കുറ്റബോധത്താല്‍ തല താഴ്ത്തിയല്ലാതെ ‘കെഞ്ചിര’ നമുക്ക് കാണാനാവില്ല; പി ആര്‍ സുമേരന്‍ എഴുതുന്നു

‘ആദിവാസികളെ വെച്ച് സിനിമ ചെയ്യാന്‍ ആരെങ്കിലും തയ്യാറാകുമോ? പരമ പുച്ഛത്തോടെ മലയാളി ഈ ചോദ്യം ചോദിക്കും. പക്ഷേ മനോജ് കാന അതിന് തയ്യാറായി.’

കേരളത്തിന്റെ പൊതുസമൂഹം തീര്‍ച്ചയായും കണ്ടിരിക്കേണ്ട മലയാളചിത്രം തന്നെയാണ് കെഞ്ചിര. ചായില്യം, അമീബ എന്നീ നല്ല ചിത്രങ്ങള്‍ നമുക്ക് സമ്മാനിച്ച സംവിധായകനായ മനോജ് കാനയാണ് ഈ കെഞ്ചിരയും നമുക്ക് മുന്നില്‍ അവതരിപ്പിച്ചത്. കുറ്റബോധത്താല്‍ തല താഴ്ത്തിയല്ലാതെ ഈ ചിത്രം നമുക്ക് കാണാനാവില്ല. സാമൂഹ്യ ഉത്തരവാദിത്വം വളരെ കൃത്യമായി നിറവേറ്റുന്ന സംവിധായകന്‍ തന്നെയാണ് മനോജ് കാന.

തന്റെ ആത്മാന്വേഷണങ്ങള്‍ ജനാധിപത്യ ബോധത്തോടെ ആവിഷ്‌ക്കരിക്കുന്ന കലാകാരന്‍ കൂടിയാണ് അദ്ദേഹം. മനോജിന്റെ ചിത്രങ്ങളെല്ലാം സാമൂഹ്യ പ്രതിബദ്ധതയുടെ അടയാളങ്ങളാണ്. ദേശീയ തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കെഞ്ചിര നീ സ്ട്രീം ഒ ടി ടി പ്ലാറ്റ്ഫോമില്‍ വിജയകരമായി ഇപ്പോള്‍ പ്രദര്‍ശനം നടന്നുവരികയാണ്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. കെഞ്ചിരയുടെ ഉള്ളടക്കം തന്നെയാണ് ചിത്രത്തെ ഇത്രമാത്രം ജനപ്രിയമാക്കിയത്.

കൃത്യമായ സോഷ്യല്‍ പൊളിറ്റിക്സ്

ചിത്രം മുന്നോട്ട് വെയ്ക്കുന്നത് സോഷ്യല്‍ പൊളിറ്റിക്സാണ്. നൂറ്റാണ്ടുകളായി ആദിവാസി സമൂഹം അനുഭവിച്ച് വരുന്ന ദുരവസ്ഥകളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ദളിത് -ആദിവാസി പ്രക്ഷോഭങ്ങള്‍ നിരന്തരം നടന്നുവരുന്ന ഒരു പ്രക്രിയ മാത്രമായി ഇപ്പോള്‍ കേരളത്തില്‍ മാറിയിട്ടുണ്ട്. ആദിവാസി മേഖലകളിലെല്ലാം തന്നെ ഭൂമിയുടെയും പൗരാവകാശത്തിന്റെയും പേരില്‍ സമരങ്ങളും പ്രക്ഷോഭങ്ങളും നടന്നുവരുന്നു. ആദിവാസികളുടെ ഭൂമിപ്രശ്നം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അതിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ഭൂപരിഷ്‌ക്കരണം സമീപകാലത്ത് വന്ന വനാവകാശം തുടങ്ങിയ കാര്യങ്ങളിലൊക്കെ പ്രക്ഷോഭങ്ങളും സമരങ്ങളും നടന്നുവരികയാണ്. മുത്തങ്ങ സമരവും ചെങ്ങറ സമരവും കേരളത്തിന് അത്രവേഗം മറക്കാനാവാത്ത ആദിവാസി പ്രക്ഷോഭസമരങ്ങളാണ്. ആദിവാസികളുടെ മനുഷ്യാവകാശപ്രശ്നം സംബന്ധിച്ചും അവരുടെ വിഭവങ്ങള്‍ സംബന്ധിച്ചും ചര്‍ച്ചകളും സംവാദങ്ങളും നടന്നുവരുന്നു. ദേശീയ തലത്തിലടക്കം ശ്രദ്ധേയരായ എഴുത്തുകാരും ആക്റ്റിവിസ്റ്റുകളും ആദിവാസിപ്രശ്നങ്ങളെക്കുറിച്ച് നിരന്തരം എഴുതിവരുന്നു.

