LogoLoginKerala

സ്ത്രീയോട് കാണിക്കേണ്ട മര്യാദ പാലിച്ചില്ല, അപര്‍ണയോട് മോശമായി പെരുമാറിയ വിദ്യാര്‍ത്ഥിക്ക് എട്ടിന്റെ പണി

 
aparna balamurali

റണാകുളം ലോ കോളജില്‍ വിദ്യാര്‍ത്ഥിയില്‍ നിന്ന് നടി അപര്‍ണ ബാലമുരളിക്കെതിരെയുണ്ടായ മോശം പെരുമാറ്റം വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. ഒരിക്കലും ഒരു വിദ്യാര്‍ത്ഥിയില്‍ നിന്നും ഉണ്ടാവാന്‍ പാടില്ലാത്ത കാര്യമായിരുന്നു എറണാകുളം ലോ കോളേജില്‍ നിന്ന് താരത്തിന് നേരിടേണ്ടവന്നത്. സംഭത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് നിരവധിപ്പേര്‍ രംഗത്തെത്തുന്നുമുണ്ട്. ഇപ്പോളിതാ വിഷയത്തില്‍ താരം തന്നെ പ്രതികരണം അറിയിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥിയില്‍ നിന്നുണ്ടായ പെരുമാറ്റം വേദനിപ്പിച്ചതായി നടി അപര്‍ണ ബാലമുരളി പറഞ്ഞു.

ഒരു സ്ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്തു കൈവയ്ക്കുന്നതു ശരിയല്ലെന്ന് ഒരു ലോ കോളജ് വിദ്യാര്‍ത്ഥി മനസ്സിലാക്കിയില്ലെന്നതു ഗുരുതരമാണ്. കൈപിടിച്ച് എഴുന്നേല്‍പിച്ചതുതന്നെ ശരിയല്ല. പിന്നീടാണു കൈ ദേഹത്തുവച്ചു നിര്‍ത്താന്‍ നോക്കിയത്. ഇതൊന്നും ഒരു സ്ത്രീയോടു കാണിക്കേണ്ട മര്യാദയല്ല. ഞാന്‍ പരാതിപ്പെടുന്നില്ല. പിന്നാലെ പോകാന്‍ സമയമില്ലെന്നതാണു കാരണം. എന്റെ എതിര്‍പ്പുതന്നെയാണ് ഇപ്പോഴത്തെ മറുപടി അപര്‍ണ പറഞ്ഞു. സംഘാടകരോടു പരിഭവമില്ലെന്നും സംഭവം നടന്ന ഉടനെയും പിന്നീടും അവര്‍ ഖേദം അറിയിച്ചതായും അപര്‍ണ പറഞ്ഞു.

ഇന്നലെയാണ് യൂണിയന്‍ ഉദ്ഘാടനത്തോടൊപ്പം തങ്കം സിനിമയുടെ പ്രമോഷന് കൂടി എത്തിയ അപര്‍ണ ബാലമുരളിയോട് ലോ കോളജിലെ വിദ്യാര്‍ത്ഥി മോശമായി പെരുമാറിയത്.
നടിക്ക് പൂവു സമ്മാനിക്കാനാണ് വിദ്യാര്‍ത്ഥി വേദിയിലെത്തിയത്. ആരവങ്ങളുടെ അകമ്പടിയോടെയായിരുന്നു വരവ്. ഷേക്ക് ഹാന്‍ഡ് നല്‍കിയതോടെ കസേരയില്‍ നിന്നെഴുന്നേറ്റ നടിയുടെ തോളില്‍ കൈയിടാന്‍ ഇയാള്‍ ശ്രമിച്ചു. ഇതില്‍ അപര്‍ണ അനിഷ്ടം പ്രകടിപ്പിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. 'എന്താടോ ലോ കോളജ് അല്ലേ' എന്ന് നടി ഇയാളോട് ചോദിച്ചു. വിദ്യാര്‍ത്ഥി ഇറങ്ങിപ്പോയ ഉടന്‍ വേദിയില്‍ വച്ചു തന്നെ സംഘാടകരില്‍ ഒരാളായ വിദ്യാര്‍ത്ഥി അപര്‍ണയോട് ക്ഷമ ചോദിച്ചു.

ഇതിനു പിന്നാലെ ഇയാള്‍ വീണ്ടും വേദിയിലെത്തി. ആരാധകന്‍ ആയതു കൊണ്ട് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതാണ്, ഒന്നുമുദ്ദേശിച്ച് ചെയ്തതല്ല എന്ന് പറഞ്ഞെങ്കിലും നടിയുടെ അനിഷ്ടം വ്യക്തമായിരുന്നു. വീണ്ടും കൈ നീട്ടിയ യുവാവിന് നടി കൈ കൊടുക്കാന്‍ വിസമ്മതിച്ചു. പിന്നാലെ ഒപ്പമുണ്ടായിരുന്ന നടന്‍ വിനീത് ശ്രീനിവാസനു കൈ കൊടുക്കാനായി ശ്രമം. എന്നാല്‍ കൈ കൊടുക്കാതെ, കുഴപ്പമില്ല പോകൂ എന്നാണ് വിനീത് പറഞ്ഞത്. സംഭവത്തില്‍ സ്തബ്ധയായിപ്പോയെന്ന് അപര്‍ണ പിന്നീട് ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തു.

അതേസമയം നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ വിദ്യാര്‍ത്ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. എറണാകുളം ലോ കോളേജ് പ്രിന്‍സിപ്പലാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇന്ന് തന്നെ ഇതിന് മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടിയെടുക്കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.

സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് എറണാകുളം ഗവ. ലോ കോളേജ് യൂണിയനും രംഗത്തെത്തിയിരുന്നു. സിനിമാ താരത്തിന് നേരെ വിദ്യാര്‍ത്ഥികളില്‍ ഒരാളില്‍ നിന്നും ഉണ്ടായ അനിഷ്ട സംഭവം ഏറെ ഖേദകരമാണെന്ന് യൂണിയന്‍ പറഞ്ഞു. സംഭവ സമയത്ത് തന്നെ യൂണിയന്‍ ഭാരവാഹി അത്തരത്തിലുള്ള പെരുമാറ്റത്തെ തടുക്കാന്‍ ശ്രമിക്കുകയും യൂണിയന്റെ ഭാഗത്ത് നിന്നും ഖേദം അറിയിക്കുകയും ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് താരത്തിന് ഉണ്ടായ പ്രയാസത്തില്‍ കോളേജ് യൂണിയന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നെന്നും കോളജ് യൂണിയന്‍ വ്യക്തമാക്കി.സോഷ്യല്‍മീഡിയയിലൂടെയാണ് യൂണിയന്‍ ഖേദപ്രകടനം നടത്തിയത്.