കേരളത്തിലെ ആദ്യ മിനി ബെഡ് ഐസിയു ആംബുലന്‍സ് മൂന്നാറില്‍ ഓടിത്തുടങ്ങി

കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു മിനി ബെഡ് ഐ.സി.യു ആംബുലന്‍സ് വരുന്നത്. ആശുപത്രിയില്‍ ഇരുന്ന് ഡോക്ടര്‍ക്ക് പരിശോധിച്ച് വിലയിരുത്തി അപ്പപ്പോള്‍ ചികിത്സ നല്‍കാന്‍ ഉള്ള സംവിധാനങ്ങള്‍ ഇതിലുണ്ട്.

മൂന്നാര്‍: ആശുപത്രിയിലെ ഐസിയുവില്‍ ലഭ്യമാകുന്ന എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ സഞ്ചരിക്കുന്ന മിനി ബെഡ് ഐ.സി.യു ആംബുലന്‍സ് മൂന്നാറില്‍ ഓടിത്തുടങ്ങി. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു മിനി ബെഡ് ഐ.സി.യു ആംബുലന്‍സ് വരുന്നത്. 48 ലക്ഷം രൂപ ചെലവിട്ട് ടാറ്റാ ജനറല്‍ ആശുപത്രി ആണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ആശുപത്രിയില്‍ ഇരിക്കുന്ന ഡോക്ടര്‍ക്ക് മോണിറ്ററില്‍ രോഗിയെയും കാണാന്‍ കഴിയും.
ആംബുലന്‍സില്‍ വിദഗ്ധ ചികിത്സക്ക് കൊണ്ടുപോകുന്ന അത്യാസന്ന നിലയിലുള്ള രോഗിയെ ആശുപത്രിയില്‍ ഇരുന്ന് ഡോക്ടര്‍ക്ക് പരിശോധിച്ച് വിലയിരുത്തി അപ്പപ്പോള്‍ ചികിത്സ നല്‍കാന്‍ ഉള്ള സംവിധാനങ്ങള്‍ ഇതിലുണ്ട്.

കൂടാതെ വെന്റിലേറ്ററും പേസ്‌മേക്കറും മോണിറ്ററും ഘടിപ്പിച്ചിട്ടുള്ള ഇതിലെ രോഗിയുടെ ആരോഗ്യസ്ഥിതി ആശുപത്രി ഐ.സി.യുവില്‍ എന്നപോലെ വിലയിരുത്താനും ചികിത്സ നിര്‍ദ്ദേശിക്കാനും ആശുപത്രിയില്‍ ഇരിക്കുന്ന ഡോക്ടര്‍ക്ക് കഴിയുന്ന വിധത്തിലുള്ള സംവിധാനങ്ങളാണ് വാഹനത്തിലുള്ളത്.

കണ്ണന്‍ ദേവന്‍ കമ്പനിയിലെ തൊഴിലാളികള്‍ക്കൊപ്പം പൊതുജനങ്ങള്‍ക്കും ഈ മിനി ബെഡ് ഐ.സി.യുവിന്റെ സേവനം വിട്ടുനല്‍കുമെന്ന് ടാറ്റാ ആശുപത്രി ഡയറക്ടര്‍ ഡോ. ഡേവിഡ്.ജെ.ചെല്ലി പറഞ്ഞു.