നീലക്കുറിഞ്ഞി പൂത്തു നില്‍ക്കുന്നത് കാണാന്‍ കുടകിലേക്ക് പോരൂ..

മാന്തല്‍പ്പട്ടി മലനിരകള്‍ പ്രകൃതി സൗന്ദര്യത്തിന്റെ നിറകുടമാണ്. നീലക്കുറിഞ്ഞി പൂത്തതോടെ ഈ മേഖലയുടെ മനോഹാരിത പതിന്‍ മടങ്ങായി മാറിയിരിക്കയാണ്.

രഞ്ജിത് ബാബു

നീല വസന്തം കാണാന്‍ കുടക് വിളിക്കുന്നു. കുടക് ജില്ലയിലെ പുഷ്പഗിരി വന്യജീവി സങ്കേതത്തിലെ മാന്തല്‍പ്പട്ടിയിലാണ് നീലക്കുറഞ്ഞി പൂത്തു നില്‍ക്കുന്നത്. മൂടല്‍ മഞ്ഞിുന്റെ നാടായ കുടകില്‍ നീലക്കുറിഞ്ഞി പൂക്കളുടെ മനോഹാരിത കാണാന്‍ സഞ്ചാരികള്‍ എത്തുന്നുണ്ട്. എങ്കിലും കോവിഡ് മാരിയുടെ നിയന്ത്രണങ്ങള്‍ കാരണം ഭൂരിഭാഗം പേര്‍ക്കും മാധ്യമങ്ങളിലൂടെ മാത്രമേ ഈ വര്‍ണ്ണ വിസ്മയം കാണാനാകുന്നുള്ളൂ. മാന്തല്‍പ്പട്ടി മലനിരകള്‍ പ്രകൃതി സൗന്ദര്യത്തിന്റെ നിറകുടമാണ്. നീലക്കുറിഞ്ഞി പൂത്തതോടെ ഈ മേഖലയുടെ മനോഹാരിത പതിന്‍ മടങ്ങായി മാറിയിരിക്കയാണ്.

പശ്ചിമഘട്ടത്തിലെ അത്യപൂര്‍വ്വ ജൈവ കലവറയായിട്ടാണ് മാന്തല്‍പ്പട്ടിയെ കണക്കാക്കുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 3265 അടി ഉയരത്തിലാണ് മാന്തല്‍പ്പട്ടി മലനിര. 10292.148 ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്നതാണ് പുഷ്പഗിരി വന്യ ജീവി സങ്കേതം. സമീപ മലനിരകളായ പര്‍വ്വതഗിരി ബേട്ട, കുമാരപര്‍വ്വം എന്നിവയുടെ നേര്‍ക്കാഴ്ചയും സഞ്ചാരികളുടെ മനം കവരുന്നു. സമുദ്ര നിരപ്പില്‍ നിന്നും 1200 മീറ്റര്‍ ഉയരത്തിന് താഴെ വിരിയുന്ന സ്ട്രോബിലാന്തസ് സെസില്‍സ് ഇനം കുറിഞ്ഞിയാണ് മാന്തല്‍പ്പട്ടിയിലേത്. മൂന്നാറിലും നീലഗിരിയിലും പൂക്കുന്ന നീലക്കുറിഞ്ഞി സ്ട്രോബിലാന്തസ് കുന്തിയാന വിഭാഗത്തില്‍ പെട്ടതാണ്. എന്നാല്‍ കാഴ്ചയിലും സൗന്ദര്യത്തിലും മാന്തല്‍പ്പട്ടിയിലെ കുറിഞ്ഞിപ്പൂക്കള്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്നു.

അടുത്ത രണ്ടാഴ്ച കൂടി നീലവിസ്മയം ഈ മലനിരകളെ സൗന്ദര്യത്തിലാഴ്ത്തും. രണ്ടാഴ്ച കഴിഞ്ഞാല്‍ പൂക്കള്‍ വിത്തുകളായി മാറും. പിന്നീട് 12 വര്‍ഷം കാത്തിരിക്കണം ഇത്തരമൊരു അനുഭവത്തിനായി. 30 സെന്റീമീറ്റര്‍ മുതല്‍ 60 സെന്റീ മീറ്റര്‍ വരെയാണ് മാന്തല്‍പ്പട്ടയിലെ കുറിഞ്ഞി ചെടികളുടെ ഉയരം. കര്‍ണാടക വനം വകുപ്പിന്റെ അനുമതിയോടെ മാത്രമേ ഇവിടെ പ്രവേശിക്കാനാവൂ. സാധാരണ ഗതിയില്‍ നവംബര്‍ മുതല്‍ ജനുവരിവരെയാണ് സഞ്ചാരികള്‍ മാന്തല്‍പ്പട്ടിയില്‍ എത്തുന്നത്. മേഘങ്ങളും മൂടല്‍ മഞ്ഞും പരസ്പരം മത്സരിക്കുന്ന മാന്തല്‍പ്പട്ടി പ്രകൃതി സൗന്ദര്യത്തിന്റെ പറുദീസയാണ്.