ആദിവാസികളുടെ പ്രശ്നങ്ങള്‍ ദേശീയ മാധ്യമങ്ങളടക്കം ചര്‍ച്ച ചെയ്യുന്നു. കേരളത്തിലെ പൊതുമാധ്യമങ്ങളടക്കം ആദിവാസി പ്രശ്നങ്ങള്‍ ആഘോഷിക്കുന്നു. ആദിവാസികളെക്കുറിച്ച് യൂണിവേഴ്സിറ്റി തലങ്ങളില്‍ ഗവേഷണങ്ങളും പഠനങ്ങളും തകൃതിയായി നടക്കുന്നു. ദളിത്-ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ബുദ്ധിജീവികളും എഴുത്തുകാരും വിശ്രമമില്ലാതെ എഴുത്തും തങ്ങളുടെ പോരാട്ടവുമായി തുടരുന്നു. ആദിവാസികളെക്കുറിച്ച് എത്രയോ ഡോക്യുമെന്ററികളും ചിത്രീകരണങ്ങളും വന്നുകൊണ്ടിരിക്കുന്നു. എന്നിട്ടും എന്തേ പതിറ്റാണ്ടുകളായി ആദിവാസികള്‍ അനുഭവിക്കുന്ന ദുരിത ജീവിതങ്ങള്‍ക്കും ദുരവസ്ഥയ്ക്കും യാതൊരു മാറ്റവുമില്ല. സര്‍ക്കാരുകള്‍ മാറിമാറി വന്നിട്ടും ‘വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ’.

ആദിവാസികളെ വെച്ച് എടുത്ത സിനിമ

ഇങ്ങനെയൊരു സാഹചര്യത്തിലാണ് മലയാളികളുടെ കാഴ്ചകളിലേക്ക് കെഞ്ചിര വരുന്നത്. ആദിവാസികളുടെ പ്രശ്നം ഉപരിതലത്തിലല്ല കെഞ്ചിര ചര്‍ച്ച ചെയ്യുന്നത്. വളരെ ആഴത്തില്‍ വിഷയങ്ങളെ ചിത്രം സമീപിച്ചിട്ടുണ്ട്. ആദിവാസികള്‍ സിനിമയില്‍ ജീവിക്കുകയാണ്. അവര്‍ അഭിനയിക്കുകയല്ല. ഒന്നിനും കൊള്ളാത്തവര്‍ എന്ന് മുദ്രകുത്തി അരിക് വല്‍ക്കരിക്കുകയും സമൂഹത്തിന്റെ ഓരങ്ങളിലേക്ക് തള്ളിയിടുകയും ചെയ്ത ആദിവാസികളെ തന്റെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ ചങ്കൂറ്റം കാണിച്ച മനോജ് കാനയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. ആ പ്രവൃത്തി മാതൃകാപരവുമാണ്.

