മഞ്ഞപ്പടയ്ക്കും നീലപ്പടയ്ക്കും ക്വാര്‍ട്ടര്‍ കടമ്പ കടക്കാനാവുമോ?; തീപാറും പോരാട്ടം ഇന്ന്
അഭിന പ്രകാശ്
ദോഹ: സ്വപ്നസെമി ലക്ഷ്യം വച്ച് അവസാന എട്ട് ടീമുകളുടെ ക്വാര്‍ട്ടര്‍ മത്സരം ഇന്ന് മുതല്‍ ആരംഭിക്കും. ഇരട്ടി ആവേശത്തിലാണ് ആരാധകര്‍. സാംബ താളം തീര്‍ക്കാന്‍ ബ്രസീലും നീലാകാശം വെട്ടിപ്പിടിക്കാന്‍ അര്‍ജെന്റീനയും ഇന്ന് ക്വാര്‍ട്ടര്‍ പോരാട്ടത്തിലേക്ക് ഒരേ ദിവസം എത്തുന്നതാണ് ഫൂട്ബോള്‍ ആരാധകര്‍ക്ക് ആവേശം ഇരട്ടിയാക്കുന്നത്. ഫുട്‌ബോളിലെ വന്‍മരങ്ങളായ ജര്‍മ്മനി, സ്‌പെയിന്‍, ബല്‍ജിയം എന്നിവ പാതിവഴിയില്‍ തോല്‍വി ഏറ്റുവാങ്ങി പിന്‍വാങ്ങിയതോടെ കേരളക്കര ആവേശത്തോടെ ഉറ്റുനോക്കുന്നത് ബ്രസീല്‍, അര്‍ജന്റീന, പോര്‍ച്ചുഗല്‍ മത്സരങ്ങളെയാണ്. ഖത്തര്‍ ലോകകപ്പിലെ ആവേശപ്പോരട്ടത്തില്‍ 24 ടീമുകള്‍ പുറത്തായി, അവശേഷിക്കുന്നത് 8 ടീമുകള്‍ ഇന്ന് മുതല്‍ കളത്തിലിറങ്ങുമ്പോള്‍ അര്‍ജെന്റീന, ബ്രസീല്‍ സ്വപ്ന സെമി യാത്ഥാര്‍ത്ഥ്യമാകുമോ എന്ന് ചോദ്യമാണ് അവശേഷിക്കുന്നത്.
ആരാധകരുടെ ഫേവ്‌റേറ്റുകളായ ബ്രസീല്‍, അര്‍ജെന്റീന, ഫ്രാന്‍സ്, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍ എന്നിവര്‍ക്കൊപ്പം ക്രൊയേഷ്യയും നെതര്‍ലാന്‍ഡ്‌സും മൊറോക്കയുമാണ് ക്വാര്‍ട്ടര്‍ പോരട്ടത്തിനിറങ്ങുന്നത്. ലോകകപ്പ് ചരിത്രത്തിലാദ്യമായി ക്വാര്‍ട്ടര്‍ മത്സരത്തില്‍ പ്രവേശനം ലഭിക്കുന്ന ആദ്യത്തെ ആഫ്രിക്കന്‍ രാജ്യമായി മൊറോക്കൊ മാറി എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
പ്രീ-ക്വാര്‍ട്ടര്‍ മത്സരം കഴിഞ്ഞതോടെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശമായി പുതിയൊരു താരം കൂടെ പിറവിയെടുത്തിട്ടുണ്ട്. പോര്‍ച്ചുഗലിന്റെ ഇതിഹാസ താരമായ ക്രിസ്റ്റിയാനോ റോണാല്‍ഡോയ്ക്ക് പകരം വന്ന ഗോണ്‍സാലോ റാമോസാണ് ഇത്തവണത്തെ ലോകകപ്പിലെ ആദ്യത്തെ ഹാട്രിക് നേടിയത്.
194 മത്സരങ്ങളുടെ പരിചയവും 118 ഗോളുകളുടെ പകിട്ടുമുള്ള ക്രിസ്റ്റിയാനോയെ റിസര്‍വ് ബെഞ്ചിലിരുത്തി വെറും മൂന്നു മത്സരങ്ങളില്‍ പകരക്കാരനായി ഇറങ്ങി ഒരു ഗോള്‍ അടിച്ചതിന്റെ മേനി മാത്രമുള്ള റാമോസ് സ്വന്തമാക്കിയ മൂന്ന് ഗോളാണ് പോര്‍ച്ചുഗലിന്റെ വിജയം ആദ്യ പകുതിയില്‍ തന്നെ ഉറപ്പിച്ചത്. പിന്നീടങ്ങോട്ടുള്ള മൂന്ന് ഗോളുകള്‍ നേടിയതോടെ രാജകീയമായിട്ടാണ് പോര്‍ച്ചുഗലിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം.
ക്വാര്‍ട്ടറിന്റെ ആദ്യദിനമായ ഇന്ന് അഞ്ച് തവണ ലോക ചാമ്പ്യന്‍മാരായിട്ടുള്ള ബ്രസീലും കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയും തമ്മിലാണ് ആദ്യ ക്വാര്‍ട്ടര്‍ പോരാട്ടം നടക്കുക. ജപ്പാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പിച്ചാണ് ക്രൊയേഷ്യ ക്വാര്‍ട്ടറിലെത്തിയത്. എന്നാല്‍, ദക്ഷിണ കൊറിയയെ 4-1ന് പരാജയപ്പെടുത്തിയാണ് ബ്രസീലിന്റെ വരവ്.
