ഐ എന്‍ എസ് മഗര്‍ വിരമിച്ചു, വീരോചിതം ഡികമ്മീഷന്‍

കൊച്ചി- ഇന്ത്യന്‍ നാവികസേനയുടെ ഏറ്റവും പഴക്കമേറിയ ലാന്‍ഡിംഗ് ഷിപ്പ് ടാങ്കായ ഐഎന്‍എസ് മഗര്‍ 36 വര്‍ഷത്തെ സേവനത്തിന് ഇന്നലെ വിരമിച്ചു. കൊച്ചി നേവല്‍ ബേസില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് സിഡിആര്‍ ഹേമന്ത് വി സലുങ്കെ കമാന്‍ഡ് ചെയ്ത കപ്പല്‍ ഡികമ്മീഷന്‍ ചെയ്തത്. 2005-06 കാലഘട്ടത്തില്‍ കപ്പലിന്റെ ചുക്കാന്‍ പിടിച്ചിരുന്ന ദക്ഷിണ നേവല്‍ കമാന്‍ഡിന്റെ ഫ്ളാഗ് ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ എം എ ഹംപിഹോളി ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു. എറണാകുളം എം.എല്‍.എ ടി.ജെ.വിനോദ്, എയര്‍ മാര്‍ഷല്‍ ബി മണികണ്ഠന്‍, എ.വി.എസ്.എം, എന്‍.എം, എയര്‍ ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ്, സതേണ്‍ എയര്‍ കമാന്‍ഡ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സായുധ സേനയിലെ ഉദ്യോഗസ്ഥരും വിമുക്തഭടന്മാരും സിവില്‍ അഡ്മിനിസ്‌ട്രേഷനും ചടങ്ങിന് സാക്ഷ്യം വഹിച്ചു. കപ്പലിന്റെ സമയരേഖയും പ്രത്യേക തപാല്‍ കവറും ചടങ്ങില്‍ പ്രകാശനം ചെയ്തു.
ഡീകമ്മീഷനിംഗ് ചടങ്ങിന് മുമ്പ്, കപ്പലില്‍ സേവനമനുഷ്ഠിച്ച മുന്‍ കമാന്‍ഡിംഗ് ഓഫീസര്‍മാര്‍, ഉദ്യോഗസ്ഥര്‍, സൈനികര്‍, വിമുക്തഭടന്മാര്‍ എന്നിവരെ ആദരിക്കുന്നതിനായി കപ്പല്‍ ബറാഖാന സംഘടിപ്പിച്ചു. മഗര്‍ ക്രൂവിന്റെ ഒത്തുചേരല്‍ കപ്പലിന്റെ ഓര്‍മ്മകളിലേക്ക് അവരെ തിരിച്ചുകൊണ്ടുപോയി.
എന്നും ഓര്‍മിക്കപ്പെടുന്ന സംഭാവനകള്‍ നല്‍കിക്കൊണ്ടാണ് ഐ എന്‍ എസ് മഗര്‍ സജീവ സേവനത്തില്‍ നിന്ന് വിരമിക്കുന്നത്. ഐഎന്‍എസ് മഗര്‍ 1984 നവംബര്‍ 16ന് മീരാ തഹിലിയാനി ലോഞ്ചിംഗ് നടത്തിയ ഐ എന്‍ എസ് മഗര്‍ 1987 ജൂലൈ 18-ന് കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഷിപ്പ്യാര്‍ഡില്‍ വെച്ച് അഡ്മിറല്‍ ആര്‍.എച്ച് തഹിലിയാനിയാണ് കമ്മീഷന്‍ ചെയ്തത്. 5500 ജിആര്‍ടിയില്‍ കൂടുതല്‍ ശേഷിയുള്ള ഇന്ത്യന്‍ നാവികസേനയുടെ ആദ്യ തദ്ദേശീയ കപ്പല്‍, എല്‍എസ്ടി (എല്‍) ക്ലാസിലെ ആദ്യ കപ്പല്‍ എന്നീ പ്രത്യേകതകള്‍ ഈ കപ്പലിനുണ്ട്. നിരവധി ഓപ്പറേഷനുകളിലും ഉഭയകക്ഷി അഭ്യാസപ്രകടനങ്ങളിലും മാനുഷിക ദൗത്യങ്ങളിലും ഐ എന്‍ എസ് മഗര്‍ പങ്കെടുത്തിട്ടുണ്ട്. അതില്‍ ഒപ്പറേഷന്‍ സമുദ്ര സേതു ഏറ്റവും ശ്രദ്ധേയമായി. 4000-ത്തിലധികം ഇന്ത്യന്‍ പൗരന്മാരെ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് കോവിഡ് മഹാമാരിയുടെ സമയത്ത് തിരിച്ചെത്തിച്ചു. 2004-ലെ സുനാമിയില്‍ നിന്ന് രക്ഷപ്പെട്ട 1300-ലധികം ആളുകളെ ഒഴിപ്പിക്കുന്നതിലും ഈ കപ്പല്‍ നിര്‍ണായക പങ്കുവഹിച്ചു. കൂടാതെ ഇന്ത്യന്‍ സൈന്യവുമായുള്ള നിരവധി സംയുക്ത സൈനികാഭ്യാസങ്ങളുടെ ഭാഗമായിരുന്നു. 2018ല്‍ കപ്പല്‍ പരിശീലനക്കപ്പലാക്കി കൊച്ചിയിലെ ആദ്യ പരിശീലന സ്‌ക്വാഡ്രണില്‍ ചേര്‍ന്നു.
ഡീകമ്മീഷനിംഗിന്റെ മുന്നോടിയായി കപ്പല്‍ വിവിധ ഔട്ട്‌റീച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കൊച്ചിയുമായി സഹകരിച്ച് ഫെബ്രുവരി 16ന് ഫെബ്രുവരി 23ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 91 ഇന്‍ഫന്‍ട്രി ബ്രിഗേഡുമായി സഹകരിച്ച് 22 മുതല്‍ 27 വരെ ഫെബ്രുവരി 23 വരെ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സൈക്കിള്‍ പര്യടനം നടത്തി. കപ്പലിലെ 20 നാവികര്‍ പൂനെയില്‍ നിന്ന് കൊച്ചിയിലേക്ക് ബൈക്ക് പര്യടനം നടത്തി.