'വാക്കിന് വിലയുള്ളവനാണ് ഞാൻ' തോൽവിക്ക് പിന്നാലെ കോച്ച് സ്ഥാനത്ത് നിന്ന് പടിയിറങ്ങി ടിറ്റെ ! കാനറിപ്പടയ്ക്ക് ഇത് ഇരട്ടിദുഖം...
ഒടുവിൽ തന്റെ വാക്ക് പാലിച്ചിരിക്കുകയാണ് ബ്രസീൽ ദേശീയ ഫുട്ബോൾ ടീം പരിശീലകൻ ടിറ്റെ. ഖത്തർ ലോകകപ്പിലെ ക്വാർട്ടറിൽ ക്രൊയേഷ്യയ്ക്കെതിരായ ബ്രസീലിന്റെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ കോച്ച് സ്ഥാനത്ത് നിന്നും അദ്ദേഹം പടിയിറങ്ങുമ്പോൾ മഞ്ഞപ്പടയ്ക്ക് ഇത് ഇരട്ടിദുഖം. ഖത്തർ ലോകകപ്പിനു ശേഷം സ്ഥാനമൊഴിയുമെന്ന് ടിറ്റെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യക്കെതിരായ തോൽവിക്കു പിന്നാലെ നടന്ന വാർത്താസമ്മേളനത്തിലാണ് താൻ വാക്കു പാലിക്കുകയാണെന്നും സ്ഥാനമൊഴിയുമെന്നും ടിറ്റെ പ്രഖ്യാപിച്ചത്.
‘‘ഞാൻ പറഞ്ഞതുപോലെ, എന്റെ കാലചക്രം അവസാനിച്ചു. ലോകകപ്പോടെ സ്ഥാനമൊഴിയുമെന്ന് ഒന്നര വർഷം മുൻപു തന്നെ ഞാൻ പറഞ്ഞിരുന്നു. വാക്കു പാലിക്കുന്നയാളാണ് ഞാൻ’’ ടിറ്റെ വ്യക്തമാക്കി.ദുംഗക്കു പകരക്കാരനായി എത്തിയ ടിറ്റെ 2016 മുതൽ ബ്രസീലിന്റെ പരിശീലകനാണ് . 2018ലെ ലോകകപ്പിൽ ടിറ്റെയുടെ പരിശീലനത്തിൽ ബ്രസീൽ ക്വാർട്ടറിലെത്തിയെങ്കിലും ബെൽജിയത്തോട് തോറ്റ് പുറത്തായി. 2019ൽ ടീമിനെ കോപ്പ കിരീട നേട്ടത്തിലെത്തിച്ചു. എന്നാൽ, 2021ൽ കോപ്പ ഫൈനലിൽ അർജന്‍റീനയോട് തോറ്റു.
അറുപതുകാരനായ ടിറ്റെയ്ക്കു കീഴിൽ ബ്രസീൽ ഇതുവരെ കളിച്ച 81 മത്സരങ്ങളിൽ 60 എണ്ണത്തിലും ജയിച്ചിട്ടുണ്ട്. 15 മത്സരങ്ങൾ സമനിലയായി. ആറ് മത്സരങ്ങൾ മാത്രമാണ് തോറ്റത്. ഖത്തർ ലോകകപ്പിലും ടിറ്റെ ചരിത്രം സൃഷ്ടിച്ചിരുന്നു. ബ്രസീൽ ടീമിൽ ഉള്ള എല്ലാ കളിക്കാരെയും കളത്തിലിറക്കിയാണ് ചരിത്ര നീക്കം നടത്തിയത്. ടീമിന്റെ ഭാഗമായിരുന്ന 26 താരങ്ങളെ വിവിധ മത്സരങ്ങളിലായി ടിറ്റെ കളത്തിലിറക്കി. ദക്ഷിണ കൊറിയയ്ക്കെതിരായ പ്രീക്വാർട്ടർ മത്സരത്തിൽ ഒന്നാം നമ്പർ ഗോൾകീപ്പറായ അലിസൺ ബെക്കറിനു പകരം മൂന്നാം നമ്പർ ഗോൾകീപ്പറായ വെവേർട്ടൺ പെരേര കൂടി ഇറങ്ങിയതോടെ ടിറ്റെ ചരിത്രമെഴുതി. 2014ലെ ലോകകപ്പില്‍ ടീമിലുള്ള 23 കളിക്കാരെയും ഗ്രൗണ്ടിലിറക്കിയ നെതെർലൻഡ്‌സിന്റെ റെക്കോർഡാണ് ടിറ്റെ തിരുത്തിയത്.
ഖത്തർ ലോകകപ്പിൽ നിര്‍ണ്ണായക ക്വാർട്ടർ പോരാട്ടത്തില്‍ പെനാൽട്ടി ഷൂട്ടൗട്ടിലാണ് ക്രൊയേഷ്യക്ക് മുന്നില്‍ ബ്രസീല്‍ വീണത്. ഷൂട്ടൗട്ടിൽ ക്രൊയേഷ്യ നാലുവട്ടം പന്ത് ബ്രസീൽ വലയില്‍ കയറ്റി. എന്നാൽ ബ്രസീലിന്റെ രണ്ടു താരങ്ങൾ കിക്ക് പാഴാക്കി. റോഡ്രിഗോയും മാർക്വിനോസുമാണ് കിക്ക് നഷ്ടപ്പെടുത്തിയത്. പെനാൽട്ടി ഷൂട്ടൗട്ടിൽ ക്രൊയേഷ്യയാണ് ആദ്യ കിക്കെടുത്തത്. നിക്കോളാസ് വ്‌ളാസിച് പന്ത് കൂളായി വലയിലാക്കി. റോഡ്രിഗോയുടെ ഷോട്ട് ക്രൊയേഷ്യൻ ഗോളി തടുത്തു. പിന്നീട് നികോള വ്‌ളാസിചും ഗോൾ നേടി. കാസിമിറോയും കിക്ക് വലയിലെത്തിച്ചു. തുടർന്ന് വന്ന മോഡ്രിച്ചും ഗോളാക്കി. പിന്നീട് വന്ന പെഡ്രോ മഞ്ഞ പടയ്ക്ക് ആശ്വാസമേകിയപ്പോൾ ഒർസിച് സമ്മർദ്ദം അതിജീവിച്ച് ക്രൊയേഷ്യക്ക് അടുത്ത ഗോൾ നേടി. എന്നാൽ അടുത്ത ക്വിക്കെടുത്ത മാർക്വിനോസിന് ടീമിന്റെ പ്രതീക്ഷകൾ കാക്കാനായില്ല. റോഡ്രിഗോയടിച്ച ഷോട്ട് ലിവാക്കോവിച്ച് തടഞ്ഞപ്പോൾ മാർക്വിനോസിന്റെ കിക്ക് പോസ്റ്റിനടിച്ച് പുറത്തായി.