LogoLoginKerala

മഞ്ജുവിനെ കെട്ടിപ്പുണര്‍ന്ന് നിലമ്പൂര്‍ ആയിഷ; ഇത് അര്‍ഹിക്കുന്ന അംഗീകാരം, ആയിഷയെ ഇരുകയ്യും നീട്ടി സ്വീകരിച്ച് പ്രേക്ഷകര്‍

 
ayisha movie

നിലമ്പൂര്‍ ആയിഷ, ഈ പേര് കേള്‍ക്കുമ്പോള്‍ കുറച്ച് വര്‍ഷങ്ങള്‍ പിന്നോട്ട് സഞ്ചരിച്ചുപോകും, കാരണം കേരളത്തിലെ കലാസാംസ്‌കാരിക മുന്നേറ്റത്തിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രധാന്യമര്‍ഹിക്കുന്ന പേരുകളിലൊന്നാണത്.  മലപ്പുറം ജില്ലയിലെ ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടി നാടക അരങ്ങിലെത്തി പുതു ചരിത്രം കുറിച്ച കഥ അതായിരുന്നു നിലമ്പൂര്‍ ആയിഷ എന്ന പെണ്‍കരുത്ത്. ഇന്നിതാ ആ ആയിഷയുടെ ജീവിതം സിനിമയായി നമുക്കുമുന്നിലെത്തിനില്‍ക്കുകയാണ്.

ayisha

കൈപ്പും മധുരവും ഇടകലര്‍ന്ന നിലമ്പൂര്‍ ആയിഷയുടെ സംഭവഭഹുലമായ ജീവിതകഥയില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ചുവാര്യര്‍ ആയിഷയായി എത്തിയപ്പോള്‍ ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകര്‍ക്ക് ഒന്ന് മാത്രമാണ് പറയാനുള്ളത് വിപ്ലവത്തിന്റെയും ഹൃദയബന്ധങ്ങളുടെയും കനലെരിയുന്ന ഒരു മികച്ച ചിത്രം. മലയാളികള്‍ക്ക് മുന്നില്‍ തന്റെ ആദ്യ ചിത്രം തന്നെ ഒരു വിരുന്നാക്കി തീര്‍ത്ത ആമിര്‍ പള്ളിക്കല്‍ എന്ന നവാഗത സംവിധായകന്‍ ആയിഷയിലൂടെ പറഞ്ഞുവയ്ക്കുന്നത് പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളാണ്. ഇന്ന് ചിത്രം റിലീസായി ആദ്യദിനം നിലമ്പൂര്‍ ആയിഷയും, ആയിഷയുടെ ജീവിതം സിനിമയിലൂടെ മികച്ചതാക്കിത്തീര്‍ത്ത മഞ്ജുവാര്യറും ഒരുമിച്ച് തീയറ്ററില്‍ സിനിമകാണാന്‍ എത്തിയിരുന്നു. തന്റെ പഴയകാല ഓര്‍മ്മകളിലേക്ക് തിരിച്ചുകൊണ്ടുപോയി ചിത്രം എന്നാണ് ചിത്രം കണ്ടശേഷം നിലമ്പൂര്‍ ആയിഷ പ്രതികരിച്ചത്.

ayisha

കേരളത്തിലെ കലയുടെ, സ്ത്രീ മുന്നേറ്റങ്ങളുടെ ചരിത്രത്തില്‍ നിലമ്പൂര്‍ ആയിഷക്ക് വിശദീകരണങ്ങള്‍ ആവശ്യമില്ല. നാടകത്തിലഭിനയിച്ചതിന്റെ പേരില്‍ മത മൗലിക വാദികളില്‍ നിന്ന് വെടിയുണ്ട ഏല്‍ക്കേണ്ടി വന്ന അവര്‍ കല്ലേറ് കൊണ്ട് മുറിഞ്ഞു ചോര വാര്‍ന്ന മുറിവുമായി നാടകം ഒരു നിമിഷം പോലും നിര്‍ത്താതെ തന്റെ പ്രകടനം തുടര്‍ന്ന കഥയും കേള്‍ക്കാത്തവര്‍ ചുരുക്കം. മറ്റൊരു വേദിയില്‍ വച്ചു ഒരാള്‍ മുഖത്തേക്ക് വീശിയടിച്ചതിനെ തുടര്‍ന്ന് അവരുടെ കേള്‍വി ശക്തിക്കു കുറവ് വന്നിട്ടുണ്ട്. പതിനാറു വയസ് മുതല്‍ തുടരുന്ന അഭിനയ ജീവിതം ഇന്നും തുടര്‍ന്നു കൊണ്ടാണ് നിലമ്പൂര്‍ ആയിഷ തന്റെ ബോധ്യങ്ങളില്‍ ഉറച്ചു നിന്ന് സമരം തുടരുന്നത്.  ഈ നിലമ്പൂര്‍ ആയിഷ എന്ന കലാകാരിയെ കുറിച്ചാണ് 'ആയിഷ' എന്ന സിനിമയും പറഞ്ഞുവയ്ക്കുന്നത്. അവരുടെ ജീവിത്തില്‍ നിന്നെടുത്ത പ്രധാനപ്പെട്ട ഏട്.

