ഇന്ദ്രന്‍സിന്റെ അന്താരാഷ്ട്ര പുരസ്‌കാരവും, സന്തോഷവും, ആഘോഷവും; എന്നാല്‍ എന്നാല്‍ ചെറിയ തെറ്റ്, വര്‍ഷം മാറി പോയി!

സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ചലച്ചിത്ര മേളയില്‍ ഇന്ദ്രന്‍സിന് ‘വെയില്‍മരങ്ങളി’ ലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം കിട്ടിയതായിരുന്നു സോഷ്യല്‍ മീഡിയയില്‍ ആഘോഷമായത്.

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ ഏറ്റവുമധികം പ്രചരിച്ച വാര്‍ത്തകളില്‍ ഒന്നാണ് ഇന്ദ്രന്‍സിന് മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചത്. പലരും സന്തോഷം പ്രകടിപ്പിച്ച് ഫെയ്സ്ബുക്കില്‍ കുറിപ്പുകളും പങ്കുവച്ചു. സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ചലച്ചിത്ര മേളയില്‍ ഇന്ദ്രന്‍സിന് ‘വെയില്‍മരങ്ങളി’ ലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം കിട്ടിയതായിരുന്നു സോഷ്യല്‍ മീഡിയയില്‍ ആഘോഷമായത്.

എന്നാല്‍ ചെറിയൊരു തിരുത്തുണ്ട് ഇക്കാര്യത്തില്‍ എന്ന് പറഞ്ഞ് ചിത്രത്തിന്റെ സംവിധായകന്‍ ഡോ. ബിജു രംഗത്തെത്തി. അദ്ദേഹം പങ്കുവെച്ച ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:

ഇന്ദ്രന്‍സ് ചേട്ടന് സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ചലച്ചിത്ര മേളയില്‍ വെയില്‍മരങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം കിട്ടിയത് ഇന്ന് വലിയ രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ ആഘോഷിക്കുന്നത് കണ്ടു…ഒട്ടേറെ പേര്‍ മെസ്സേജ് അയയ്ക്കുകയും ചെയ്തു….

ഒരു ചെറിയ തിരുത്ത് ഉണ്ട്..ആ പുരസ്‌കാരം കിട്ടിയത് രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആയിരുന്നു. 2019 ല്‍…വെയില്‍മരങ്ങളിലെ ഇന്ദ്രന്‍സ് ചേട്ടന്റെ അഭിനയവും എം. ജെ.രാധാകൃഷ്ണന്റെ അസാമാന്യമായ ഛായാഗ്രഹണവും എത്ര പേര്‍ കണ്ടിട്ടുണ്ടാവും എന്നറിയില്ല. സിനിമ 2020 ഫെബ്രുവരിയില്‍ കേരളത്തില്‍ കുറച്ചു തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു.

ലോകത്തെ ഏറ്റവും പ്രധാന മേളകളില്‍ ഒന്നായ ഷാങ്ഹായ് ചലച്ചിത്ര മേളയില്‍ പ്രധാന മത്സര വിഭാഗത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ സിനിമ പുരസ്‌കാരം നേടിയത് വെയില്‍മരങ്ങള്‍ ആയിരുന്നു. ഔട്സ്റ്റാന്റിങ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റിനുള്ള ഗോള്‍ഡന്‍ ഗോബ്ലറ്റ്പുരസ്‌കാരം . പിന്നീട് ഫ്രാന്‍സിലെ ടുലോസ് ഇന്ത്യന്‍ ചലച്ചിത്ര മേള, ചൈനയിലെ ചോങ്ക്വിങ് ചലച്ചിത്ര മേള എന്നിവിടങ്ങളില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം, കേരള ചലച്ചിത്ര മേളയില്‍ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പ്പാക് പുരസ്‌കാരം എന്നിവയും വെയില്‍മരങ്ങള്‍ക്ക് ലഭിച്ചിരുന്നു.

ആ വര്‍ഷത്തെ കേരള സംസ്ഥാന അവാര്‍ഡ് ജൂറി രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുത്ത 25 ചിത്രങ്ങളില്‍ ഉള്‍പ്പെടാന്‍ തക്ക യോഗ്യതയും നിലവാരവും ഇല്ലെന്ന വിലയിരുത്തലില്‍ ആദ്യ ഘട്ടത്തില്‍ തന്നെ വെയില്‍മരങ്ങള്‍ പുറന്തള്ളുകയും ചെയ്തിരുന്നു.. സിംഗപ്പൂരില്‍ ഇന്ദ്രന്‍സ് ചേട്ടന് വേണ്ടി അവാര്‍ഡ് സ്വീകരിച്ചതിന്റെ ഓര്‍മചിത്രങ്ങള്‍ പങ്കു വയ്ക്കുന്നു…