ഇനിയും പറയുമോ ഞങ്ങള്‍ തിരിച്ചു വരും, അടുത്ത തിരഞ്ഞെടുപ്പില്‍ ഭരണം പിടിക്കും മോദിയെ താഴെ ഇറക്കും എന്ന്? ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം മോദിയ്ക്ക് കിട്ടുന്ന ഊര്‍ജം ചെറുതല്ല
സ്വന്തം ലേഖകന്‍
മോദിയ്ക്കും അമിത് ഷായ്ക്കും അഭിമാന പോരാട്ടമായിരുന്നു ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിനാവട്ടെ അവസാന കച്ചിതുരുമ്പാകും എന്ന് കരുതിയ തെരഞ്ഞെടുപ്പ്. ഒന്നും നഷ്ടപ്പെടാനില്ലാത്തവന് കിട്ടുന്നത് എല്ലാം ലാഭം എന്ന നിലപാടില്‍ എഎപിയും. ഫലം വരുമ്പോള്‍ ശ്വാസം പോകുന്നത് കോണ്‍ഗ്രസിനും.
തുടര്‍ച്ചയായ ഏഴാം തവണയാണ് ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുന്നത്. ഇത്തവണ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച മുന്നേറ്റം നടത്താന്‍ ബിജെപിയ്ക്ക് സാധിക്കുകയും ചെയ്തു. ചുരുക്കി പറഞ്ഞാല്‍ ഒരു പാര്‍ട്ടിയ്ക്കും തൊടാന്‍ പറ്റാത്ത ശക്തിയായി ബിജെപി മാറി. കോണ്‍ഗ്രസാവട്ടെ ശോഷിച്ച് ശോഷിച്ച് ഒന്നുമല്ലാതാവുകയും ചെയ്യുന്നു. 77 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസിന് 20 സീറ്റ് പോലും തികയ്ക്കാനാവുന്നില്ല എന്നത് രാജ്യം ഭരിച്ചിരുന്ന പാര്‍ട്ടി ഇന്ന് എത്തി നില്‍ക്കുന്ന അവസ്ഥയാണ് ചൂണ്ടിക്കാണിക്കുന്നത്.
വലിയ നേതാക്കളെ അണി നിരത്തി പ്രചാരണം കൊഴുപ്പിച്ചിട്ടും കോണ്‍ഗ്രസിന് ഒന്നും നേടാന്‍ സാധിച്ചില്ല എന്നതാണ് വസ്തുത. കേരളത്തില്‍ നിന്ന് നന്നായി ഹിന്ദി സംസാരിക്കാന്‍ സാധിക്കുന്ന ആള്‍ എന്ന നിലയിലാണ് ചെന്നിത്തലയെ പ്രചാരണത്തിനിറക്കിയത്. മാത്രമല്ല കോണ്‍ഗ്രസ് അല്‍പമെങ്കിലും കരുത്തോടെ നില്‍ക്കുന്ന സംസ്ഥാനത്ത് നിന്നുള്ള നേതാവ് എന്ന പരിഗണനയും ചെന്നിത്തലയ്ക്കുണ്ടായിരുന്നു. പക്ഷെ ഒന്നും ഫലം കണ്ടില്ല. ഭാരത് ജോഡോ യാത്ര നടത്തി രാഹുല്‍ ഗാന്ധി നടത്തിയ പ്രചാരണങ്ങളും നിഷ്പ്രഭമായി.
ദില്ലി കോര്‍പറേഷനിലെ ചരിത്ര വിജയം നേടിയതിന് തൊട്ടടുത്ത ദിവസം ഗുജറാത്തിലും മുന്നേറ്റം നടത്താന്‍ സാധിച്ച സന്തോഷത്തിലാണ് ആം ആദ്മി പാര്‍ട്ടി. ശക്തമായ പ്രചാരണം നടത്തിയ കെജരിവാളും കൂട്ടരും നേടിയത് മികച്ച വിജയം തന്നെയാണ്. രണ്ടക്കത്തിലേക്ക് സീറ്റ് എത്തിയില്ലെങ്കിലും ഒന്നും നഷ്ടപ്പെടാനില്ലാത്തവന്റെ പോരാട്ടം വിജയം കണ്ടു എന്ന് തന്നെ പറയണം.