ആറാം കിരീടത്തിനായി ബ്രസീല്‍, പോരാട്ടത്തിനൊരുങ്ങി പറങ്കിപ്പട..രാജാക്കന്മാര്‍ ഇന്നിറങ്ങും
ആതിര പി കെ
ലോകകപ്പ് യുദ്ധത്തില്‍ രാജാവ് ഒരാളല്ല. കാല്‍പ്പന്ത്‌കൊണ്ട് വിസ്മയങ്ങള്‍ തീര്‍ത്ത രാജാക്കന്മാരുടെ കൂട്ടമാണ് ഓരോ ലോകകപ്പ് ടീമുകളും. എന്നാല്‍ രാജാക്കന്മാര്‍ എത്രതന്നെ ഉണ്ടായാലും ജനങ്ങള്‍ നെഞ്ചോട് ചേര്‍ത്തുവച്ച ചില നായകന്മാരുണ്ട്. അവരുടെ ടീമുകളുണ്ട്. മെസ്സിയുടെ അര്‍ജന്റീനയും, നെയ്മറിന്റെ ബ്രസീലും, റൊണാള്‍ഡോയുടെ പോര്‍ച്ചുഗലുമൊക്കെതന്നെ കാലമെത്ര കടന്നുപോയാലും ആരാധകരില്‍ ആവേശം നിറക്കുന്ന വികാരമാണ്. എന്നാല്‍ ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് പരാജയം നുണയേണ്ടിവന്നു. അതുകൊണ്ടുതന്നെ ഇനി ലോകം ഉറ്റുനോക്കുന്നത് മറ്റ് രണ്ട് നായകരിലേക്കാണ്. സെര്‍ബിയയെ നേരിടാന്‍ ബ്രസീലും, ഘാനയെ നേരിടാന്‍ പോര്‍ചുഗലും ഇന്നിറങ്ങുമ്പോള്‍ ആവേശം കൊടുമുടിയിലാണ്. ഒപ്പം സമ്മര്‍ദ്ദങ്ങളും.
കൗമാരവും കളിമികവും മൈതാനം വാഴുന്ന സമീപകാല ബ്രസീല്‍ ചരിത്രത്തിലെ മികച്ച ടീമുകളിലൊന്നുമായി ടിറ്റെ സംഘം ഇന്ന് ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ ബൂട്ടുകെട്ടുമ്പോള്‍ ഒറ്റലക്ഷ്യം മാത്രമാണ് ഗോള്‍ നിറച്ച് ആറാം കിരീടം സ്വന്തമാക്കുക. അര്‍ജന്റീനക്ക് സൗദി അറേബ്യയില്‍ നിന്നും നേരിടേണ്ടിവന്ന പരാജയത്തെ മനസ്സില്‍വച്ചാകും പരിശീലകന്‍ ടിറ്റെ അവസാന ഒരുക്കം നടത്തുക. യൂറോപ്പില്‍നിന്നുള്ള അലക്‌സാണ്ടര്‍ മിത്രോവിച് ഉള്‍പ്പെടുന്ന കരുത്തരായ സെര്‍ബിയയാണ് എതിരാളികള്‍.
അതേസമയം 26 അംഗ ടീമില്‍ 16 പേര്‍ക്കും ഇത് കന്നി ലോകകപ്പാണെന്നത് കാനറിപ്പടയെ വേറിട്ടുനിര്‍ത്തുന്നുണ്ട്. പതിവ് പോലെ ഗോളടിക്കാര്‍ തന്നെയാണ് ടീമിന്റെ ശക്തി. ഗോളടിക്കാരുടെ റോളില്‍ ഒമ്പതുപേരുണ്ട്. നെയ്മറിനൊപ്പം റിച്ചാര്‍ലിസണ്‍, ഗബ്രിയേല്‍ ജെസ്യൂസ്, വിനീഷ്യസ് ജൂനിയര്‍, റഫീന്യ, ആന്തണി, ഗബ്രിയേല്‍ മാര്‍ടിനെല്ലി, പെഡ്രോ, റോഡ്രിഗോ എന്നിവര്‍ ചേരുന്നതോടെ ഏത് പ്രതിരോധവും ആടിയുലയും എന്നതില്‍ തര്‍ക്കമില്ല. ഗോളടിയില്‍ പെലെക്ക് തൊട്ടരികിലാണ് നെയ്മര്‍. 121 കളിയില്‍ 75 ഗോളാണ് നെയ്മര്‍ നേടിയത്. പെലെ 92 കളിയില്‍ നേടിയത് 77 ഗോളാണ്.
