LogoLoginKerala

എ ഐ ക്യാമറ ആരോപണ മുന പിണറായിയുടെ മകന്റെ ഭാര്യാ പിതാവ് പ്രകാശ് ബാബുവിലേക്ക്

പ്രിസാഡിയോ കമ്പനി പ്രകാശ് ബാബുവിന് പണം നല്‍കിയതായി രേഖ
 
vivek vijayan prakash babu ayyathan

മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേകും ഭാര്യാപിതാവ് പ്രകാശ് ബാബുവും

 

തിരുവനന്തപുരം- എ ഐ ക്യാമറ വിവാദത്തില്‍ ആരോപണ മുന മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്റെ ഭാര്യാപിതാവായ പ്രകാശ് ബാബു അയ്യത്താനിലേക്ക്. ഇതിനുള്ള തെളിവ് പ്രതിപക്ഷം ഇന്ന് പുറത്തുവിട്ടു. പ്രസാഡിയോ കമ്പനിയുടെ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ അവര്‍ വിവിധ ചെലവിനങ്ങളില്‍ പണം നല്‍കിയവരുടെ കൂട്ടത്തില്‍ പ്രകാശ് ബാബുവിന്റെ പേരുണ്ട്.

എ ഐ ക്യാമറ സ്ഥാപിക്കുന്നതിന് കെല്‍ട്രോണില്‍ നിന്ന് ഒരു ഉപകരാര്‍ ലഭിച്ചത് പ്രസാഡിയോ കമ്പനിക്കാണ്. പ്രസാഡിയോ കമ്പനി ആരംഭിച്ച 2018 മുതലുള്ള ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ട് കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്റെ പകര്‍പ്പാണ് പ്രതിപക്ഷം ഇന്ന് പുറത്തുവിട്ടത്. ഇതില്‍ പ്രകാശ് ബാബു അയ്യത്താന് രണ്ടു തവണകളായി പണം നല്‍കിയതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രകാശ് ബാബുവിന്റെ എറണാകുളത്തെ ഗസ്റ്റ്ഹൗസ് ഉപയോഗിച്ച വകയില്‍ 50,000 രൂപയും മറ്റൊരു ഇടപാടിന്റെ തുകയായി 1,7,5000 രൂപയും പ്രസാഡിയോ കമ്പനി അദ്ദേഹത്തിന് നല്‍കാനുണ്ട് എന്ന് രേഖയില്‍ പറയുന്നു.

പ്രിസാഡിയോ ടെക്‌നോളജിസ് പ്രകാശ് ബാബുവിന്റെ ബിനാമി കമ്പനിയാണെന്നാണ് ഇന്നലെ ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രന്‍ ആരോപിച്ചത്. എന്നാല്‍ പ്രകാശ് ബാബുവിന്റെ പേര് കമ്പനിയുടെ ഡയറക്ടര്‍മാരുടെ ലിസ്റ്റിലോ മറ്റ് രേഖകളിലോ ഒന്നുമില്ല. എഞ്ചിനീയറിംഗ് ടെക്‌നോളജി കമ്പനിയായ പ്രസാഡിയോയുടെ തലപ്പത്തുള്ളവര്‍ ഗള്‍ഫ് ബിസിനസുകാരാണ്.

പ്രകാശ് ബാബു രണ്ട് കമ്പനികളുടെ ഡയറക്ടര്‍മാരായി പ്രവര്‍ത്തിച്ചതായി കമ്പനി രജിസ്‌ട്രേഷന്‍ രേഖകള്‍ വ്യക്തമാക്കുന്നു. ഒന്ന് അദ്ദേഹവും ഭാര്യ അമൃതയും ചേര്‍ന്ന് 5 ലക്ഷം രൂപ മൂലധനത്തില്‍ 2011ല്‍ ആരംഭിച്ച  ഇന്‍ഡോം എമിനന്‍സ് ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡാണ്. മറ്റൊന്ന 25 ലക്ഷം രൂപ മൂലധനമുള്ള തലശേരി ആസ്ഥാനമായ യെംസി ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ആന്റ് റിയല്‍ട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ്. രണ്ടും കണ്‍സ്ട്രക്ഷന്‍ കമ്പനികളാണ്. നിര്‍മാണ മേഖലയിലാണ് പ്രകാശ് ബാബുവിന്റെ പ്രവര്‍ത്തനം. ഇദ്ദേഹം നല്‍കിയ സേവനത്തിനുള്ള പ്രതിഫലമായി നല്‍കിയ തുകയാണ് പ്രിസാഡിയോ കമ്പനിയുടെ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിലുള്ളത്.

ഇതുപയോഗിച്ച് പിണറായിയുടെ കുടുംബത്തെ സംശയത്തിന്റെ നിഴലിലാക്കാനാണ് പ്രതിപക്ഷ ശ്രമം. എന്നാല്‍ ആരോപണം വെറും പുകമറയാണെന്ന് ഭരണപക്ഷം പറയുന്നു.