സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് 'കേരള സവാരി' കൂടുതല്‍ നഗരങ്ങളിലേക്ക്
Apr 20, 2023, 22:47 IST

കൊച്ചി-സുരക്ഷിതവും ചെലവുകുറഞ്ഞതുമായ യാത്ര ഉറപ്പുവരുത്താന്‍ സംസ്ഥാനത്തിന്റെ സ്വന്തം ഓണ്‍ലൈന്‍ ടാക്സി സര്‍വീസായ 'കേരള സവാരി' കൂടുതല്‍ നഗരങ്ങളിലേക്ക്. തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ ഓണ്‍ലൈന്‍ ഓട്ടോ, ടാക്സി സംവിധാനം കൊച്ചി, തൃശൂര്‍ നഗരങ്ങളിലാണ് അടുത്ത ദിവസങ്ങളില്‍സര്‍വീസ് തുടങ്ങുക. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ചൂഷണത്തില്‍ നിന്നും ഓട്ടോ, ടാക്സി തൊഴിലാളികളെ സംരക്ഷിച്ച് മാന്യമായ സ്ഥിര വരുമാനം ഉറപ്പാക്കുകയെന്നതും അതോടൊപ്പം തര്‍ക്കങ്ങളില്ലാത്തതും സുരക്ഷിതവുമായ യാത്ര എല്ലാവര്‍ക്കും ലഭ്യമാക്കുകയെന്നതുമാണ് പദ്ധതിയുടെ ലക്ഷ്യം.
സര്‍ക്കാര്‍ നിശ്ചയിച്ച ഓട്ടോ, ടാക്സി നിരക്കിനൊപ്പം എട്ടുശതമാനം സര്‍വീസ് ചാര്‍ജ് മാത്രമേ കേരള സവാരിവഴിയുള്ള സര്‍വീസുകള്‍ക്ക് ഉണ്ടാകൂ. എല്ലാസമയത്തും അംഗീകൃതചാര്‍ജും സര്‍വീസ് ചാര്‍ജും മാത്രം നല്‍കിയാല്‍ മതിയാകും. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഏറെ സുരക്ഷിതമായി ഉപയോഗിക്കാവുന്ന സംവിധാനമാണ് കേരള സവാരി ആപ്പ്. സുരക്ഷാ മാനദണ്ഡങ്ങളില്‍ അങ്ങേയറ്റം കരുതലോടെയാണ് ആപ്പ് ഡിസൈന്‍ ചെയ്തിട്ടുള്ളത്. ഡ്രൈവറുടെ രെജിസ്‌ട്രേഷന്‍ മുതല്‍ ഈ കരുതലിന് പ്രാധാന്യം നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍, പോലീസ്, ലീഗല്‍ മെട്രോളജി, ഗതാഗതം, ഐ.ടി, പ്ലാനിംഗ് ബോര്‍ഡ് തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ തൊഴില്‍ വകുപ്പിന്റെ കീഴിലാണ് നഗരമേഖലയില്‍ ആദ്യം നടപ്പിലാക്കുന്നത്. സാങ്കേതിക സംവിധാനങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പാലക്കാട് ഐ ഐ ടി ഐയാണ്. എറണാകുളം, തൃശൂര്‍ ജില്ലകളിലെ ഓട്ടോ, ടാക്സി ഡ്രൈവര്‍മാര്‍ക്ക് ഇതിനുള്ള പരിശീലനം നല്‍കും. എറണാകുളത്ത് ഈ മാസം 28നും തൃശൂരില്‍ മേയ് ഒമ്പതിനുമാണ് പരിശീലനം. തുടര്‍ന്ന് രജിസ്ട്രേഷന്‍ നല്‍കും. പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിന് ജില്ലാ തലത്തില്‍ കലക്ടര്‍ ചെയര്‍മാനായ കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്.