'തിരുമ്പി വന്തിട്ടേന്‍' ലുസെയ്ല്‍ സ്‌റ്റേഡിയത്തില്‍ മിശിഹായും സംഘവും ഉയര്‍ത്തെഴുനേറ്റു
അര്‍ജന്റീനന്‍ ആരാധകര്‍ക്ക് ഇനി ശ്വാസം വിടാം. ആദ്യ കളിയില്‍ നേരിട്ട പരാജയത്തിന് ഗോളുകളിലൂടെ മറുപടികൊടുത്തുകൊണ്ട് മിശിഹായും സംഘവും ഉയര്‍ത്തെഴുനേറ്റിരിക്കുകയാണ്. ഖത്തര്‍ലോകകപ്പിലെ അര്‍ജന്റീനയുടെ രണ്ടാം മത്സരത്തില്‍ ആദ്യപകുതിയില്‍ മെക്‌സിക്കോയോട് പൊരുതി നില്‍ക്കേണ്ടിവന്നെങ്കിലും രണ്ടാം പകുതിയില്‍ ആഞ്ഞടിച്ചുകൊണ്ട് രണ്ട് തവണഗോള്‍വല കുലുക്കാന്‍ നീലപ്പടയ്ക്കായി. ഇനി ആരാധകര്‍ക്ക്‌നിവര്‍ന്ന് നിന്ന് കട്ടൗട്ടുകള്‍ ഉയര്‍ത്തിക്കെട്ടാം
അര്‍ജന്റീനയ്ക്ക് ഇത് നിലനില്‍പ്പിന്റെ മത്സരമായിരുന്നു. ഏത് വിധേനയും വിജയം മാത്രം മുന്നില്‍ കണ്ടുകൊണ്ടായിരുന്നു നീലപ്പട മെക്‌സിക്കോയുമൊത്തുള്ള പോരാട്ടത്തിനിറങ്ങുന്നത്. എന്നാല്‍ ആധ്യപകുതി നെഞ്ചിടിപ്പിന്റെതായിരുന്നു. മെക്‌സിക്കോയുടെ പ്രതിരോധത്തിന് മുന്നില്‍ മെസ്സിയും സംഘവും പകച്ചുനില്‍ക്കുന്ന കാഴ്ചയായിരുന്നു. പിന്നീട് നിരാശരായി ഇടവേളയിലേക്ക്. എന്നാല്‍ മെക്‌സികോയുടെ സന്തോഷം കളിയുടെ ആധിക നേരം നീണ്ടുനിന്നില്ല. മെക്‌സിക്കോയുടെ ആത്മവിശ്വാസത്തിന്മേല്‍ 63-ാം മിനിറ്റില്‍ 'മിശിഹ'യുടെ ഗോള്‍ വലകുലുക്കി. അങ്ങനെ അര്‍ജന്റീനയ്ക്ക് ജീവശ്വാസം വീണ്ടുകിട്ടി.
63 മിനിറ്റുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് മെക്സിക്കന്‍ പ്രതിരോധ മതില്‍ തകര്‍ത്ത് അര്‍ജന്റീന കുതിച്ചത്. ബോക്സിന്റെ വലതുഭാഗത്ത് നിന്ന് ഡി മരിയ നല്‍കിയ പന്തില്‍ നിന്ന് അവസരം മുതലെടുത്ത മെസ്സി 64-ാം മിനിറ്റില്‍ പന്ത് വലയിലെത്തിക്കുകയായിരുന്നു. മെസ്സിയുടെ കിടിലന്‍ ഷോട്ട് മെക്സിക്കന്‍ ഗോളി ഗില്ലെര്‍മോ ഒച്ചാവോയെ മറികടന്ന് വല കുലുക്കിയപ്പോള്‍ ഉയര്‍ന്നത് ഉയര്‌ത്തെഴുനേല്‍പ്പിന്റെ ആരവമായ.ിരുന്നു. ആദ്യ ഗോള്‍ വീണതോടെ അര്‍ജന്റീനിയന്‍ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂടി. 87-ാം മിനിറ്റില്‍ മെസ്സി നീട്ടിയ പന്തില്‍ നിന്ന് പകരക്കാരന്‍ യുവതാരം എന്‍സോ ഫെര്‍ണാണ്ടസ് കൂടി സ്‌കോര്‍ ചെയ്തതോടെ ഗാലറിയിലും ലോകമെമ്പാടുമുള്ള ടിവി സ്‌ക്രീനുകള്‍ക്ക് മുമ്പിലും അര്‍ജന്റീനിയന്‍ ആരാധകരുടെ ആരവം ഉയര്‍ന്നുപൊങഅങഇ. അങ്ങനെ ഗോളും ഗോള്‍ അസിസ്റ്റുമായി മെസി വീണ്ടും താരമായി. ആദ്യ പകുതിക്ക് ശേഷം കിട്ടിയ ഇടവേളയില്‍ എതിരാളികളുടെ ദൗര്‍ബല്യം മെസിയും കൂട്ടരും മനസ്സിലാക്കിയിരുന്നു. അതിന്റെ പ്രതിഫലനമായിരുന്നു രണ്ടാം പകുതിയിലെ മുന്നേറ്റങ്ങള്‍.
