മറുനാടന്‍ ഷാജന്റെ ഒരു കള്ളം കൂടി പൊളിഞ്ഞു; പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കേന്ദ്ര അംഗീകാരം
മറുനാടന്‍ മലയാളി എന്ന യൂറ്റിയൂബ് ചാനല്‍ വഴി ഷാജന്‍ സ്‌കറിയ നടത്തിയിരുന്ന നുണപ്രചരണത്തിലെ ഒരു കെട്ടുകഥകൂടി പൊളിഞ്ഞു വീഴുകയാണ്. നികുതി കൃത്യമായി അടക്കാറില്ലെന്നും ഇതിന്റെ ഭാഗമായി നടന്‍ പൃഥ്വിരാജിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പും എന്‍ഫോഴ്സുമെന്റും നടത്തിയ പരിശോധനയെ തുടര്‍ന്ന് പൃഥ്വിരാജ് 25 കോടി പിഴയടച്ചുവെന്ന് കാട്ടി 2023 മേയ് മാസത്തില്‍ മറുനാടന്‍ മലയാളി ചില ലേഖനങ്ങളിലൂടെയും വീഡിയോകളിലൂടെയും പ്രസിദ്ധീകരിച്ചിരുന്നു.
വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും പൃഥ്വിരാജ് പ്രസ്താവനയിറക്കിയെങ്കിലും നടന്‍ പിഴ അടച്ചുവെന്ന് പോര്‍ട്ടല്‍ വീണ്ടും വാര്‍ത്ത നല്‍കി. തുടര്‍ന്ന് പൃഥ്വിരാജ് കോടതിയെ സമീപിക്കുകയുമുണ്ടായി. നടന്‍ പൃഥ്വിരാജിനെതിരെ അപകീര്‍ത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിന് 'മറുനാടന്‍ മലയാളി'ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മറുനാടന്‍ നടനും സംവിധായകനുമായ പൃഥ്വിരാജിനെതിരെ പടച്ചുവിട്ടത് തീര്‍ത്തും തെറ്റായ ആരോപണങ്ങളാണെന്ന് പകല്‍പോലെ വ്യക്തമായിരിക്കുകയാണ്.
ജിഎസ്ടി നികുതികള്‍ കൃത്യമായി ഫയല്‍ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്ിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം ലഭിച്ചതോടെയാണ് ഷാജന്‍ സ്‌കറിയയുടെ നുണക്കൊട്ടാരം തകര്‍ന്നുവീണത്. എല്ലാ നികുതികളും കൃത്യമായി ഫയല്‍ ചെയ്തതിനാണ് പുതിയ അംഗീകാരം തേടിയെത്തിയത്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് നല്‍കിയ സര്‍ട്ടിഫിക്കറ്റ് ആണ് നിര്‍മാണക്കമ്പനിക്കു ലഭിച്ചത്. 202223 സാമ്പത്തിക വര്‍ഷത്തിലെ നികുതി അടവുമായി ബന്ധപ്പെട്ടാണ് ഈ അംഗീകാരം.
2019 ല്‍ പുറത്തിങ്ങിയ 'നയന്‍' എന്ന ചിത്രമാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രം. നിര്‍മാണ രംഗത്തു മാത്രമല്ല വിതരണ രംഗത്തും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സജീവമാണ്. രജനികാന്തിന്റെ 'പേട്ട'യാണ് ആദ്യമായി വിതരണത്തിനെടുക്കുന്ന ചിത്രം. പിന്നീട് മാസ്റ്റര്‍, കെജിഎഫ് 2, കാന്താര, 777 ചാര്‍ലി തുടങ്ങിയ ചിത്രങ്ങളും ഇവര്‍ കേരളത്തിലെത്തിച്ചു. ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസുമായി ചേര്‍ന്നും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ചിത്രങ്ങള്‍ നിര്‍മിക്കുന്നുണ്ട്. ഈ രണ്ട് കമ്പനിയും കൈകോര്‍ത്ത ആദ്യ ചിത്രമായിരുന്നു ഡ്രൈവിങ് ലൈസന്‍സ്.
അതേസമയം, കഴിഞ്ഞ ഡിസംബറില്‍ പ്രമുഖ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും വീടുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടന്നിരുന്നു.ചെന്നൈയില്‍ നിന്നെത്തിയ 400ഓളം ഉദ്യോഗസ്ഥരാണ് വിവിധ സ്ഥലങ്ങളില്‍ ഒരേ സമയത്ത് പരിശോധന നടത്തിയത്. അന്ന് നടത്തിയ റെയ്ഡില്‍ 225 കോടിയുടെ കള്ളപ്പണം കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. വിവിധ താരങ്ങള്‍ വിദേശത്ത് സ്വത്തുക്കള്‍ വാങ്ങിയതിലും ക്രമക്കേട് തിരിച്ചറിഞ്ഞിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് , ലിസ്റ്റിന്‍ സ്റ്റീഫന്‍, ആന്റോ ജോസഫ്, ആന്റണി പെരുമ്പാവൂര്‍ തുടങ്ങി മലയാള സിനിമാ മേഖലയില്‍ നിര്‍മാണ രംഗത്ത് സജീവമായവരുടെ സാമ്പത്തിക ഇടപാടുകളിലും നിര്‍മാണ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുമായിരുന്നു പരിശോധന നടന്നത്.
സിനിമ പുറത്തിറങ്ങി ആഴ്ചകള്‍കൊണ്ട് വരുമാനം 50 കോടിയും 70 കോടിയും കഴിഞ്ഞെന്ന കാര്യം നിര്‍മ്മാതാക്കള്‍ തന്നെ സോഷ്യല്‍ മീഡിയ വഴി വെളിപ്പെടുത്തുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന. ചില താരങ്ങള്‍ വിദേശത്ത് കേന്ദ്രീകരിച്ച് പല നിക്ഷേപങ്ങള്‍ നടത്തുന്നുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ചിലരുടെ വിദേശ ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചിട്ടുണ്ട്. ഇതേതുടര്‍ന്നായിരുന്നു നടന്‍ പൃഥ്വിരാജിന്റെ പേരില്‍ മറുനാടന്‍ മലയാളി എന്ന യുട്യൂബ് ചാനല്‍ വഴി വ്യാജപ്രചരണം വന്നത്. ഇതിനെതിരെ താരം ശക്തമായി പ്രതികരിച്ചതോടെയാണ് ഷാജന്‍ കുരുക്കിലായത്. ഏതായാലും ഇതോടെ താരത്തിന്റെ ഭാഗത്തുള്ള ന്യായം തെളിഞ്ഞിരിക്കുകയാണ്.