LogoLoginKerala

മൂന്നാം സ്‌ഥാനത്തിനായി ഇന്ന് ജീവൻമരണ പോരാട്ടം, വിജയിക്ക് ലഭിക്കുക 223 കോടി രൂപയും വെങ്കല മെഡലും...

 
losers
പോര്‍ച്ചുഗലുമായുള്ള മത്സരവും സ്‌പെയിനുമായുള്ള മത്സരവും മൊറോക്കന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ തങ്കലിപികളാല്‍ എഴുതപ്പെട്ട രേഖകളാകും

ബിജേഷ് ഉദ്ധവ്

ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ പതിഞ്ഞ ഖത്തര്‍ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഖലീഫ സ്റ്റേഡിയത്തില്‍ രാത്രി 8.30ന് ക്രൊയേഷ്യ മൊറോക്കൊയെ നേരിടും. അര്‍ജന്റീനയോട് പരാജയപ്പെട്ടാണ് ക്രൊയേഷ്യ എത്തുന്നതെങ്കില്‍ ഫ്രാന്‍സിനോടാണ് മൊറോക്കൊ പരാജയപ്പെട്ടത്. കഴിഞ്ഞ ലോകകപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്ന ക്രൊയേഷ്യ ആഫ്രിക്കന്‍ ശക്തിയായ മൊറോക്കോയെ നേരിടുമ്പോള്‍ ഖലീഫ സ്റ്റേഡിയത്തില്‍ കൂറ്റന്‍ തിരമാലയടിക്കും. 


ലോകകപ്പില്‍ ആദ്യമായി സെമിയിലെത്തുന്ന ആഫ്രിക്കന്‍ രാജ്യമാണ് മൊറോക്കൊ, സെമിയില്‍ പരാജയപ്പെട്ടെങ്കിലും മൂന്നാം സ്ഥാനത്തിനായി ജീവന്‍ പണയം വെച്ച് അവര്‍ കളത്തില്‍ പോരാടും. സെമി വരെയുള്ള മൊറോക്കോയുടെ യാത്ര വെറും അത്ഭുതമായിരുന്നില്ല. യാസിന്‍ ബോണോ കാക്കുന്ന മൊറോക്കന്‍ കോട്ട ഭേദിക്കാന്‍ കാനഡയ്ക്ക് മാത്രമാണ് ഒരു തവണ സാധിച്ചിരുന്നുള്ളു. അട്ടിമറിയല്ല ആധികാരികമായിരുന്നു മൊറോക്കോയുടെ യാത്ര. ഗ്രൂപ്പ് ഘട്ടത്തില്‍ ക്രൊയേഷ്യയുമായുള്ള മത്സരം ഗോള്‍ രഹിത സമനിലയില്‍ ആയിരുന്നു അവസാനിച്ചത്. അതേ ക്രോയേഷ്യ തന്നെയാണ് ഇന്ന് രാത്രി എതിരാളികളായി കളത്തിലിറങ്ങുന്നത്. പോര്‍ച്ചുഗലുമായുള്ള മത്സരവും സ്‌പെയിനുമായുള്ള മത്സരവും മൊറോക്കന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ തങ്കലിപികളാല്‍ എഴുതപ്പെട്ട രേഖകളാകും. 

ക്രൊയേഷ്യയും ശക്തമായി ടീമാണ്. കഴിഞ്ഞ തവണ ഫൈനലില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ട് രണ്ടാം സ്ഥാനത്തെത്തിയിരുന്ന ക്രൊയേഷ്യ ഇത്തവണ മൂന്നാം സ്ഥാനം ഉറപ്പിച്ച് തന്നെ ആയിരിക്കും ഇന്നിറങ്ങുക. ലോകകപ്പിലെ ഫേവറിറ്റുകളായ ബ്രസീലിനെ മുട്ടുകുത്തിച്ച ക്രൊയേഷ്യ ജയന്റ് കില്ലര്‍മാരുടെ ഒരു സംഘം തന്നെയാണ്. ലൂക്ക മോഡ്രിച്ച് നയിക്കുന്ന സംഘത്തിന്റെ മുഴുവന്‍ ശക്തിയും പക്ഷെ വല കാക്കുന്ന ഡൊമിനിക് ലിവക്കോവിച്ചിലാണ്. ബ്രസീല്‍ മുട്ട് കുത്തിയതും ഇതേ ലിവക്കോവിച്ചിന് മുന്നിലാണ്. 

അട്ടിമറികളും വമ്പന്‍മാരുടെ വീഴ്ചകള്‍ കൊണ്ടും ശ്രദ്ധേയമായ ഖത്തര്‍ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാര്‍ക്ക് കിട്ടുന്നത് 27 മില്ല്യണ്‍ യുഎസ് ഡോളറും വെങ്കല മെഡലുമാണ്. അതായത് ഏകദേശം 223 കോടി ഇന്ത്യന്‍ രൂപ. നാലാം സ്ഥാനക്കാര്‍ക്ക് ലഭിക്കുന്നതാവട്ടെ 206 കോടി ഇന്ത്യന്‍ രൂപയും. ചരിത്രത്തിലെതന്നെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഖത്തര്‍ ലോകകപ്പില്‍ സമ്മാനിക്കുന്നത്.