LogoLoginKerala

"വ്യതിചലനം തിരുത്താത്തവർ പാർട്ടിയിൽ ഉണ്ടാവില്ല" ഇതാണ് നിലപാട്

 
Ep jayarajan

പാർട്ടിക്ക് മുകളിൽ പാർട്ടി മാത്രമാണെന്ന് തെളിയിക്കുന്ന ധീരമായ നിലപാടാണ് ഇപ്പോൾ സിപിഎം നേതാവ് പി ജയരാജൻ സ്വീകരിച്ചിരിക്കുന്നത്. ഇപി ജയരാജനെതിരെ ഉയർന്നുവന്ന ആരോപണങ്ങളിൽ പി ജയരാജൻ നടത്തിയ പ്രതികരണം തികച്ചും മാതൃകാപരമാണ്. പാർട്ടി എന്താണെന്നും പാർട്ടിയുടെ നിലപാട് എന്താണെന്നും വ്യക്തമാക്കുകയായിരുന്നു പിജെ തന്റെ പ്രതികരണത്തിലൂടെ. 

കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ മുതിര്‍ന്ന സിപിഎം നേതാവ് ഇ പി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണം തള്ളാതെയായിരുന്നു പി ജയരാജന്റെ പ്രതികരണം. അതിനിടെ സംഭവത്തില്‍ പി ജയരാജന്‍ രേഖാമൂലം പരാതി നല്‍കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. കൂടാതെ ഇപിക്കെതിരെയായുള്ള ആരോപണം സിപിഎം പോളിറ്റ് ബ്യൂറോ പരിശോധിക്കുമെന്നും റിപ്പോർട് എത്തുന്നുണ്ട്. ഇതിനിടയിലാണ് പി ജയരാജന്റെ നിലപാട് വലിയരീതിയിൽ ചർച്ചയായി മാറുന്നത്.

നാടിന്റെയും പാര്‍ട്ടിയുടെയും താത്പര്യത്തിന് കീഴ്‌വഴങ്ങി കൊണ്ടുള്ള നിലപാടാകണം നേതാക്കളുടേത്. അതില്‍ വ്യതിചലനം ഉണ്ടായാല്‍ ചൂണ്ടിക്കാട്ടും, തിരുത്താന്‍ ആവശ്യപ്പെടും. തിരുത്തിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നുമാണ് പി ജയരാജന്‍ വ്യക്തമാക്കിയത്.

അതേ സമയം തന്റെ ആരോപണം ഉയർത്തി സിപിഎമ്മിൽ കുഴപ്പമുണ്ടാകുമെന്ന തരത്തിലുള്ള മാധ്യമ റിപ്പോർട്ടുകളെ അദ്ദേഹം വിമർശിക്കകുയം ചെയ്തു. സിപിഎമ്മിനകത്ത് നടക്കുന്ന ചർച്ചകൾ പാർട്ടിയെ ശക്തമാക്കുകയെ ഉള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.

അതേസമയം ഇപി ജയരാജൻ കേന്ദ്രകമ്മിറ്റി അംഗമായതിനാല്‍ അന്വേഷണത്തിന് പിബിയുടെ അനുമതി ആവശ്യമാണ്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ ചേരുന്ന പി ബി യോഗം ഇക്കാര്യം പരിശോധിക്കുമെന്നാണ് ഒടുവിൽ എത്തുന്ന റിപ്പോർട്ട്‌.

എന്നാൽ  സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ പി ജയരാജന്‍ ഇപിക്കെതിരെ ആക്ഷേപം ഉന്നയിച്ചത് സിപിഎം സംസ്ഥാന നേതൃത്വത്തില്‍ ഭിന്നത രൂക്ഷമാക്കിയിട്ടുണ്ട്. പാർട്ടിക്കുള്ളിൽ തന്നെ ചേരിതിരിഞ്ഞുള്ള വാക്ക് പോരുകൾക്കും ഇത് ഇടവച്ചു.

അതേസമയം, മൊറാഴയിലെ വിവാദ റിസോര്‍ട്ടുമായി തനിക്ക് ബന്ധമില്ലെന്നാണ് ഇ പി ജയരാജന്റെ വാദം.