24 C
Kochi
Monday, December 6, 2021

ജാവിയര്‍ ഹെ​ർ​ണാ​ണ്ടസിന് ഇരട്ട ഗോൾ; ആവേശപ്പോരില്‍ ബെംഗലൂരുവിനെ വീഴ്ത്തി ഒഡീഷ

Must read

ആവേശപ്പോരാട്ടത്തില്‍ ബെംഗലൂരു എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് വീഴ്ത്തി വിജയത്തുടക്കമിട്ട് ഒഡീഷ എഫ് സി. ഐഎസ്എല്ലില്‍ ഇതാദ്യമായാണ് ഒഡീഷ ബെംഗലൂരുവിനെ തോല്‍പ്പിക്കുന്നത്

പനാജി: ഐഎസ്എല്ലില്‍ ബുധനാഴ്ച നടന്ന ആവേശപ്പോരാട്ടത്തില്‍ ബെംഗലൂരു എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് വീഴ്ത്തി വിജയത്തുടക്കമിട്ട് ഒഡീഷ എഫ് സി. ജാവിയര്‍ ഹെര്‍ണാണ്ടസിന്റെ ഇരട്ട ഗോളുകളും ഗോള്‍കീപ്പര്‍ കമല്‍ജിത്ത് സിങ്ങിന്റെ തകര്‍പ്പന്‍ പ്രകടനവുമാണ് ഒഡിഷയുടെ ജയത്തില്‍ നിര്‍ണായകമായത്. ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പ്പിച്ച ബെംഗലൂരുവിന് ഒഡീഷക്കെതതിരെ ആ മികവ് പുറത്തെടുക്കാനായില്ല.

കളിയാരംഭിച്ച് മൂന്നാം മിനിറ്റില്‍ തന്നെ ജാവിയര്‍ ഹെര്‍ണാണ്ടസിലൂടെ ഒഡിഷ മുന്നിലെത്തി. ബെംഗലൂരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവിന്‍റെ പിഴവില്‍ നിന്നായിരുന്നു ഹെര്‍ണാണ്ടസിന്‍റെ ഗോള്‍ പിറന്നത്. ബോക്‌സിലേക്ക് വന്ന ഒരു ലോങ് ബോളില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി. പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന് സംഭവിച്ച പിഴവ് മുതലെടുത്ത് ജാവിയര്‍ ഹെര്‍ണാണ്ടസ് പന്ത് ചിപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.

ഇരുപതാം മിനിറ്റില്‍ ഹെക്ടര്‍ റോഡസിന്‍റെ ഗോള്‍ ലൈന്‍ സേവിനെത്തുടര്‍ന്ന് ലഭിച്ച കോര്‍ണറില്‍ നിന്ന് അലന്‍ കോസ്റ്റ ബെംഗലൂരു എഫ്‌സിയെ ഒപ്പമെത്തിച്ചു. ആദ്യ പകുതിയില്‍ ഇരുടീമുകളും തുല്യതയില്‍ പിരിഞ്ഞു. ഇരു ടീമുകളും ആക്രമിച്ച് കളിക്കവെ 51-ാം മിനിറ്റില്‍ ജാവിയര്‍ ഹെര്‍ണാണ്ടസിലൂടെ തന്നെ ഒഡിഷ വീണ്ടും ലീഡെടുത്തു. താരത്തിന്റെ ഇടംകാലന്‍ ഫ്രീകിക്ക് ഗോളി ഗുര്‍പ്രീതിന് യാതൊരു അവസരവും നല്‍കാതെ വലയിലെത്തുകയായിരുന്നു. ഗോള്‍ വഴങ്ങിയതോടെ ആക്രമണം കനപ്പിച്ചെങ്കിലും ബെംഗലൂരുവിന് ലക്ഷ്യം കാണാനായില്ല.

61-ാം മിനിറ്റില്‍ ക്ലെയ്റ്റന്‍ സില്‍വയെ ബോക്സില്‍ വീഴ്ത്തിയതിന് ബെംഗലൂരുവിന് അനുകൂലമായി പെനല്‍റ്റി ലഭിച്ചെങ്കിലും കിക്കെടുത്ത ക്യാപ്റ്റന്‍ സുനില്‍ ചേത്രിക്ക് ലക്ഷ്യം കാണാനാവാഞ്ഞത് ബെംഗലൂരുവിന് തിരിച്ചടിയായി.ഛേത്രിയുടെ കിക്ക്ഒഡീഷ ഗോള്‍ കീപ്പര്‍ കമല്‍ജിത് സിംഗ് തടുത്തിട്ടശേഷം റീബൗണ്ടില്‍ ബെംഗലൂരു പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല.

അവസാന നിമിഷം സമനില ഗോളിനായി ബെംഗലൂരു കിണഞ്ഞു ശ്രമിക്കുന്നതിനിടെ ഇഞ്ചുറി ടൈമിന്‍റെ അവസാന സെക്കന്‍ഡില്‍ അരിദായി സുവാരസിന്‍റെ ഗോളിലൂടെ ഒഡീഷ വിജയവും മൂന്ന് പോയന്‍റും ഉറപ്പിച്ചു. ഐഎസ്എല്ലില്‍ ഇതാദ്യമായാണ് ഒഡീഷ ബെംഗലൂരുവിനെ തോല്‍പ്പിക്കുന്നത്.

More articles

Latest article