LogoLoginKerala

ഏഷ്യയിലെ ഏറ്റവും വലിയ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ഇവിടെയാണ്

 
chithirapuram chc
കാഴ്ചയില്‍ സ്വകാര്യ ആശുപത്രിയെന്ന് തോന്നുന്ന ഈ സര്‍ക്കാര്‍ ആതുരലയം സേവനകാര്യത്തിലും സ്വകാര്യ ആശുപത്രികളോട് കിടപിടിക്കും. ദേവികുളം മണ്ഡലത്തിലെ ഡസണ്‍ കണക്കിന് പഞ്ചായത്തുകള്‍ക്ക് കീഴിലുള്ള പി എച്ച് സി കള്‍ ചിത്തിരപുരം സി എച്ച് സി യുടെ കീഴിലുണ്ട്.
 

ഏഷ്യയിലെ തന്നെ ഏറ്റവും വിസ്തൃതമായ അധികാര പരിധിയിലുള്ള സാമൂഹിക ആരോഗ്യ കേന്ദ്രം ഇടുക്കി ജില്ലയിലെ ദേവികുളം മണ്ഡലത്തിലുള്ള ചിത്തിരപുരത്താണ്. ഗോത്ര വര്‍ഗ പഞ്ചായത്തായ ഇടമലക്കൂടി ഉള്‍പ്പെടെയുള്ള ഡസന്‍ കണക്കായുള്ള പഞ്ചായത്തുകള്‍ക്ക് കീഴിലെ പി എച്ച് സി കള്‍ ചിത്തിരപുരം സി എച്ച് സി യുടെ കീഴിലുണ്ട്. ആരോഗ്യരംഗത്ത് കേരളം കൈവരിച്ച പുരോഗതി ഗോത്രവര്‍ഗ മേഖലകളില്‍ വരെ ഏറ്റവും ഫലപ്രദമായി എത്തിയിരിക്കുന്നുവെന്നതിനുള്ള തെളിവാണ് ചിത്തിരപുരം സി എച്ച് സി. 
കാഴ്ചയില്‍ സ്വകാര്യ ആശുപത്രിയെന്ന് തോന്നുന്ന ഈ സര്‍ക്കാര്‍ ആതുരലയം സേവനകാര്യത്തിലും സ്വകാര്യ ആശുപത്രികളോട് കിടപിടിക്കും. കോവിഡ് മഹാമാരിയുടെ കാലത്ത് വലിയൊരു പ്രദേശത്തിന്റെ ആശ്രയ കേന്ദ്രമായിരുന്നു ചിത്തിരപുരം പി എച്ച് സി. 140 നിയോജക മണ്ഡലങ്ങളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ ദേവികുളത്ത് ഈ സജ്ജീകരണം ഒരുങ്ങിയത് ചിത്തിരപുരം സി എച്ച് സിയിലായിരുന്നു. ഒരു കോടിയിലധികം രൂപ ചെലവഴിച്ചാണ് ഇവിടെ ഐസൊലേഷന്‍ കേന്ദ്രം നിര്‍മിച്ചത്. പ്രധാന കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രവും ചിത്തിരപുരം പി എച്ച് സിയായിരുന്നു. 
ഏക്കര്‍ കണക്കിന് സ്ഥലത്ത് വിവിധയിനം പച്ചക്കറികള്‍ കൃഷി ചെയ്തു ജില്ലയിലെയും സംസ്ഥാനത്തെയും പച്ചക്കറി ഉത്പാദിപ്പിക്കുന്ന ഏറ്റവും നല്ല സര്‍ക്കാര്‍ സ്ഥാപനത്തിനുള്ള അംഗീകാരം നേടിയിട്ടുണ്ട് ചിത്തിരപുരം പി എച്ച് സി.
പഴയ തലമുറയില്‍ പെട്ട ഡോക്ടമാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ഇവിടെ തുടക്കം കുറിച്ച ശുചിത്വ പദ്ധതികളും മികച്ച സേവനവും ഏറ്റവും നല്ല രോഗീപരിചരണവുമെല്ലാം ഈ സ്ഥാപനത്തെ ഏറ്റവും മികച്ച സര്‍ക്കാര്‍ സ്ഥാപനമാക്കുന്നതില്‍ പങ്കുവഹിച്ചു. സേവന സന്നദ്ധതയുടെയും ആത്മാര്‍പ്പണത്തിന്റെയും പാരമ്പര്യം അതേനിലയില്‍ പരിപാലിച്ചു കൊണ്ടു പോകുന്നതില്‍ പുതു തലമുറക്കാര്‍ പുലര്‍ത്തുന്ന കരുതലാണ്  ഈ സ്ഥാപനം സ്വകാര്യ ആശുപത്രികളെ വെല്ലുന്ന രാജ്യത്തെയും വന്‍കരയിലെ തന്നെയും ബൃഹത്തായ പൊതുജനാരോഗ്യ കേന്ദ്രമായി നിലനില്‍ക്കാന്‍ കാരണം. 
ശ്രീ ചിത്തിരതിരുന്നാള്‍ മഹാരാജാവിന്റെ പേരില്‍ അറിയപ്പെടുന്ന ചെറിയ ഗ്രാമപ്രദേശമാണ് മൂന്നാറിന് സമീപത്തായുള്ള ചിത്തിരപുരം. സ്‌കൂള്‍, പോസ്റ്റാഫിസ്, കെ എസ് ഇ ബി ഇലക്ട്രിക്കല്‍ സെക്ഷന്‍, എന്നിവയൊക്കെ ചിത്തിരയുടെ പേരില്‍ ഇന്നാട്ടിലുണ്ട്.