2018 മുതല്‍ ബ്രസീല്‍ കളിച്ച 50 കളികളില്‍ 37ഉം ജയിച്ചെന്നത് ടീമിന് ആനുകൂല്യമാകും. ഇരു ടീമുകളും തമ്മില്‍ 2018ലെ ലോകകപ്പില്‍ മുഖാമുഖം നിന്നപ്പോള്‍ ഏകപക്ഷീയമായ രണ്ടു ഗോളിനായിരുന്നു സാംബ വിജയം. റയല്‍ മഡ്രിഡ് മുന്നേറ്റത്തിലെ കുന്തമുനയായ വിനീഷ്യസ് ജൂനിയറിന് കോച്ച് അവസരം നല്‍കുമോയെന്നതാണ് വലിയ ചോദ്യമായി ഉയര്‍ന്നുവരുന്നത്. നെയ്മര്‍, റിച്ചാര്‍ലിസണ്‍, റഫീഞ്ഞ കൂട്ടുകെട്ടിന് കരുത്തുപകര്‍ന്ന് മധ്യനിരയില്‍ ഫ്രെഡിനെ പരീക്ഷിക്കാനുള്ള സാധ്യതയും തള്ളാനാകില്ല. അങ്ങനെയെങ്കില്‍ വിനീഷ്യസ് പകരക്കാരനാകും. ഇതുള്‍പ്പെടെ മുന്നേറ്റത്തിലും പ്രതിരോധത്തിലും കോച്ചിനെ പ്രതിസന്ധിയിലാക്കുന്ന പ്രതിഭാധാരാളിത്തം ടീമിന്റെ വിജയം ഉറപ്പാക്കണം.
എന്നാല്‍ ഇനി മറുവശത്ത് നോക്കുകയാണെങ്കില്‍ യൂറോപ്പിലെ യോഗ്യത പോരാട്ടങ്ങളില്‍ പോര്‍ചുഗലിനെ പ്ലേഓഫിലേക്ക് തള്ളിയാണ് കരുത്തരായ സെര്‍ബിയ എത്തുന്നത്. എട്ടു കളികളില്‍ ആറും ജയിച്ച ടീം രണ്ടെണ്ണം സമനില വഴങ്ങുകയും ചെയ്തു. ഇങ്ങനെയൊക്കെയാകുമ്പോഴും യൂഗോസ്‌ലാവ്യയില്‍ നിന്ന് വേറിട്ട് രാജ്യം പിറവിയെടുത്തശേഷം ഇന്നുവരെയും സെര്‍ബിയ നോക്കൗട്ട് കണ്ടിട്ടില്ല. സ്വിറ്റ്‌സര്‍ലന്‍ഡ്, കാമറൂണ്‍ എന്നിവയാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.
ഇനി രണ്ടാം മാച്ചിലേക്ക് വരികയാണെങ്കില്‍ ക്രിസ്റ്റ്യാനോയില്‍ കണ്ണുറപ്പിച്ചിരിക്കുകയാണ് ലോകം എന്ന് തന്നെ പറയേണ്ടിവരും. പറങ്കിപ്പടയെ നയിച്ച് അഞ്ചാമത്തെയും അവസാനത്തെയും ലോകകപ്പിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് ഘാനക്കെതിരെ ഇറങ്ങുമ്പോള്‍ ലോകം കാത്തിരിക്കുന്നത് കപ്പില്‍ മുത്തമിടുന്ന സിആര്‍7നെ കാണാനാണ്. അത് കൂടാതെ നിലവില്‍ ഒരു ക്ലബുമായും കരാറില്ലാതെ ഖത്തര്‍ ലോകകപ്പ് കളിക്കുന്ന ഏക താരമാകും റോണോ.
