20ന്റെ നിറവിൽ ലിസി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട്

കൊച്ചി : എറണാകുളം ലിസി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് 20 വര്‍ഷം പൂര്‍ത്തീകരിച്ചതിന്റെയും ഒരു ലക്ഷത്തിലധികം പ്രൊസീജിയറുകള്‍ നടത്തി രോഗികളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചതിന്റെയും ആഘോഷപരിപാടികള്‍ നാളെ ബോള്‍ഗാട്ടി ഗ്രാന്റ് ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ഉച്ചക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
ലിസി ആശുപത്രി ചെയര്‍മാന്‍ എറണാകുളം- അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആർച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍, മന്ത്രിമാരായ പി. രാജീവ്, കെ. രാജന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, ഹൈബി ഈഡന്‍ എം.പി., മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, എം.എല്‍.എ മാരായ കെ.എന്‍. ഉണ്ണികൃഷ്ണന്‍, ടി. ജെ. വിനോദ്, ഉമ തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും.ബിഷപ് മാർ ജേക്കബ്ബ് മനത്തോടത്ത്, വികാരി ജനറാൾ റവ. ഡോ. വർഗ്ഗീസ് പൊട്ടക്കൽ, ലിസി ആശുപത്രി ഡയറക്ടര്‍ റവ. ഡോ. പോള്‍ കരേടന്‍, ഡോ. ജോസ് ചാക്കോ പെരിയപുറം, ഡോ. റോണി മാത്യു, ഡോ. ജേക്കബ് എബ്രഹാം, ഡോ. ജാബിര്‍ അബ്ദുള്ളക്കുട്ടി എന്നിവര്‍ സംസാരിക്കും.
സമ്മേളനത്തിന് മുന്നോടിയായി ഡോ. ജോ ജോസഫ്, പ്രഫ. എസ്. ശിവശങ്കരന്‍ എന്നിവര്‍ ആന്‍ജിയോപ്ലാസ്റ്റിക്കും ബൈപ്പാസ് ശസത്രക്രിയക്കും ശേഷമുള്ള ജീവിതത്തെക്കുറിച്ചും, ഭക്ഷണക്രമീകരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും സംസാരിക്കും. ലിസി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 20 വര്‍ഷം സേവനം അനുഷ്ഠിച്ച് ജീവനക്കാരെ ചടങ്ങില്‍ വച്ച് ആദരിക്കും.