LogoLoginKerala

കോഴിക്കോട് ജാഗ്രതയിൽ; നിപ രോഗ ലക്ഷണങ്ങളുമായി മരിച്ച 2 പേരുടെ പരിശോധനഫലം വൈകിട്ട്

 
NIPAH

കേരളത്തിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും നിപ വൈറസ് ഭീതി പടരുന്നു.  2018 ല്‍ നിപ ആദ്യമായി സ്ഥിരീകരിച്ച കോഴിക്കോട് തന്നെയാണ് ഇപ്പോളും വൈറസ് ബാധ  ഭീതി വിതച്ചുകൊണ്ടിരിക്കുന്നത്. പനി ബാധിച്ച് മരിച്ച രണ്ട് പേരുടെ സാംപിൾ പരിശോധനയ്ക്കയച്ചിരിക്കുകയാണ്. പനി ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ആളും ഇയാൾ ചികിത്സയിലിരിക്കെ അച്ഛനുമായി ആശുപത്രിയിലെത്തിയ മറ്റൊരാളുമാണ് സമാന ലക്ഷണങ്ങളോടെ മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞ മാസം 30നാണ് ആദ്യ മരണം സംഭവിച്ചത്. ഇന്നലെയാണ് രണ്ടാമത്തെയാൾ മരിച്ചത്. മരിച്ച രണ്ടുപേരും ഒരേസമയം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുണ്ടായിരുന്നതിനാൽ ഇരുവരും തമ്മിൽ സമ്പർക്കത്തിലായിരുന്നെന്നാണ് നിഗമനം. ഓഗസ്റ്റ് 30ന് സംഭവിച്ച മരണം നിപ ആണെന്ന സംശയങ്ങൾ അന്നുണ്ടായിരുന്നില്ല. ന്യൂമോണിയ ആണ് മരണ കാരണമെന്നാണ് കരുതിയത്. എന്നാൽ പിന്നീട് സമാന ലക്ഷണങ്ങളോടെ മറ്റൊരാൾ ചികിത്സയിലാകുകയും മരിക്കുകയും ചെയ്തതോടെയാണ് സംശയം ഉടലെടുത്തത്.  ആദ്യം മരിച്ചയാളുടെ ബന്ധുക്കളായ മൂന്ന് കുട്ടികളുൾപ്പെടെ നാലുപേർക്ക് ലക്ഷണങ്ങൾ കണ്ടതോടെ ഇവരെ ഐസൊലേഷനാക്കി. 

മരിച്ചയാളുടെ മക്കളും സഹോദരി ഭർത്താവും മകനുമടക്കം നാല് പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. ഇവരിൽ ഒൻപത് വയസുകാരനായ ഒരു ആൺകുട്ടിയുടെ നില അതീവ ഗുരുതരമാണ്. കുട്ടി തീവ്രപരിചരണവിഭാഗത്തിൽ കഴിയുകയാണ്. ഈ കുട്ടിയുടെയും മരിച്ച രണ്ടാമത്തെ ആളുടെയും സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാഫലം ഇന്ന് ഉച്ചയോടെയാണ് ലഭിക്കുക. ഫലം ലഭിച്ചതിന് ശേഷം മാത്രമേ നിപയാണെന്ന് പൂർണ്ണമായി സ്ഥിരീകരിക്കാനാകൂ. നിപ സംശയം ഉടലെടുത്തതോടെ  കോഴിക്കോട് ജില്ലയിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.