സിപിഎമ്മിലേക്ക് പോയത് കേരളത്തിലെ ഏക സംഘടന സെക്രട്ടറി; പാര്‍ട്ടിയെ സെമി-കേഡറാക്കാനുള്ള സുധാകര നീക്കം പിഴയ്ക്കുന്നോ?

എം.മനോജ്‌ കുമാര്‍ 

കോണ്‍ഗ്രസിനെ സെമി കേഡര്‍ പാര്‍ട്ടിയാക്കാനുള്ള സുധാകര നീക്കത്തില്‍ അസംതൃപ്തി ഉരുണ്ടു കൂടിക്കൊണ്ടിരിക്കെയാണ് കെപിസിസിയുടെ സംഘടന ചുമതലയുള്ള ഏക ജനറല്‍ സെക്രട്ടറി സിപിഎമ്മിലേക്ക് പോയത്; അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി എല്ലാവരെയും പുറത്താക്കി കോണ്‍ഗ്രസിന് മുന്നോട്ടു പോകാന്‍ കഴിയില്ല എന്ന് തന്നെയാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്; അച്ചടക്കം തുടര്‍ച്ചയായി ലംഘിച്ചവര്‍ തന്നെയാണ് അച്ചടക്ക ലംഘനത്തിന്റെ പേരില്‍ നേതാക്കളെ പുറത്ത് തള്ളുന്നത് എന്ന ആക്ഷേപമാണ് അനില്‍ കുമാറിന്റെ രാജിയോടെ കോണ്‍ഗ്രസില്‍ ശക്തമാകുന്നത്

തിരുവനന്തപുരം: ജനാധിപത്യ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ സെമി-കേഡര്‍ പാര്‍ട്ടിയാക്കി മാറ്റാനുള്ള കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും നീക്കം പാളുന്നു. കെപിസിസിയുടെ സംഘടന ചുമതലയുള്ള ഏക ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാറിന്റെ സിപിഎമ്മിലേക്കുള്ള പ്രവേശനം ഇതിന്റെ സൂചനയായി മാറുന്നു.

കോണ്‍ഗ്രസിനെ സെമി കേഡര്‍ പാര്‍ട്ടിയാക്കാനുള്ള സുധാകരന്റെ നീക്കത്തില്‍ പാര്‍ട്ടിയില്‍ അസംതൃപ്തി ഉരുണ്ടു കൂടിക്കൊണ്ടിരിക്കെയാണ് കെപിസിസിയുടെ ഏക സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ കെ.പി.അനില്‍കുമാറിന്റെ രാജിയും സിപിഎമ്മിലേക്കുള്ള പ്രവേശനവും.

സിപിഎമ്മിലേക്ക് പോയത് കോണ്‍ഗ്രസിന്റെ ഏക സംഘടന  ജനറല്‍ സെക്രട്ടറി 

അനില്‍ കുമാര്‍ പാര്‍ട്ടിയില്‍ രണ്ടാമനാണ്. കെ.സുധാകരന്‍ കഴിഞ്ഞാല്‍ രണ്ടാമത് പോസ്റ്റില്‍ ഇരിക്കുന്നയാള്‍. യൂത്ത് കോണ്‍ഗ്രസ് തലപ്പത്ത് ഉള്‍പ്പെടെ ദീര്‍ഘമായ പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാവാണ്‌ ഇന്നു എകെജിസെന്ററിന്റെ പടി കടന്നു സിപിഎമ്മില്‍ ചേര്‍ന്നത്. സുധാകരന്റെ പരിഷ്ക്കരണ നടപടികള്‍ പിഴയ്ക്കുകയാണ് എന്ന വ്യക്തമായ സന്ദേശമാണ് അനില്‍ കുമാറിന്റെ സിപിഎം പ്രവേശനത്തിലൂടെ തെളിയുന്നത്.

കെപിസിസി മുൻ സെക്രട്ടറി പിഎസ് പ്രശാന്ത് ഈ മാസം തുടക്കത്തില്‍ സിപിഎമ്മില്‍ ചേര്‍ന്നതിന്റെ തൊട്ടു പിന്നാലെയാണ് അനില്‍ കുമാറിന്റെയും സിപിഎമ്മിലെക്കുള്ള പ്രവേശനം. അനില്‍കുമാറിന്റെയും പ്രശാന്തിന്റെയുമൊക്കെയുള്ള സിപിഎം പ്രവേശനത്തില്‍ കോണ്‍ഗ്രസിലും യുഡിഎഫിലും അമ്പരപ്പ് പ്രകടമാണ്.

നടപടികള്‍ കര്‍ക്കശമാക്കിയാല്‍ 

നടപടികള്‍ കര്‍ശനമാക്കിയാല്‍ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടും എന്ന സൂചന തന്നെയാണ് കോണ്‍ഗ്രസില്‍ നിന്നും പുറത്ത് വരുന്നത്. ചുവപ്പ് പരവതാനി വിരിച്ചാണ് അനില്‍ കുമാറിനെ സിപിഎം നേതൃത്വം എകെജി സെന്ററില്‍ എതിരേറ്റത്. സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍ തന്നെയാണ് അനില്‍ കുമാറിനെ എകെജി സെന്ററില്‍ സ്വീകരിച്ചത്.