സിനിമ പോലുള്ള വലിയ വ്യവസായത്തില്‍ പരീക്ഷണത്തിന് ആരും തയ്യാറാവില്ല. റിസ്‌ക്ക് ഏറ്റെടുക്കാന്‍ ആരും ഒരുക്കമല്ല. ആദിവാസികളെ വെച്ച് സിനിമ ചെയ്യാന്‍ ആരെങ്കിലും തയ്യാറാകുമോ? പരമ പുച്ഛത്തോടെ മലയാളി ഈ ചോദ്യം ചോദിക്കും. പക്ഷേ മനോജ് കാന അതിന് തയ്യാറായി. ആ ധൈര്യം തന്നെയാണ് കെഞ്ചിരയുടെ വിജയം. കെഞ്ചിര വലിയ അദ്ധ്വാനത്തിന്റെ ചിത്രം കൂടിയാണ്. ആദിവാസികളെ അവരുടെ തനത് സംസ്‌ക്കാരവും ജീവിതവും ഒപ്പിയെടുത്തിട്ടുണ്ട്. കൃത്രിമത്വം ഒന്നുമേയില്ല. ഇത്രയും റിയാലിറ്റിയുള്ള ഒരു സിനിമ സമീപകാലത്ത് മലയാളത്തില്‍ ഇറങ്ങിയിട്ടില്ല. തീര്‍ച്ചയായും മലയാളികള്‍ കെഞ്ചിര കണ്ടേ തീരൂ. നിങ്ങള്‍ സാമൂഹ്യ പ്രതിബദ്ധതയുള്ളവരാണെങ്കില്‍ ഈ ,സിനിമ കാണണം. ജീവിതത്തില്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ വരുന്ന അമ്പരപ്പോ ഭയമോ ഒന്നും പ്രകടിപ്പിക്കാതെ വൃദ്ധരും കുട്ടികളുമായ ആദിവാസി സഹോദരങ്ങള്‍ അഭിനേതാക്കളായി സ്‌ക്രീനില്‍ ജീവിക്കുന്നത് നമുക്ക് അത്ഭുതത്തോടെ മാത്രമേ നോക്കിയിരിക്കാനാവൂ.

ചിത്രം അംഗീകാരങ്ങളുടെ നിറവില്‍

ചിത്രം നേര് ഫിലിംസും, മങ്ങാട്ട് ഫൗണ്ടേഷനും സംയുക്തമായാണ് നിര്‍മ്മിച്ചത്. വയനാട്ടിലെ ആദിവാസി സമൂഹമായ പണിയ വിഭാഗത്തിന്റെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും നേര്‍സാക്ഷ്യമാണിത്. 2020 ല്‍ ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രം ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങളില്‍ മികച്ച ഭാഷാ ചിത്രത്തിനുള്ള പുരസ്‌ക്കാരവും മൂന്ന് കേരള സംസ്ഥാന പുരസ്‌ക്കാരങ്ങളും നേടിയിരുന്നു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ ചിത്രമായും തെരങ്ങെടുക്കപ്പെട്ടു. കാന്‍ ചലച്ചിത്രമേളയില്‍ സ്‌കീനിംഗിനായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കോവിഡ് രൂക്ഷമായതിന്റെ സാഹചര്യത്തില്‍ സ്‌ക്രീനിംഗ് നടന്നില്ല. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവെല്ലിലും ഉള്‍പ്പെടെ വിവിധ മേളകളില്‍ ‘കെഞ്ചിര’ പ്രേക്ഷക പ്രശംസയും നിരൂപക ശ്രദ്ധയും നേടിയിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള അവാര്‍ഡ്, മികച്ച ക്യാമറാമാനുള്ള അവാര്‍ഡ് പ്രതാപ് പി നായര്‍ക്കും വസ്ത്രാലങ്കാരത്തിനുള്ള അവാര്‍ഡ് അശോകന്‍ ആലപ്പുഴയ്ക്ക് ലഭിച്ചതും ‘കെഞ്ചിര’യിലൂടെയായിരുന്നു. പണിയ ഭാഷയില്‍ ആവിഷ്‌ക്കരിച്ച ചിത്രത്തിലെ അഭിനേതാക്കളില്‍ തൊണ്ണൂറ് ശതമാനം പേരും ആദിവാസികളായിരുന്നു. ആദിവാസികളായ വിനുഷ രവി, കെ വി ചന്ദ്രന്‍, മോഹിനി, സനോജ് കൃഷ്ണന്‍, കരുണന്‍, വിനു കുഴിഞ്ഞങ്ങാട്, കോലിയമ്മ എന്നിവരും നടന്‍ ജോയി മാത്യു, തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. എല്ലാ അഭിനേതാക്കളും ഒന്നിനൊന്ന് മെച്ചം. കെഞ്ചിര നമ്മുടെ ചിത്രമാണ്. മലയാളികളുടെ സ്വന്തം സിനിമ.