LogoLoginKerala

മൂന്നാം കിരീടം ലക്ഷ്യം; അര്‍ജന്റീനയോ ഫ്രാന്‍സോ?

 
Argentina VS France

നോക്കൗട്ട് സ്റ്റേജില്‍ സെനഗലിനെയും, ഇഗ്ലണ്ടിനെയും ഇപ്പോള്‍ മൊറോക്കയേയും നിശ്ചിത സമയത്ത് തന്നെ കീഴടക്കിയാണ് ഫ്രാന്‍സിന്റെ വരവ്. മറുവശത്ത് ക്വാര്‍ട്ടറില്‍ ശക്തരായ നെതര്‍ലെന്‍ഡ്സിനെ ഷൂട്ടൗട്ടിലും, കാനറികളുടെ ചിറകരിഞ്ഞ കൊയേഷ്യയെ നിശ്ചിത സമയത്തും തകര്‍ത്താണ് അര്‍ജെന്റീന ഫൈനലിലെത്തിയത്. 2018ല്‍ ക്രൊയേഷ്യയോട് പരാജിതരായ നീലപ്പട 2022ല്‍ അതേനാണയത്തില്‍ തിരിച്ചടിച്ചിട്ടുണ്ട്. ഈ കണക്കുകളൊക്കെ സൂചിപ്പക്കുന്നത് ഏറക്കുറെ തുല്ല്യ ശക്തികളുടെ മത്സരമാകും ഖത്തര്‍ ലോകകപ്പിന്റെ ഫൈനല്‍ എന്നതാണ്

അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ക്കും, മാറിമറിയപ്പെട്ട റെക്കോര്‍ഡുകള്‍ക്കും സാക്ഷിയായ ഖത്തര്‍ ലോകകപ്പ് അവസാന ലാപ്പില്‍ എത്തുമ്പോള്‍ മുഖാമുഖം എത്തുന്നത് ശക്തരായ രണ്ട് ടീമുകളാണ്. ഞായറാഴ്ച ഇന്ത്യന്‍ സമയം എട്ടരക്ക് ലുസൈല്‍ സ്റ്റേഡിയത്തില്‍ കലാശപോരിനിറങ്ങുമ്പോള്‍ മൂന്നാം കിരീടമാണ് രണ്ട് ടീമുകളുടെയും ലക്ഷ്യം. ഖത്തര്‍ ലോകകപ്പിലെ അവസാന രാത്രിയും അവസാന മത്സരവുമാണിത്. മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സും ഫേവറിസ്റ്റുകളില്‍ മുന്‍നിരയിലുള്ള അര്‍ജന്റീനയും ഫൈനലില്‍ ഏറ്റുമുട്ടുമ്പോള്‍ മെസിയാണോ കിലിയന്‍ എംബാപ്പെയാണോ കപ്പുയര്‍ത്തുക എന്നത് പ്രവചനാതീതമാണ്.

Argentina VS France

ഹൃദയംകൊണ്ട് പന്തുതട്ടുന്നവരാണ് അര്‍ജന്റീനക്കാര്‍. പരാജയം നുണഞ്ഞു കൊണ്ടുള്ള ഈ ലോകകപ്പ് പ്രവേശനത്തിനുശേഷം, ജയം എന്നത് മാത്രമാണ് അവരുടെ ഏക ലക്ഷ്യവും. മിശിഹായുടെ കാലുകള്‍ പലതവണ ഗോള്‍വല കുലുക്കിയപ്പോള്‍ അര്‍ജന്റീനക്കാര്‍ക്ക്  ലോകകപ്പ് സ്വപ്നം വിദൂരമല്ലെന്ന് വിധിയെഴുതി. മെസി നയിക്കുന്ന മുന്നേറ്റവും ഫ്രഞ്ച് പ്രതിരോധവും തമ്മിലായിരിക്കും പോരാട്ടം. ഇനി അഥവാ മെസിയെ പൂട്ടിയാലും ഫ്രഞ്ച് പടയ്ക്ക് ടീമിനെ പിടിക്കാനായെന്ന് വരില്ല. സെമി ഫെനലിലെ ജൂലിയന്‍ അല്‍വാരസിന്റെ ഇരട്ടിപ്രഹരം നീലപ്പടയ്ക്ക് നല്‍കിയ ആത്മവിശ്വാസവും കരുത്തും ചെറുതല്ല... നിലവിലെ ചാമ്പ്യന്‍മാര്‍ സ്ട്രോങ് ആണെങ്കില്‍ മെസിയും പിള്ളേരും ഡബിള്‍ സ്ട്രോങ്ങിലാണെന്നത് പറയാതെ വയ്യ. എന്‍സോ ഫെര്‍ണാണ്ടാസും അകൂനയും മകലിസ്റ്ററും മോശക്കാരല്ല. കളിക്കളത്തിലെ തന്ത്രജ്ഞനായ സ്‌കലോണി നയിക്കുന്ന നീലപ്പടയ്ക്ക് കണക്കുകള്‍ ബാക്കിവെക്കുന്ന ശീലമല്ല. ലുസെയ്ലില്‍ പന്തുരുളുമ്പോള്‍ പല കണക്കുകളും അവര്‍ക്ക് വീട്ടാനുണ്ട്.

