LogoLoginKerala

കൂടെ വരാം പക്ഷെ കണ്ടീഷന്‍സ് ഉണ്ട്! ഉപാധികള്‍ വച്ച് തിപ്ര മോത; ആ ആവശ്യമൊഴികെ ഏതും അംഗീകരിക്കാമെന്ന് ബിജെപി

 
bjp tipra

ത്രിപുരയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ് പാര്‍ട്ടികള്‍. സംസ്ഥാനത്ത് കിംഗ്മേക്കറായ പ്രദ്യോത് ദേബര്‍മ്മയുടെ തിപ്ര മോതയെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങള്‍ ബി ജെ പിയും ഇടത് സഖ്യവും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഫലസൂചനകള്‍ പ്രകാരം സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടമാണ് പാര്‍ട്ടികള്‍ കാഴ്ച വെച്ചിരിക്കുന്നത്. നിലവില്‍ ബി ജെ പി സഖ്യത്തിന് 29 സീറ്റില്‍ ആണ് ലീഡ് ലഭിച്ചിരിക്കുന്നത്.

ത്രിപുരയില്‍ ഇനി കിംഗ് മേക്കറാകുക തിപ്രമോതയാണ്. ഇരു പക്ഷത്തിനും കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ തിപ്രമോതയുടെ പിന്തുണയാകും സംസ്ഥാനത്ത് നിര്‍ണായകമാകുക. ഒരു പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കാതെ ഒറ്റയ്ക്ക് തിപ്രമോത മത്സരിച്ചത് 42 സീറ്റുകളിലാണ്. തദ്ദേശീയ സമുദായങ്ങള്‍ക്കായി ഗ്രേറ്റര്‍ ടിപ്രലാന്‍ഡ് എന്ന പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യത്തെ ഒരു പാര്‍ട്ടിയും പിന്തുണയ്ക്കാതിരുന്നതോടെയാണ് ഒറ്റയ്ക്കുള്ള പോരാട്ടത്തിന് തിപ്രമോത മുന്നോട്ടിറങ്ങിയത്. അതേസമയം ആരുമായും സഖ്യമാകാമെന്നും പക്ഷെ ചിലകണ്ടീഷന്‍സ് ഉണ്ടെന്നും തിപ്ര മോത പറഞ്ഞു.

ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ സഖ്യത്തിനുള്ളു എന്നാണ് തിപ്ര മോദ പറയുനനത്. തങ്ങള്‍ക്ക് ലഭിക്കുന്ന ഉറപ്പുകള്‍ എഴുതി നല്‍കണമെന്നാണ് തിപ്ര മോതയുടെ ഉപാധി. അതേസമയം, തിപ്ര മോതയെ കൂടെകൂട്ടാന്‍ നീക്കം ഊര്‍ജിതമാക്കിയിരിക്കുകയാണ് സിപിഐഎം-കോണ്‍ഗ്രസ് സഖ്യം. തിപ്ര മോത നേതാവ് പ്രദ്യുത് ദേബ് ബര്‍മന്‍ ഇന്ന് വൈകീട്ട് ആറിന് മാധ്യമങ്ങളെ കാണും.

പാര്‍ട്ടി അധ്യക്ഷന്‍ ദേബ് ബര്‍മ പോലും മത്സരിക്കാനിറങ്ങിയിരുന്നില്ല.നിലവിലെ രാഷ്ട്രീയ വ്യവസ്ഥിതിയെ മാറ്റാന്‍ സുതാര്യതയില്‍ വിശ്വസിക്കുന്ന ഒരു ചെറിയ പാര്‍ട്ടി മാത്രമാണെന്നാണ് തിപ്ര മോതയെ കുറിച്ച് പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞത്. 2019 ഫെബ്രുവരി 25 ന് ത്രിപുര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി മാണിക്യ ദേബ് ബര്‍മയെ നിയമിച്ചെങ്കിലും അഴിമതിക്കാര്‍ക്കുവേണ്ടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തന്നില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് ആരോപിച്ച് ഏതാനും മാസങ്ങള്‍ക്കുള്ളില്‍തന്നെ ദേബ് ബര്‍മ രാജിവയ്ക്കുകയുണ്ടായി. പിന്നാലെ മൂന്ന് മാസങ്ങള്‍ക്ക് ശേഷമായിരുന്നു പുതിയ സംഘടനയ്ക്ക് ദേബ് ബര്‍മ പിറവികൊടുത്തത്.

2021 ഫെബ്രുവരി 5ന് തന്റെ സംഘടനയെ രാഷ്ട്രീയ പാര്‍ട്ടിയായി പ്രഖ്യാപിച്ചെന്നും 2021ലെ ത്രിപുര ട്രൈബല്‍ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ദേബ് ബര്‍മ പ്രഖ്യാപിച്ചു. തുടര്‍ന്ന് ഐഎന്‍പിടി , ടിഎസ്പി , ഐപിഎഫ്ടി എന്നിവ 2021ല്‍ തിപ്ര പാര്‍ട്ടിയില്‍ ലയിച്ചു.

അങ്ങനെ പിന്നീടുവന്ന ട്രൈബല്‍ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ 16 സീറ്റുകള്‍ തിപ്ര മോത നേടി. സഖ്യകക്ഷിയായ ഐഎന്‍പിടി 2 സീറ്റുകളും നേടി. അങ്ങനെ 15 വര്‍ഷത്തെ ഇടതുപക്ഷ ഭരണം കൗണ്‍സിലില്‍ അവസാനിച്ചു. മാത്രമല്ല, ഒരു ദേശീയ പാര്‍ട്ടിയുമായും സഖ്യമില്ലാതെ കൗണ്‍സിലില്‍ അധികാരം നിലനിര്‍ത്തിയ ഏക പ്രാദേശിക പാര്‍ട്ടിയായി തിപ്ര മാറി.

അതേസമയം തിപ്ര മോതയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറെന്ന് ബിജെപി വാക്താവ് അറിയിച്ചിട്ടുണ്ട്. ഗ്രേറ്റര്‍ തിപ്രാലാന്‍ഡ് ഒഴികെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുമെന്നാണ് ബിജെപി വക്താവ് അറിയിച്ചത്.