ഹവാല ഇടപാടില്‍ ജോയ് ആലുക്കാസിന്റെ 305.84 കോടിയുടെ ആസ്തികള്‍ കണ്ടുകെട്ടി; ദുബായിലേക്ക് കോടികള്‍ കടത്തി, ഇടപാട് ചെയര്‍മാന്‍ ജോയ് ആലുക്കാസ് വര്‍ഗ്ഗീസിന്റെ അറിവോടെ എന്ന് ഇഡി

ഹവാല ഇടപാടിന്റെ പേരില്‍, ജോയ് ആലൂക്കാസ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് വര്‍ഗ്ഗീസിന്റെ 305.84 കോടി വിലമതിക്കുന്ന ആസ്തികള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഫെമ നിയമലംഘനത്തിനാണ് നടപടി. ഇന്ത്യയില്‍ നിന്ന് ഹവാല ചാനലുകള്‍ വഴി ദുബായിലേക്ക് കോടികള്‍ കടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. ഈ തുക പിന്നീട് ജോയ് ആലുക്കാസിന്റെ 100 ശതമാനം ഉടമസ്ഥതയിലുള്ള ദുബായിലെ ജോയ് ആലുക്കാസ് ജൂവലറിയില്‍ നിക്ഷേപിക്കുകയായിരുന്നു എന്ന് ഇഡി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.ഈ മാസം 22 ന് ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ഓഫീസ് അടക്കം അഞ്ചു സ്ഥലങ്ങളിലും, ഡയറക്ടറുടെ വസതിയിലും ഇഡി തിരച്ചില്‍ നടത്തിയിരുന്നു. ഔദ്യോഗിക രേഖകളും മെയിലുകളും ജീവനക്കാരുടെ മൊഴികളും ശേഖരിച്ചതോടെ, ഹവാല ഇടപാടില്‍ ജോയ് ആലുക്കാസിന്റെ പങ്കിന് തെളിവുകള്‍ കിട്ടി. ഹവാല ഇടപാടിലൂടെ കടത്തിയ പണമാണ് ദുബായിലെ ജൂവലറിയില്‍ നിക്ഷേപിച്ചതെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ഇഡി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
സ്ഥാപനത്തിന്റെ തൃശ്ശൂരിലെ കോര്‍പ്പറേറ്റ് ഓഫീസ് അടക്കം അഞ്ചിടങ്ങളിലാണ് ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.ജോയ് ആലുക്കാസിന്റെ ഡ്രീംപാലസ് എന്ന് വിളിപ്പേരുള്ള എന്ന ശോഭ സിറ്റിയിലെ കൊട്ടാര സദൃശ്യമായ ബംഗ്ലാവിലാണ് ഇഡി പരിശോധനക്കെത്തിയ ഒരു കേന്ദ്രം. കോര്‍പ്പറേറ്റ് ഓഫീസ് കൂടാതെ തൃശ്ശൂരിലെ സ്വര്‍ണാഭരണ നിര്‍മ്മാണ കേന്ദ്രത്തിലും പരിശോധന നടത്തി. 20തോളം വാഹനങ്ങളിലാണ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ പരിശോധനക്ക് എത്തിയത്.രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. പ്രാഥമിക ഓഹരി വില്‍പ്പനയില്‍ നിന്നും ജോയ് ആലൂക്കാസ് ഗ്രൂപ്പ് താല്‍ക്കാലികമായി പിന്മാറിയതിന് പിന്നാലെയാണ് റെയ്ഡ് നടന്നത്. സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിലാണ് കമ്പനി ഐപിഒ പിന്‍വലിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം അറിയിപ്പ് വന്നത്. ഐപിഒ പിന്‍വലിക്കാനുള്ള പ്രത്യേക കാരണങ്ങളൊന്നും കമ്പനി വ്യക്തമാക്കിയിരുന്നില്ല.
കണ്ടുകെട്ടിയ ആസ്തികളില്‍, തൃശൂര്‍ ശോഭ സിറ്റിയിലെ ഭൂമിയും കെട്ടിടങ്ങളുമായി 81.54 കോടിയുടെ സ്ഥാവര സ്വത്തുക്കള്‍, 91.22 ലക്ഷത്തിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍, 5.58 കോടിയുടെ മൂന്ന് സ്ഥിര നിക്ഷേപങ്ങള്‍, 217.81 കോടിയുടെ ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികള്‍ എന്നിവ ഉള്‍പ്പെടുന്നു.ഇടപാടില്‍ ചെയര്‍മാന്‍ ജോയ് ആലുക്കാസിനും വ്യക്തമായ പങ്കെന്നാണ് ഇഡി പറയുന്നത്.
ജോയ് ആലുക്കാസിന് ഇന്ത്യയിലും ഗള്‍ഫിലുമായി പതിനൊന്ന് രാജ്യങ്ങളില്‍ 130 റീട്ടെയില്‍ ജൂവലറി ഷോപ്പുകളുണ്ട്.ഒമാന്‍ ദുബായ് യുഎഇ കുവൈറ്റ് എന്നിവടങ്ങളില്‍ അറുപതോളം മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളുണ്ട്. അടുത്തിടെ ആലുക്കാസ് കുടുംബത്തിലും ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. സഹോദരങ്ങള്‍ തമ്മിലെ വിഷയങ്ങള്‍ പരസ്യമായി പുറത്തുവരികയും ചെയ്തിരുന്നു.