രാജ്യാന്തര ഷൂട്ടിങ് താരം വെടിയേറ്റു മരിച്ച നിലയില്‍

ആത്മഹത്യയ്ക്കുള്ള സാധ്യത തള്ളിക്കളയാനാകില്ല എന്ന് പോലീസ് പറഞ്ഞു.

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഡബിള്‍ ട്രാപ്‌സ് ഷൂട്ടിങ് താരം നമന്‍വീര്‍ സിങ് ബ്രാറിനെ (28) മൊഹാലിയിലെ വീട്ടില്‍ വെടിയേറ്റു മരിച്ചു. നമന്‍വീറിന്റെ തലയില്‍ വെടിയേറ്റിട്ടുണ്ടായിരുന്നു എന്നാണ് മാഹാലിയിലെ പൊലീസ് അധികൃതര്‍ സ്ഥിരീകരിച്ചത്. പഞ്ചാബ് സര്‍വകലാശാലാ വിദ്യാര്‍ഥിയായിരിക്കെയാണ് നമന്‍വീര്‍ നേട്ടത്തിലെത്തിയത്. നമന്‍വീറിന്റെ കുടുംബാംഗങ്ങളാണു പൊലീസില്‍ വിവരം അറിയിച്ചത്. വീട്ടിലെത്തിയപ്പോള്‍ നമന്‍വീര്‍ മരിച്ച നിലയിലായിരുന്നെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ആത്മഹത്യയ്ക്കുള്ള സാധ്യത തള്ളിക്കളയാനാകില്ല എന്നും പോലീസ് കൂട്ടിചേര്‍ത്തു.

രാജ്യാന്തര താരമായ ഇദ്ധേഹം 2015ല്‍ ദക്ഷിണ കൊറിയയില്‍ നടന്ന ലോക യൂണിവേഴ്‌സിറ്റി ഗെയിംസില്‍ ഡബിള്‍ ട്രാപ് ഷൂട്ടിങ്ങില്‍ വെങ്കല മെഡല്‍ നേടിയ താരമാണ്. ആ വര്‍ഷം തന്നെ പോളണ്ടില്‍ നടന്ന ലോക യൂണിവേഴ്‌സിറ്റി ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു. കൂടാതെ ഒട്ടേറെ ദേശീയ ടൂര്‍ണമെന്റുകളിലും പങ്കെടുത്തിട്ടുണ്ട്.