LogoLoginKerala

ശീതളപാനീയങ്ങളിലെ കൃത്രിമമധുരം'അസ്പാര്‍ട്ടേം' അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നു

മുന്നറിയിപ്പിനൊരുങ്ങി ലോകാരോഗ്യ സംഘടന
 
asparteme
ശീതളപാനീയങ്ങള്‍ മുതല്‍ ച്യൂയിംഗ് ഗംസില്‍ വരെ ഉപയോഗിക്കുന്ന 'അസ്പാര്‍ട്ടേം' കാന്‍സറിന് കാരണമാകുന്നുവെന്നാണ് വിദഗ്ധ സമിതിയുടെ പഠന റിപ്പോര്‍ട്ട്

ശീതളപാനീയങ്ങളിലെ കൃത്രിമമധുരമായ 'അസ്പാര്‍ട്ടേം' അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനം. ശീതളപാനീയങ്ങള്‍ മുതല്‍ ച്യൂയിംഗ് ഗംസില്‍ വരെ ഉപയോഗിക്കുന്ന 'അസ്പാര്‍ട്ടേം' കാന്‍സറിന് കാരണമാകുന്നുവെന്നാണ് വിദഗ്ധ സമിതിയുടെ പഠന റിപ്പോര്‍ട്ട്. 'അസ്പാര്‍ട്ടേം' നെ കാര്‍സിനോജനിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തി അടുത്ത മാസം റിപ്പോര്‍ട്ട് ലോകാരോഗ്യ സംഘടന പുറത്തുവിടും. അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സാണ് ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.


'അസ്പാര്‍ട്ടേം' സാധാരണ പഞ്ചസാരയേക്കാള്‍ 200 മടങ്ങ് മധുരമുള്ളതാണ്. ഡയറ്റ് കോക്ക്, പെപ്‌സി മാക്‌സ്, 7 അപ്പ് ഫ്രീ, ച്യൂയിംഗ് ഗംസ് അടക്കം നിരവധി ഉത്പന്നങ്ങളില്‍ ഇത് ഉപയോഗിക്കുന്നു. എനര്‍ജി ഡ്രിങ്കുകള്‍ക്ക് പുറമേ നിരവധി ദൈനംദിന ഉപയോഗ ഉല്‍പ്പന്നങ്ങളില്‍ അസ്പാര്‍ട്ടേം ബദലായി ചേര്‍ക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള ഫുഡ് ആഡ് ഡ്രഗ് റെഗുലേറ്റര്‍മാര്‍ അംഗീകരിച്ചതിനാല്‍ ഈ മധുരപലഹാരം ഏകദേശം 6,000 ഭക്ഷ്യ ഉല്‍പന്നങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്.പൂജ്യം കലോറിയാണെന്നത് അസ്പാര്‍ട്ടേമ്മിനെ കൂടുതല്‍ ജനപ്രിയമാക്കി.  എന്നാല്‍ ഈ കൃത്രിമ മധുരം ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ ക്യാന്‍സര്‍ റിസര്ച്ച് സമിതിയുടെ (ഐ എ ആര്‍ സി) കണ്ടെത്തല്‍. 

sweetners


ഇന്ത്യ,യുകെ, സ്‌പെയിന്‍, ഫ്രാന്‍സ്, ഇറ്റലി, ഡെന്‍മാര്‍ക്ക്, ജര്‍മ്മനി, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവയുള്‍പ്പെടെ തൊണ്ണൂറിലധികം രാജ്യങ്ങള്‍ അസ്പാര്‍ട്ടേം അവലോകനം ചെയ്യുകയും അത് മനുഷ്യ ഉപഭോഗത്തിന് സുരക്ഷിതമാണെന്നും അത് ഉപയോഗിക്കാന്‍ അനുവദിക്കുകയുമായിരുന്നു.എന്നാല്‍ ഈ കൃത്രിമ മധുരം ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ക്യാന്‍സറിനും കാരണമാകുന്നുവെന്നുമാണ് കണ്ടെത്തല്‍. 

മനുഷ്യരില്‍ ക്യാന്‍സറിന് കാരണമാകുന്ന കാര്‍സിനോജന്‍ പദാര്‍ത്ഥങ്ങളില്‍,  മൂന്നാമത്തെ വിഭാഗത്തിലാണ് അസ്പാര്‍ട്ടേം. ഡയറ്റ് കൊക്കകോള, എക്‌സ്ട്രാ ഷുഗര്‍ ഫ്രീ മാര്‍സ് ച്യൂയിംഗം, സീറോ ഷുഗര്‍ ടീ , സീറോ ജ്യൂസ് ഡ്രിങ്ക്‌സ് അടക്കം വിവിധ ഉത്പന്നങ്ങളില്‍ നിലവില്‍ അസ്പാര്‍ട്ടേം കൃത്രിമ മധുരത്തിനായി ഉപയോഗിക്കുന്നു. ഘട്ടം ഘട്ടമായി ക്യാന്‍സര്‍ വരാനുള്ള സാധ്യത ഇത് ശരീരത്തില്‍ വര്‍ധിപ്പിക്കും. കാര്‍സിനോജന്‍ ഉത്പന്നമായി അസ്പാര്‍ട്ടേമ്മിനെ പ്രഖ്യാപിച്ച് ഉടന്‍ തന്നെ പട്ടിക ലോകാരോഗ്യ സംഘടന പുറത്തിറക്കും. കൂടുതല്‍ പഠനം നടത്താന്‍ പ്രോത്സാഹിപ്പിക്കാനായാണ് ഈ പഠന റിപ്പോര്‍ട്ട് പുറത്ത് വിടുന്നതെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.