കവര് പൂത്തു, കായലില്‍ നീലവെളിച്ചത്തിന്റെ മായാജാലം
പാതിരാത്രിയില്‍ ജനപ്രവാഹം, പൊറുതി മുട്ടി കുമ്പളങ്ങിക്കാര്‍

കവര് കാണാന്‍ കുമ്പളങ്ങിയില്‍ ഈ സീസണില്‍ എത്തിയത് 5 ലക്ഷത്തോളം പേര്‍
കൊച്ചി-കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയില്‍ പ്രേക്ഷകരുടെ മനംകവര്‍ന്ന പ്രണയരംഗമായിരുന്നു കായലില്‍ കവര് പൂക്കുന്നതു കാണിക്കാന്‍ നൈലയെയും കൊണ്ട് ബോണി പാതിരാത്രി വെള്ളത്തിലിറങ്ങുന്ന സീന്‍. കുമ്പളങ്ങി നൈറ്റ്‌സ് മലയാളത്തിലെ ജനപ്രിയ ചിത്രങ്ങളിലൊന്നായി മാറിയതോടെ കുമ്പളങ്ങി കായലിലെ കവര് പൂക്കുന്ന പ്രതിഭാസത്തിനും ആരാധകര്‍ ഏറെയായി. ഇപ്പോള്‍ കവര് പൂക്കുന്നത് കാണാനായി കുമ്പളങ്ങിയിലേക്ക് വിവിധ ജില്ലകളില്‍ നി്ന്ന് ദിവസവും ഒഴുകിയെത്തുന്നത് പതിനായിരങ്ങളാണ്.
രാത്രി നിലാവെളിച്ചത്ത് കായലിലിറങ്ങി വെള്ളംപതപ്പിക്കുമ്പോള്‍ തെളിയുന്ന നീലവെളിച്ചം ആസ്വദിക്കാന്‍ എത്തുന്നവരുടെ തിരക്ക് നിയന്ത്രണാതീതമായതോടെ പോലീസ് എത്തിയാണ് ഗതാഗതം നിയന്ത്രിക്കുന്നത്. പകല്‍ കാര്യമായ തിരക്കില്ലാത്ത റോഡുകളില്‍ രാത്രിയായാല്‍ ഗതാഗതക്കുരുക്കാണ്. ഇരുചക്രവാഹനങ്ങളിലും കാറുകളിലും വിദൂര സ്ഥലങ്ങളില്‍ നിന്നു വരെ യുവാക്കള്‍ കവര് കാണാനെത്തുന്നു. രാത്രി പത്തുമണിയോടെ ആരംഭിക്കുന്ന തിരക്ക് അര്‍ധരാത്രിയാകുന്നതോടെ പാരമ്യത്തിലാകും. പുലര്‍ച്ചെ 3 മണി വരെ തിരക്ക് തുടരും. തിരക്ക് നിയന്ത്രണാതീതമാകുമ്പോള്‍ കായല്‍ തീരത്തേക്കുള്ള റോഡുകള്‍ പോലീസ് ഇറങ്ങി ബ്ലാക്ക് ചെയ്യും.
കായല്‍ തീരത്ത് താമസിക്കുന്നവര്‍ക്കാണ് ജനത്തിരക്കു മൂലമുള്ള ബുദ്ധിമുട്ട്. പാതിരാത്രി കഴിഞ്ഞും ആളുകളുടെ ആരവവും വാഹനങ്ങളുടെ ഇരമ്പലും കൊണ്ട് അവരുടെ ഉറക്കം നഷ്ടപ്പെടുന്നു. വെള്ളം പതപ്പിക്കാനായി വടിയും മറ്റും കരുതിയാണ് പലരും എത്തുന്നത്. ചിലര്‍ ആഴമില്ലാത്ത കായലിലിറങ്ങി വെള്ളം പതപ്പിച്ച് കവര് ആസ്വദിക്കും. ചിലര്‍ കായലിലെ ഉപ്പുവെള്ളത്തില്‍ നീന്തിത്തുടിച്ച് കവരുണ്ടാക്കും. മറ്റുള്ളവര്‍ കരയില്‍ നിന്ന് കോലുകൊണ്ട് വെള്ളം ഇളക്കിയും കാലിട്ടിളക്കിയുമാണ് കവര് കാണുന്നത്. കുമ്പളങ്ങിക്കാര്‍ ഉറങ്ങിയ ശേഷമാണ് തെരുവീഥികളാകെ പെരുന്നാള്‍ തിരക്കിലാകുന്നത്. അതുകൊണ്ടു തന്നെ ഇങ്ങനെയൊരു സംഭവം നടക്കുന്നത് കുമ്പളങ്ങിക്കാരില്‍ ഏറെ പേര്‍ക്കും അറിയില്ല.
ഫെബ്രുവരി പകുതി മുതല്‍ മേയ് ആദ്യവാരം വരെയാണ് കവരിന്റെ സീസണ്‍. കുമ്പളങ്ങിയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളായ കല്ലഞ്ചേരി, ആറ്റത്തടം, കുളക്കടവ്, ആഞ്ഞിലിത്തറ എന്നിവിടങ്ങളിലെ കെട്ടുകളിലും കായലിലും കവര് കാണാം. ഈ സീസണില്‍ ഇതുവരെ 5ലക്ഷം പേരെങ്കിലും ഇവിടെ വന്നിട്ടുണ്ടെന്ന് വ്‌ളോഗറായ ഉണ്ണികൃഷ്ണന്‍ പറഞ്ഞു
വേനല്‍ക്കാലത്ത് കായലില്‍ ഉപ്പിന്റെ അളവും വെള്ളത്തിന്റെ സാന്ദ്രതയും വര്‍ധിക്കുന്നതാണ് കവര് അഥവാ ബയോലൂമിനസെന്‍സ് എന്ന പ്രതിഭാസം ഉണ്ടാകാന്‍ കാരണം. ബാക്ടീരിയ ഫംഗസ് ആല്‍ഗെ പോലുള്ള സൂക്ഷ്മജീവികള്‍ പുറപ്പെടുവിക്കുന്ന ചെറു പ്രകാശമാണ് ആണ് ഇത്. കാഴ്ചക്കാര്‍ക്ക് ഇത് കൗതുകം ആണെങ്കിലും ഈ ചെറുപ്രാണികള്‍ക്ക് പ്രകാശം പുറപ്പെടുവിക്കുക ഒരു പ്രതിരോധ മാര്‍ഗം കൂടിയാണ്. ഇരയേയും ഇണയേയും ആകര്‍ഷിക്കാനും ശത്രുക്കളില്‍ നിന്ന് രക്ഷ നേടാനും ആണ് ഇവ നീലവെളിച്ചം ഉപയോഗിക്കുന്നത്. കമര്, എരച്ചില്‍, തുയ്യ് തുടങ്ങിയ പേരുകളില്‍ ഇത് വിവിധ സ്ഥലങ്ങളില്‍ അറിയപ്പെടുന്നു.