിയ പ്രതിക്കെതിരെ പരാതിപ്പെട്ട പരാതിക്കാരിയേ പൊലീസ് ആക്ഷേപിച്ചതായി പരാതി. കളമശ്ശേരി പൊലീസിനെതിരെയാണ് തിരുവല്ല സ്വദേശികളായ കുടുംബം രംഗത്തെത്തിയിരിക്കുന്നത്. കളമശ്ശേരി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജോസ് കണ്‍സള്‍ട്ടന്‍സി എന്ന കമ്പനിയാണ് പോളണ്ടിലേക്ക് ജോലി വിസ വാഗ്ദാനം ചെയ്ത് തിരുവല്ല സ്വദേശികളായ സഹോദരങ്ങളില്‍ നിന്ന് അഞ്ച് ലക്ഷം രൂപയിലധികം തട്ടിയെടുത്തത്. കബളിപ്പിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞതോടെ ജോസ് കണ്‍സള്‍ട്ടന്‍സിയിലെത്തി പരാതി പറഞ്ഞു.
പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടതായും പരാതിക്കാരായ ക്രിസ്റ്റി ജോസഫ്, ദിവ്യ ബിനോയി, ഡേവിഡ് ജോസഫ് എന്നിവര്‍ ആരപിക്കുന്നു. എന്നാല്‍ പരാതി സ്വീകരിച്ചിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് പകരം പരാതിക്കാരോട് കളമശ്ശേരി പൊലീസ് തട്ടിക്കയറുകയായിരുന്നു എന്നാണ് ആരോപണം ഉയരുന്നത്. പരാതിക്കാരനായ ക്രിസ്റ്റിയുടെ ഭാര്യ ആരോപണം ലോഗിന്‍ കേരളയോടും പങ്കുവച്ചിരുന്നു.
സുഹൃത്ത് വഴിയാണ് കളമശ്ശേരിയിലെ തൊഴില്‍ കള്‍സള്‍ട്ടന്‍സി സ്ഥാപനത്തെക്കുറിച്ച് അറിയുന്നത്. ബന്ധുക്കളായ മൂന്ന് പേരില്‍ നിന്നായി അഞ്ച് ലക്ഷത്തിലധികം രൂപ സ്ഥാപനം കൈപറ്റുകയും ചെയ്തു. എന്നാല്‍ ബിസിനസ് വിസ നല്‍കി സഹോദരങ്ങളില്‍ ഒരാളായ ഡേവിഡിനെ കബളിപ്പിച്ചതോടെയാണ് തട്ടിപ്പ് മനസിലായത്. പിന്നീട് പല തവണ കളമശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക്
പ്രതിയായ ജോസിനെ വിളിച്ച് വരുത്തിയെങ്കിലും കേസെടുക്കാതെ വിടുകയായിരുന്നു എന്നാണ് ആരോപണം. സംഭവത്തില്‍ പൊലീസ് അനാസ്ഥയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തുകയാണ് കുടുംബം.