ഈ രീതിയില്‍ എല്ലാവരെയും പുറത്താക്കിയാല്‍ കോണ്‍ഗ്രസ് കാണില്ലെന്നാണ് ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ ലോഗിന്‍ കേരളയോട് പ്രതികരിച്ചത്. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ് സ്വയം നിയന്ത്രണമാണ് കോണ്‍ഗ്രസിലെ അച്ചടക്കം. ഇപ്പോള്‍ അച്ചടക്ക ലംഘനത്തിനു എതിരെ നടപടി സ്വീകരിക്കുന്ന കെ.സുധാകരന്‍ തന്നെ എത്രയോ തവണ അച്ചടക്കം ലംഘിച്ച കാര്യം നേതാക്കള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.

അച്ചടക്ക ലംഘനം കോണ്‍ഗ്രസില്‍ പതിവ് രീതി

കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുന്‍പ് പരിഗണിക്കാതിരുന്നപ്പോള്‍ കോണ്‍ഗ്രസിന്റെ ദേശീയ സംഘടന ചുമതലയുള്ള കെ.സി.വേണുഗോപാലിനെയും കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വറിനെതിരെയും പ്രസ്താവനയിറക്കിയ നേതാവാണ്‌ കെ.സുധാകരന്‍.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെതിരെ പരസ്യ പ്രസ്താവന നടത്തിയവരാണ് വി.എം.സുധീരനും വി.ഡി.സതീശനും. ഇതില്‍ സതീശന്‍ ഇപ്പോള്‍ പ്രതിപക്ഷ നേതാവുമാണ്. ഈ സുധാകരനും സതീശനുമൊക്കെയാണ് അച്ചടക്ക ലംഘനം നടത്തി എന്ന് പറഞ്ഞു നേതാക്കളെ സസ്പെന്‍ഡ് ചെയ്യുകയും പുറത്താക്കുകയുമൊക്കെ ചെയ്യുന്നത്.

സോണിയ ഗാന്ധിയെ മദാമ്മ എന്നും അന്ന് കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേല്‍ എന്നുമൊക്കെ വിളിച്ച കെ.മുരളീധരന്‍ ഇപ്പോള്‍ എംപിയും പ്രചാരണ സമിതി ചെയര്‍മാനുമാണ്.

പിഴയ്ക്കുന്നത് സുധാകര തീരുമാനമോ 

അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി എല്ലാവരെയും പുറത്താക്കി കോണ്‍ഗ്രസിന് മുന്നോട്ടു പോകാന്‍ കഴിയില്ല എന്ന് തന്നെയാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. സെമി കേഡര്‍ പാര്‍ട്ടിയാക്കി കോണ്‍ഗ്രസിനെ മാറ്റാന്‍ കെ.സുധാകരന് കഴിയില്ല. അങ്ങിനെയെങ്കില്‍ കോണ്‍ഗ്രസിന്റെ ബൈലോ തന്നെ മാറ്റേണ്ടി വരും. ഇതൊന്നും മാറ്റാതെ എടുപിടി എന്ന രീതിയില്‍ സുധാകരന്‍ എടുക്കുന്ന തീരുമാനങ്ങള്‍ ആണ് പിഴയ്ക്കുന്നത് എന്നാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

സംഘടന ചുമതലയുള്ള കെ.പി.അനില്‍ കുമാറിന്റെ രാജിയും സിപിഎമ്മിലെക്കുള്ള പോക്കും അതുകൊണ്ട് തന്നെ കടുത്ത ആഘാതമാണ് കോണ്‍ഗ്രസില്‍ സൃഷ്ടിച്ചിരിക്കുന്നത്. പുറമേ നേതാക്കള്‍ സുധാകരനെ അനുകൂലിച്ച് രംഗത്ത് വന്നെങ്കിലും കോണ്‍ഗ്രസിന്റെ അകത്തളം പുകയുകയും സംഘര്‍ഷഭരിതമാവുകയുമാണ്‌.

 അവസാനിപ്പിച്ചത് 43 വർഷത്തെ കോൺഗ്രസ്‌ പ്രവർത്തനം

43 വർഷത്തെ കോൺഗ്രസ്‌ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നാണ് വാർത്താസമ്മേളനത്തിൽ അനിൽകുമാർ പറഞ്ഞത്. സുധാകരൻ കെപിസിസി പിടിച്ചെടുത്തത് താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തതു പോലെയാണ് എന്ന അതിനിശിതമായ ആരോപണവും അനില്‍ കുമാര്‍ തൊടുത്തു.