ജീവിതപ്രാരാബ്ധങ്ങളില്‍ നിന്ന് കരകയറാന്‍ ഗദ്ദാമയായി ജോലി ചെയ്യാനാന്‍ ഗള്‍ഫിലെത്തുന്ന ആയിഷയുടെ കഥയാണ് ചിത്രത്തില്‍ മഞ്ജുവാര്യറിലൂടെ സംവിധായകന്‍ പറഞ്ഞുവയ്ക്കുന്നത്. 1980 1990 കാലഘട്ടത്തിലാണ് ചിത്രം കഥ പറയുന്നത്. സൗദിയിലെ ഒരു വലിയ കുടുംബത്തിലാണ് ആയിഷ ജോലിക്കെത്തുന്നത്. ആയിഷയെക്കൂടാതെ വിവിധരാജ്യങ്ങളില്‍ നിന്നുള്ള ഒട്ടേറെ ഗദ്ദാമകള്‍ അവിടെ ജോലി ചെയ്യുന്നു. മാമാ എന്ന് വിളിക്കുന്ന വൃദ്ധയാണ് ആ കുടുംബത്തിന്റെ സര്‍വ്വാധികാരി. അവരുടെ മക്കളും മരുമക്കളും പേരക്കുട്ടികളുമാണ് കുടുംബത്തിലെ മറ്റംഗങ്ങള്‍. വാര്‍ധക്യസഹജമായ രോഗങ്ങള്‍ അവരെ ഒരു മുന്‍കോപക്കാരിയും വാശിക്കാരിയുമാക്കി മാറ്റിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ആയിഷയുടെ രംഗപ്രവേശം.

സൗദിയിലെ ഒരു മാര്‍ക്കറ്റില്‍ വച്ചുണ്ടാകുന്ന സംഭവം ആയിഷയെ അവളുടെ ഭൂതകാലത്തേക്ക് കൊണ്ടുപോകുന്നു. നാടകവും വിപ്ലവവുമായി നടന്നിരുന്ന ഒരു കരുത്തയായ ആയിഷയുടെ മുഖം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത് ഈ സംഭവത്തോടെയാണ്. തെരുവിലെ കടകളില്‍ ജോലി ചെയ്തിരുന്ന ഏതാനും മലയാളി പ്രവാസികള്‍ അവളെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് കഥയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നത്.

ഇനി എടുത്തുപറയേണ്ടത് മഞ്ജു വാരിയരുടെ അസാധ്യ പ്രകടനമാണ്. ഇത് തന്നെയാണ് ചിത്രത്തെ വേറിട്ടതാക്കുന്നതും. ഗദ്ദാമയായുള്ള മഞ്ജുവിന്റെ രൂപമാറ്റം വളരെ മനോഹരമാണ്. നൃത്തത്തിനും നടനത്തിനും ഏറെ പ്രധാന്യമുള്ള ചിത്രത്തില്‍ മഞ്ജു നിറഞ്ഞാടുകയായിരുന്നു എന്ന് തന്നെ പറയേണ്ടിവരും. ഇതുവരെ മഞ്ജു വാരിയര്‍ അഭിനയിച്ച കഥാപാത്രങ്ങളില്‍ മുന്‍നിരയില്‍ തന്നെ നില്‍ക്കും ആയിഷ എന്നതിലും സംശയമില്ല. മാമ്മയായി എത്തിയ താരവും മഞ്ജുവുമായുള്ള കെമിസ്ട്രി ഏവരുടെയും കണ്ണ് നനയ്ക്കും. ആബിദ് എന്ന പ്രധാനപ്പെട്ട കഥാപാത്രമായി നടന്‍ കൃഷ്ണ ശങ്കറും ഹംസയായി ഷംസുവും ചിത്രത്തിലുണ്ട്. ക്ലാസ്സ്മേറ്റ് ഫെയിം രാധികയും മറ്റൊരു ഗദ്ദാമയായി അഭിനയിക്കുന്നുണ്ട്. ഒട്ടനവധി വിദേശ താരങ്ങള്‍ വളരെ മികച്ച പ്രകടനവുമായി ചിത്രത്തിലുണ്ട്. ചുരുക്കിപറഞ്ഞാല്‍ അടുത്തകാലത്തിറങ്ങിയതില്‍ വച്ച് ഏറ്റവും മികച്ച ചിത്രമായി തന്നെ ആയിഷയെ അടയാളപ്പെടുത്താം.