argentina

അതേസമയം, ഫ്രാന്‍സാകട്ടെ പ്രഫഷണല്‍ കളിയുടെ ആശാന്മാരാണ്. അര്‍ജന്റീനയ്ക്ക് ശക്തരായ എതിരാളികളും. ഖത്തര്‍ ലോകകപ്പിലെ അതിശക്തന്‍മാര്‍ എന്നു തന്നെ ഫ്രഞ്ച് പടയെ വിശേഷിപ്പിക്കാം. എതിര്‍ ടീമിനെ കൃത്യമായി പ്രതിരോധിക്കണമെന്ന് കളിയുടെ തുടക്കം മുതലേ അവര്‍ കാണിച്ചു തരും. സെമിയില്‍ ആദ്യ അഞ്ച് മിനിറ്റില്‍ തന്നെ തീപാറുന്ന പ്രകടനത്തിലൂടെ അവര്‍ അത് കാണിച്ചു തന്നതുമാണ്.

france

ആരാധകരുടെ എണ്ണത്തില്‍ മുന്നിട്ടു നില്‍ക്കുന്ന അര്‍ജന്റീനയും, കളിയുടെ മികവില്‍ കുതിച്ചു മുന്നേറുന്ന ഫ്രാന്‍സും തമ്മിലുള്ള ജീവന്മരണപ്പോരാട്ടത്തിന്റെ അവസാനം ലോക ഫുട്‌ബോളിന്റെ നെറുകയില്‍ ആരെത്തും എന്നുള്ളത് ചോദ്യചിഹ്നമായി അവശേഷിക്കുന്നു. അതിനുത്തരം മണിക്കൂറുകള്‍ക്കുള്ളില്‍ ലുസെയ്ല്‍ സ്റ്റേഡിയം നല്‍കും.

നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ പ്രവേശനമാണിത്. മെസിയുടെ അര്‍ജന്റീനയാകട്ടെ 2014ലെ ലോകകപ്പില്‍ ഫൈനലിലെത്തിയെങ്കിലും അവസാന നിമിഷം ജര്‍മനിയോട് തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ഇരു ടീമുകളും രണ്ട് തവണ ലോകകപ്പില്‍ മുത്തമിട്ടുണ്ട്. ഇതില്‍ അര്‍ജന്റീന കപ്പടിച്ച് രണ്ട് ടൂര്‍ണമെന്റിനും ശേഷമാണ് ഫ്രാന്‍സ് കിരീട ജേതാക്കളുടെ പട്ടികയിലേക്കുവരുന്നത്. 1978ലും 1986ലുമാണ് അര്‍ജന്റീന കിരീട ജേതാക്കളായത്. ഫ്രാന്‍സാകട്ടെ 1998ലും 2018ലെ റഷ്യന്‍ ലോകകപ്പിലും ജേതാക്കളായി. 2018ല്‍ പ്രീക്വാര്‍ട്ടറില്‍ ഇരുവരും ഏറ്റുമുട്ടിയെങ്കിലും 4-3ന് ഫ്രാന്‍സ് വിജയിച്ചുകയറുകയായിരുന്നു. ഈ മത്സരത്തിന്റെ കടവും അര്‍ജന്റീനക്ക് ബാക്കിയുണ്ട്.

argentina

മൂന്നാം കിരീടത്തിനപ്പുറം, സൂപ്പര്‍ താരം ലയണല്‍ മെസിക്ക് ഒരു കിരീടനേട്ടമാകും അര്‍ജന്റീന സ്വപ്നം കാണുന്നത്. മറുവശത്ത് ഫ്രാന്‍സാകട്ടെ, കിരീടം നിലനിര്‍ത്താനുള്ള ശ്രമത്തിലുമാണ്. ഇനി ഇതുവരെയുള്ള മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ ടീമുകളെ  വിലയിരുത്തുകയാണെങ്കില്‍ ഏറെക്കുറെ കാര്യങ്ങള്‍ എടുത്തുപറയേണ്ടതുണ്ട്. അതില്‍ ആദ്യത്തേത് ഓരോ മത്സരങ്ങള്‍ പരാജയപ്പെട്ടാണ് ഇരു ടീമുകളും ഫൈനലില്‍ എത്തിയത് എന്നത് തന്നെയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ സൗദി അറേബ്യയോട് തോല്‍വി വഴങ്ങിയിരുന്നെങ്കിലും പിന്നീട് മികച്ച പ്രകടനമാണ് ടീം അര്‍ജന്റീന കാഴ്ചവെച്ചത്. ആദ്യം കിതച്ചെങ്കിലും പിന്നീടങ്ങോട്ടുള്ള ഓരോ മത്സരങ്ങളും നീലപ്പടയുടെ മുന്നേറ്റമാണ് ഫുട്‌ബോള്‍ ലോകം കണ്ടത്.