പരിക്കില്‍ നിന്ന് തിരിച്ചെത്തിയ നെയ്മര്‍ ജൂനിയര്‍ ദക്ഷിണ കൊറിയയ്‌ക്കെതിരായ മത്സരത്തില്‍ മികച്ച ഫോമിലായിരുന്നു. ബ്രസീലിന്റെ പ്രതീക്ഷയും നെയ്മറിലാണ്. ഗോള്‍ നേടുന്നതിനൊപ്പം അവസരങ്ങള്‍ ഒരുക്കാനും കേമനായ നെയ്മറെ പിടിച്ചുകെട്ടുകയാവും ക്രൊയേഷ്യയുടെ ലക്ഷ്യം. ബ്രസീലിയന്‍ കോച്ച് ടിറ്റെ തികഞ്ഞ ആത്മവിശ്വാസത്തില്‍ തന്നെയാവും ടീമിനെ കളത്തില്‍ ഇറക്കുക. കാമറൂണിനോട് പിണഞ്ഞ തോല്‍വിയുടെ കളങ്കം അവര്‍ കഴിഞ്ഞ കളിയില്‍ മായ്ച്ചു കഴിഞ്ഞു. ശക്തരായ കാനറി പടയെ ക്രൊയേഷ്യ എങ്ങനെ നേരിടും എന്നത് കണ്ടു തന്നെയറിയണം. ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീല്‍ ക്രൊയേഷ്യയെ നേരിടും. അല്‍ റയ്യാന്‍ എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8.30-നാണ് കിക്കോഫ്.
എന്നാല്‍ ഡലിചിന്റെ ക്രൊയേഷ്യയും അത്ര മോശക്കാരൊന്നുമല്ല. ഈ ലോകകപ്പില്‍ ഇതുവരെ പരാജയമറിഞ്ഞിട്ടില്ലാത്ത കോയേഷ്യന്‍ പട പരിചയസമ്പന്നത കൊണ്ട് മികവുറ്റതാണ്. ഏഷ്യന്‍ ശക്തികളായ ജപ്പാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് നിലവിലെ രണ്ടാം സ്ഥാനക്കാരുടെ വരവ്. 2018 ലെ ബാലന്‍ ഡി ഓര്‍ പുരസ്‌കാര ജേതാവും ടീം ക്യാപ്റ്റനുമായ മോഡ്രിച്, ആന്‍ഡ്രേ ക്രാമിച്, ഇവാന്‍ പേരിസിച്, കോവാസിച് എന്നിവരടങ്ങുന്ന പരിചയ സമ്പന്നരായ നിരയിലാണ് കോച്ചിന്റെ പ്രതീക്ഷ.
അതേസമയം കരുത്തരായ അര്‍ജന്റീന നെതര്‍ലന്‍ഡ്സ് മത്സരവും ഇന്നാണ് നടക്കുക. ഖത്തറിലെ ആദ്യമത്സരത്തിലെ തോല്‍വിക്കു ശേഷം പിന്നീടുള്ള മൂന്ന് കളിയുടെ വിജയത്തിളക്കത്തിലാണ് മിശാഹായും സംഘവും ഇന്ന് കളിക്കളത്തിലേക്കെത്തുക. പരിക്കേറ്റ സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയ തിരിച്ചുവരുന്നത് അര്‍ജന്റീനയ്ക്ക് പ്രതീക്ഷനല്‍കുമ്പോള്‍ റോഡ്രിഗോ ഡി പോളിന്റെ പരിക്ക് ആശങ്കയുമാകുന്നുണ്ട്.
പതിവായി പിന്തുടരുന്ന നിര്‍ഭാഗ്യങ്ങളെയെല്ലാം മറികടന്ന് ഖത്തറില്‍ കിരീടത്തില്‍ മുത്തമിടാനാണ് നെതര്‍ലാന്‍ഡ്‌സിന്റെ വരവ്. ലൂയി വാന്‍ഗാല്‍ എന്ന തന്ത്രജ്ഞനായ പരിശീലകനു കീഴില്‍ മികച്ച പ്രകടനമാണ് നെതര്‍ലന്‍ഡ്‌സ് പുറത്തെടുക്കുന്നത്. പ്രീക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയെ മറികടന്നാണ് അര്‍ജന്റീന വരുന്നതെങ്കില്‍ അമേരിക്കയെ തകര്‍ത്താണ് നെതര്‍ലന്‍ഡ്‌സ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. നിലവില്‍ അപരാജിതരായി പൊരുതിവന്ന ഓറഞ്ച് പടയും ആദ്യം കിതച്ചെങ്കിലും പിന്നീട് കുതിച്ചുയര്‍ന്ന നീലപ്പടയും ഇന്ന് നേര്‍ക്കുനേര്‍ പോരടിക്കുമ്പോള്‍ വിജയം ആര്‍ക്കൊപ്പമെന്നത് നിര്‍ണായകമാകും.
ഖത്തറിലെ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം 12.30ക്കാണ് മത്സരം. ശനിയാഴ്ച രാത്രി 8.30ന് പോര്‍ച്ചുഗല്‍ മൊറോക്കോ മത്സരവും 12.30ന് ഫ്രാന്‍സ് ഇംഗ്ലണ്ട് മത്സരവും നടത്തും. സെമിഫൈനലുകള്‍ 13നും 14നുമാണ് നടക്കുന്നത്. 18നാണ് ഫൈനല്‍ മത്സരം.
Content Highlights - Qatar World Cup, Quarter Games Starts Today