കൂടാതെ തനിക്കെതിരെ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ടാണ് റൊണാള്‍ഡോ കരിയറില്‍ ആദ്യ ലോകകപ്പ് കിരീടനേട്ടം ലക്ഷ്യമാക്കി ഇറങ്ങുന്നത്. എന്നാല്‍ ലോക റാങ്കിങ്ങില്‍ 61ാമതുള്ള ആഫ്രിക്കന്‍ രാജ്യമായ ഘാന പോര്‍ചുഗലിന് അത്ര എളുപ്പമുള്ള എതിരാളികളാകാനിടയില്ലെന്നാണ് സൂചന. കഴിഞ്ഞ ദിവസം അര്‍ജന്റീനയെ മറിച്ചിട്ട് ലോക പോരാട്ടവേദിയില്‍ എന്തും സംഭവ്യമാണെന്ന് സൗദി അറേബ്യ തെളിയിച്ചത് കരുത്തരായ ടീമുകള്‍ക്ക് വലിയ അടിയായിട്ടുണ്ട്. ഇതിന് ആക്കം കൂട്ടുന്നതായിരുന്നു ജപ്പാനോടുള്ള ജര്‍മ്മനിയുടെ പരാജയം. ഇതൊക്കെ മുന്നില്‍ കണ്ടാവും പറങ്കിപ്പട കളത്തിലിറങ്ങുന്നത്.
ആഴ്‌സനല്‍ കുന്തമുനയായ തോമസ് പാര്‍ട്ടി, അയാക്‌സ് താരം മുഹമ്മദ് ഖുദുസ് തുടങ്ങി നിരവധി പേര്‍ ഘാന ജഴ്‌സിയില്‍ ഇറങ്ങുന്നുണ്ട്. എന്നാലും, ഉറുഗ്വായ്, ദക്ഷിണ കൊറിയ എന്നിവരടങ്ങിയ ഗ്രൂപ് എച്ചില്‍ ഫേവറിറ്റുകളാണ് പോര്‍ചുഗല്‍. ആക്രമണത്തിലും മധ്യ, പ്രതിരോധ നിരകളിലും യൂറോപ്പിലെ മികച്ച താരങ്ങള്‍ ടീമിനെ മുന്നില്‍ നിര്‍ത്തുന്നു.
ആരാധകര്‍ വലിയ ആവേശത്തിലാണ്. രണ്ടു പതിറ്റാണ്ട് മുമ്പ് ഏഷ്യന്‍ മണ്ണില്‍ മാറോടുചേര്‍ത്ത കിരീടത്തില്‍ വീണ്ടും മുത്തമിടാന്‍ സാംബ സംഘവും, കന്നിക്കിരീടം സ്വന്തമാക്കാന്‍ കരുത്തരായ പോര്‍ചുഗല്ലും ഇന്നിറങ്ങുമ്പോള്‍ അട്ടിമറി പ്രതീക്ഷിക്കുന്നവരുമുണ്ട്. അര്‍ജന്റീനക്ക് ഏറ്റ തോല്‍വിയുടെ ആഘാതവും നാണക്കേടും ബ്രസീല്‍ തോല്‍വിയില്‍ നികത്താനാണ് വിമര്‍ശകര്‍ കാത്തിരിക്കുന്നത്. ഏതായാലും ഫലം എന്തെന്നറിയാന്‍ മണിക്കുറുകള്‍ മാത്രമാണ് ബാക്കി. നമുക്ക്് കാത്തിരിക്കാം.