തന്റെ 35ാമത്തെ വയസിലും മികച്ച ഫോമിലാണ് ഇതിഹാസ താരം ലയണല്‍ മെസി. മെസി തന്നെയാണ് അര്‍ജന്റീനയുടെ പ്രതീക്ഷയും. അഞ്ച് ഗോളുകളും മൂന്ന് അസിസ്റ്റുമാണ് താരം ഇതുവരെ ടൂര്‍ണമെന്റില്‍ നേടിയത്. നോക്കൗട്ടില്‍ മെസിയുടെ ഗോള്‍ എന്ന സ്വപ്നവും ഘത്തറിലാണ് യാഥാര്‍ഥ്യമായത്. അതുകൊണ്ട് തന്നെ മിശിഹായുടെ കാലുകളിലേക്കാണ് അര്‍ജെന്റീനന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.

messi

മറുവശത്ത് ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിലാണ് ഫ്രാന്‍സ് തോല്‍വിയറിഞ്ഞത്. ആദ്യ രണ്ട് മത്സരം വിജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ മൂന്നാം മത്സരത്തില്‍ മുന്‍നിര താരങ്ങളെ ബെഞ്ചിലിരുത്തി കളിത്തിലിറങ്ങിയ ഫ്രാന്‍സ് ടുണീഷ്യയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങുകയായിരുന്നു. ഗ്രീസ്മാനും ജിറൂദും യുവ താരം കിലിയന്‍ എംബാപ്പെയുമടങ്ങിയതാണ് ഫ്രാന്‍സിന്റെ ശക്തി. എംബാപ്പെ ഇതുവരെ അഞ്ച് ഗോളുകള്‍ ഈ ടൂര്‍ണമെന്റില്‍ നേടിയിട്ടുണ്ട്. ഗോള്‍ഡന്‍ ബൂട്ട് നേടാനുള്ള മത്സരത്തില്‍ മെസിക്കൊപ്പമാണ്.

Empape

നോക്കൗട്ട് സ്റ്റേജില്‍ സെനഗലിനെയും, ഇഗ്ലണ്ടിനെയും ഇപ്പോള്‍ മൊറോക്കയേയും നിശ്ചിത സമയത്ത് തന്നെ കീഴടക്കിയാണ് ഫ്രാന്‍സിന്റെ വരവ്. മറുവശത്ത് ക്വാര്‍ട്ടറില്‍ ശക്തരായ നെതര്‍ലെന്‍ഡ്സിനെ ഷൂട്ടൗട്ടിലും, കാനറികളുടെ ചിറകരിഞ്ഞ കൊയേഷ്യയെ നിശ്ചിത സമയത്തും തകര്‍ത്താണ് അര്‍ജെന്റീന ഫൈനലിലെത്തിയത്. 2018ല്‍ ക്രൊയേഷ്യയോട് പരാജിതരായ നീലപ്പട 2022ല്‍ അതേനാണയത്തില്‍ തിരിച്ചടിച്ചിട്ടുണ്ട്. ഈ കണക്കുകളൊക്കെ സൂചിപ്പക്കുന്നത് ഏറക്കുറെ തുല്ല്യ ശക്തികളുടെ മത്സരമാകും ഖത്തര്‍ ലോകകപ്പിന്റെ ഫൈനല്‍ എന്നതാണ്.

ലോകം കാത്തിരുന്ന മത്സരത്തന്റെ വിധി നിര്‍ണയിക്കുന്ന വിസില്‍ മുഴങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.. ലോക കായിക പ്രേമികളുടെ കണ്ണും കാതും മാത്രമല്ല പ്രാര്‍ഥനകളും ഖത്തറിലേക്കാണ്.  ലോകകപ്പെന്ന മോഹത്തിലേക്ക് അര്‍ജന്റീനയും ഫ്രാന്‍സും അടുക്കുമ്പോള്‍ ലോകം രണ്ടായി വിഭജിക്കപ്പെടും. ഫുട്ബോള്‍ എന്ന ഒറ്റ വികാരത്തിന്റെ മുന്നില്‍ ലോകം കുമ്പിടുമ്പോള്‍ പക വീട്ടലിന്റെയും പ്രതികാരത്തിന്റെയുമെല്ലാം കളംമാറി ആവേശത്തിന്റെ തിരയിളക്കമാവും.. മെസിയോ എംബാപ്പെയോ എന്ന് കാത്തിരുന്ന് തന്നെ കാണാം...............

Content Highlights - Qatar World Cup, Argentina VS France