ആക്രമണം മാത്രമായിരുന്നു ആദ്യ മിനിറ്റുകളില്‍ പന്ത് കിട്ടിയപ്പോള്‍ അര്‍ജന്റീന താരങ്ങളുടെ ലക്ഷ്യം. എന്നാല്‍ മെക്സിക്കോ പ്രതിരോധം ഉറച്ച് നിന്നതോടെ അപകടംവിതയ്ക്കാന്‍ പോന്ന മുന്നേറ്റങ്ങള്‍ നീലപ്പടയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. പിന്നീട് കരുതലുകളിലേക്ക് നീങ്ങി. കൂറ്റന്‍ പാസുകളില്‍ നിന്ന് മിന്നല്‍ ഗോളുകള്‍ നേടാനാകില്ലെന്ന് അര്‍ജന്റീന തിരിച്ചറിഞ്ഞു. തുടര്‍ന്ന് പിന്‍നിരയില്‍ നിന്നുള്ള അപ്രതീക്ഷിത ഷോട്ടുകളിലേക്ക് മെസി തന്ത്രങ്ങള്‍ മാറ്റി പിടിച്ചു. പെനാല്‍ട്ടി ബോക്‌സിന് പുറത്ത് മെസിയെ തളയ്ക്കാനുള്ള ശ്രമം വിജയിച്ചെങ്കിലും അതൊരു മിന്നല്‍ പിണറായി മാറി. അത്യുഗ്രന്‍ ഷോട്ട് മെക്‌സിക്കന്‍ പോസ്റ്റിന്റെ മൂലയിലേക്ക് പായിച്ച് മെസി വീണ്ടും അര്‍ജന്റീനിയന്‍ ആരാധകരുടെ ദൈവ പുത്രനായി.
ഒറ്റ ഷോട്ടില്‍ കളിയെ മാറ്റി മറിക്കാനുള്ള കരുത്ത് തന്റെ ബൂട്ടിനുണ്ടെന്ന് അര്‍ജന്റീനിയന്‍ ഇതിഹാസം വീണ്ടും തെളിയിച്ചു. ഇതോടെ അര്‍ജന്റീനയ്ക്ക് മൈതാനത്ത് പുതിയ ആവേശമായി. ആദ്യമത്സരത്തില്‍ ദുര്‍ബലരായ സൗദി അറേബ്യയോട് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് അപ്രതീക്ഷിത തോല്‍വി വഴങ്ങിയതോടെ പ്രീ ക്വാര്‍ട്ടറിലേക്കുള്ള അര്‍ജന്റീനാ മോഹങ്ങള്‍ തുലാസിലാടുകയായിരുന്നു. തോല്‍വിയറിയാതുള്ള 36 മത്സരങ്ങള്‍ക്കുശേഷമാണ് അര്‍ജന്റീന സൗദിയോട് അവിശ്വസനീയമായി തോറ്റത്. ആദ്യ കളിയില്‍ പോളണ്ടുമായി ഗോള്‍രഹിത സമനില പാലിച്ച മെക്‌സികോയ്ക്ക് തോല്‍വി തിരിച്ചടിയാകും. അടുത്ത കളി തോല്‍ക്കാതിരുന്നാല്‍ മെസ്സിപ്പട അടുത്ത റൗണ്ടിലേക്ക് കുതിക്കുകയും ചെയ്യും.
മെക്‌സിക്കന്‍ തിരമാലകള്‍ക്ക് മുകളില്‍ മെസ്സി രക്ഷകനായി അവതരിച്ചു . ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ അര്‍ജന്റീന ഉയിര്‍ത്തെഴുന്നേറ്റു. ഉറച്ചുനിന്ന മെക്‌സിക്കന്‍ പ്രതിരോധക്കോട്ടയെ രണ്ടു തവണ ഭേദിച്ച് മെസ്സിയും സംഘവും നോക്കൗട്ട് സാധ്യതകള്‍ സജീവമാക്കി മുന്നേറിയപ്പോള്‍ സൗദിക്കെതിരായ തോല്‍വിയുടെ വേദന നീലക്കുപ്പായക്കാര്‍ ഇല്ലാതാക്കി.