LogoLoginKerala

അനുമതിയില്ലാത്ത റിസോര്‍ട്ട്; ഇപിക്കെതിരായ പരാമര്‍ശം തള്ളാതെ പിജെ

 
Pj
നാടിന്റെയും പാര്‍ട്ടിയുടെയും താത്പര്യത്തിന് കീഴ്‌വഴങ്ങി കൊണ്ടുള്ള നിലപാടാകണം നേതാക്കളുടേത്. അതില്‍ വ്യതിചലനം ഉണ്ടായാല്‍ ചൂണ്ടിക്കാട്ടും, തിരുത്താന്‍ ആവശ്യപ്പെടും. തിരുത്തിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്ന് പി ജെ ജയരാജന്‍ വ്യക്തമാക്കി
കണ്ണൂർ: ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ മുതിര്‍ന്ന സിപിഎം നേതാവ് ഇ പി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണം തള്ളാതെ പി ജയരാജന്‍. സംഭവത്തില്‍ പി ജയരാജന്‍ രേഖാമൂലം പരാതി നല്‍കുമെന്നാണ് സൂചന. കൂടാതെ ഇപിക്കെതിരെയായുള്ള ആരോപണം സിപിഎം പോളിറ്റ് ബ്യൂറോ പരിശോധിക്കും. ഇപി കേന്ദ്രകമ്മിറ്റി അംഗമായതിനാല്‍ അന്വേഷണത്തിന് പിബിയുടെ അനുമതി ആവശ്യമാണ്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ ചേരുന്ന പി ബി യോഗം ഇക്കാര്യം പരിശോധിക്കും. 
സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ പി ജയരാജന്‍ ആക്ഷേപം ഉന്നയിച്ചത് സിപിഎം സംസ്ഥാന നേതൃത്വത്തില്‍ ഭിന്നത രൂക്ഷമാക്കിയിട്ടുണ്ട്. അതേസമയം, മൊറാഴയിലെ വിവാദ റിസോര്‍ട്ടുമായി തനിക്ക് ബന്ധമില്ലെന്നാണ് ഇ പി ജയരാജന്റെ വാദം.
റിസോര്‍ട്ടിന്റെ നിര്‍മ്മാണം തുടങ്ങിയത് അനുമതി ഇല്ലാതെയാണെന്നും അനുമതികള്‍ പലതും വാങ്ങിയത് നിര്‍മ്മാണം തുടങ്ങിയതിനു ശേഷമാണെന്നും പിജെ ആരോപണം ഉയര്‍ത്തി. കൂടാതെ അനുമതിക്കായി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചതായും പിജെ പറയുന്നു. ഇപിക്കതിരായ ആരോപണത്തില്‍ പാര്‍ട്ടിതലത്തിലും അന്വേഷണം വന്നേക്കും. നാടിന്റെയും പാര്‍ട്ടിയുടെയും താത്പര്യത്തിന് കീഴ്‌വഴങ്ങി കൊണ്ടുള്ള നിലപാടാകണം നേതാക്കളുടേത്. അതില്‍ വ്യതിചലനം ഉണ്ടായാല്‍ ചൂണ്ടിക്കാട്ടും, തിരുത്താന്‍ ആവശ്യപ്പെടും. തിരുത്തിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്ന് പി ജെ ജയരാജന്‍ വ്യക്തമാക്കി.