തന്റെ രക്‌തത്തിന്‌ വേണ്ടി ദാഹിക്കുന്നവരാണ്‌ നേതൃത്വത്തിലുള്ളത്‌. പിന്നിൽനിന്ന്‌ കുത്തേറ്റ്‌ മരിക്കാനില്ല എന്ന് പറഞ്ഞു കൊണ്ടാണ് കോണ്‍ഗ്രസ് വിടാനുള്ള തീരുമാനം അനില്‍ കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പരസ്യപ്പെടുത്തിയത്.

എ-ഐ ഗ്രൂപ്പുകളെ വെട്ടി മുന്നോട്ടു പോകാന്‍ കഴിയുമോ?

എ-ഐ ഗ്രൂപ്പുകളെ വെട്ടി മുന്നോട്ടു പോകാനുള്ള സുധാകരന്റെ ശ്രമം പരാജയമടഞ്ഞിരുന്നു. ഡിസിസി അധ്യക്ഷ നിയമനങ്ങളില്‍ അവഗണിക്കപ്പെട്ടതോടെ എ-ഐ ഗ്രൂപ്പില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നതോടെ കൂട്ടായ ചര്‍ച്ച നടത്തിയാണ് സുധാകരന് മുന്നോട്ടു പോകാന്‍ കഴിഞ്ഞത്. ഉമ്മന്‍ ചാണ്ടിയുമായും ചെന്നിത്തലയുമായുമൊക്കെ ചര്‍ച്ച നടത്താന്‍ സുധാകരന്‍ നിര്‍ബന്ധിതമായത് ഈ ഒരു സാഹചര്യം ഉയര്‍ന്നു വന്നപ്പോഴാണ്.

കെ.സുധാകരനും വി.സതീശനും കെ.മുരളീധരനുമാണ് അനില്‍കുമാറിന്റെ സിപിഎം പ്രവേശനത്തിന്നെതിരെ രംഗത്ത് വന്നിരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കപ്പെടുന്ന മാലിന്യങ്ങളെ സമാഹരിക്കുന്ന വെറുമൊരു വെസ്റ്റ് കളക്ഷന്‍ സെന്ററായി എകെജി സെന്റര്‍ മാറുന്നത് ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ് എന്നാണ് സുധാകരന്‍ പ്രതികരിച്ചത്.

സംഘടന ജനറല്‍ സെക്രട്ടറിയെ മാലിന്യമായി ചിത്രീകരിച്ച് സുധാകരന്‍ 

കോണ്‍ഗ്രസിലെ ഏക സംഘടന ജനറല്‍ സെക്രട്ടറിയെ മാലിന്യമായാണ് കെപിസിസി അധ്യക്ഷന്‍ വിശേഷിപ്പിച്ചത്. അച്ചടക്ക നടപടി നേരിട്ടവരല്ലാത്ത ഒരാളെപ്പോലും ഇതുവരെ സിപിഎമ്മിനു റാഞ്ചാന്‍ സാധിച്ചിട്ടില്ലെന്നും സുധാകരന്‍ പ്രതികരിക്കുന്നു.

ജനങ്ങള്‍ക്ക് വിശ്വാസമുള്ള ഒരു പ്രസ്ഥാനമായി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിനിടയില്‍ ചിലര്‍ വിട്ടു പോകുന്നതിനെ കുറിച്ച് ഒന്നും പറയാനില്ലെന്നാണ് വി.ഡി സതീശന്‍ പ്രതികരിച്ചത്.

എസ്.ഡി.പി.ഐ സഹായത്തോടെ ഈരാറ്റുപേട്ടയില്‍ ഭരണം പിടിച്ച സിപിഎം മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയെന്ന നല്ല ബോധ്യം ഉണ്ടായിരുന്നെങ്കില്‍ നേരത്തെ തന്നെ സി.പി.എമ്മില്‍ പോകാതിരുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യമാണ് സതീശന്‍ ഉയര്‍ത്തുന്നത്.

അകത്തളങ്ങള്‍ പുകഞ്ഞു തന്നെ 

ടാങ്ക് നിറഞ്ഞാൽ കുറച്ച് വെള്ളം പുറത്തുപോകും; ടാങ്കിന് അതുകൊണ്ട് കുഴപ്പമൊന്നുമില്ല എന്ന പരിഹാസമാണ് കെ.മുരളീധരന്‍ കെട്ടഴിച്ചത്. ഇതൊക്കെ ഉപരിതല വിമര്‍ശനമായി മാറുമ്പോഴും അകത്തളങ്ങള്‍ പുകയുക തന്നെയാണ്. ഒരു പൊട്ടിത്തെറി തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ മുന്നില്‍ കാണുന്നത്. അച്ചടക്കത്തിന്റെ ദണ്ഡ് കാട്ടി കോണ്‍ഗ്രസില്‍ നേതാക്കളെ തളച്ചിടാന്‍ കഴിയില്ലെന്നതിന്റെ ഉദാഹരണമായി തന്നെയാണ് കെ.പി.അനില്‍ കുമാറിന്റെയും പി.എസ്.പ്രശാന്തിന്റെയുമൊക്കെ സിപിഎം പ്രവേശനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ കാണുന്നത്.