കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ സ്വപ്ന സാക്ഷാത്ക്കാരം; സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും
തിരുവനന്തപുരം: കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം മാര്‍ച്ച് 4ന് വൈകുന്നേരം 5.30 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മണ്‍സുഖ് മാണ്ഡവ്യ അധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സ്വാഗതം ആശംസിക്കും. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ പങ്കെടുക്കും.
കോഴിക്കോട് മെഡിക്കല്‍ കോളേജിനെ സംബന്ധിച്ച് വലിയൊരു മാറ്റത്തിനാണ് തുടക്കമാകുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പി.എം.എസ്.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സയ്ക്ക് മാത്രമായുള്ള ബ്ലോക്കാണ് സജ്ജമാക്കിയത്. അത്യാധുനിക സൗകര്യങ്ങളോടുകൂടി നിര്‍മ്മിച്ച പുതിയ ബ്ലോക്കില്‍ 6 സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. 195.93 കോടി രൂപ (കേന്ദ്രം - 120 കോടി, സംസ്ഥാനം - 75.93 കോടി) ചെലവഴിച്ചതാണ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് നിര്‍മ്മിച്ചിട്ടുള്ളത്. 7 നിലകളിലായി രോഗീ സൗഹൃദ സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ആക്സിഡന്റ് ആന്റ് എമര്‍ജന്‍സി കെയര്‍, 6 സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍, 500 കിടക്കകള്‍, 19 ഓപ്പറേഷന്‍ തിയേറ്ററുകള്‍, 10 തിവ്ര പരിചരണ യൂണിറ്റുകള്‍, ഐ.പി.ഡി., ഫാക്കല്‍റ്റി ഏരിയ, സി.ടി., എം.ആര്‍.ഐ, ഡിജിറ്റല്‍ എക്സ്റേ, സി.സി. ടി.വി. സംവിധാനം, ഡേറ്റാ സംവിധാനം, പി.എ. സിസ്റ്റം, ലിഫ്റ്റുകള്‍ എന്നീ സംവിധാനങ്ങള്‍ ഈ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലുണ്ടാകും. കാര്‍ഡിയോ വാസ്‌കുലര്‍ ആന്റ് തൊറാസിക് സര്‍ജറി, എമര്‍ജന്‍സി മെഡിസിന്‍, പ്ലാസ്റ്റിക് സര്‍ജറി, യൂറോളജി ആന്റ് റീനല്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി, ന്യൂറോ സര്‍ജറി, സര്‍ജിക്കല്‍ ഗ്യാസ്ട്രോഎന്ററോളജി എന്നിവയാണ് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍. 190 ഐസിയു കിടക്കകളില്‍ 20 കിടക്കകള്‍ മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ മള്‍ട്ടി ഓര്‍ഗര്‍ ട്രാന്‍സ്പ്ലാന്റേഷനും 20 കിടക്കകള്‍ കിഡ്ണി ട്രാന്‍സ്പ്ലാന്റേഷനും 20 കിടക്കകള്‍ തലയ്ക്ക് പരിക്കേറ്റവര്‍ക്കായുള്ള വിദഗ്ധ ചികിത്സയ്ക്കുമായാണ് മാറ്റിവച്ചിരിക്കുന്നത്.
ഇന്ത്യയിലെ പ്രധാന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഒന്നാണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ്. കേരളത്തിലെ രണ്ടാമത്തെ മെഡിക്കല്‍ കോളേജായി 1957 ലാണ് ഈ മെഡിക്കല്‍ കോളേജ് സ്ഥാപിതമായത്. കോഴിക്കോട് നഗരത്തില്‍ നിന്നും 8 കിലോമീറ്റര്‍ അകലെ 270 ഏക്കര്‍ വിസ്തൃതിയില്‍ ഈ ക്യാമ്പസ് വ്യാപിച്ച് കിടക്കുന്നു. കേരളത്തിലെ 6 ജില്ലകളിലെ രോഗികള്‍ പ്രധാനമായും ആശ്രയിക്കുന്നത് ഈ സ്ഥാപനത്തെയാണ്. 1966 ല്‍ ആരംഭിച്ച പ്രധാന ആശുപ്രതിയില്‍ 1183 കിടക്കകളുണ്ട്. കൂടാതെ മാതൃശിശു സംരക്ഷണ കേന്ദ്രം (610 കിടക്കകള്‍), സാവിത്രി സാബു മെമ്മോറിയല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (101 കിടക്കകള്‍), നെഞ്ചുരോഗ ആശുപ്രതി (100 കിടക്കകള്‍), സൂപ്പര്‍ സ്പെഷ്യാലിറ്റി കോംപ്ലക്സ്, സോണല്‍ ലിംഫ് ഫിറ്റിംഗ് സെന്റര്‍, ദന്തല്‍ കോളേജ്, നഴ്സിംഗ് കോളേജ്, ഫാര്‍മസി കോളേജ്, ത്രിതല കാന്‍സര്‍ സെന്റര്‍ എന്നിവ പിന്നീട് സ്ഥാപിച്ചു.
250 എം.ബി.ബി.എസ്. സീറ്റുകളുണ്ട്. 25 വിഷയങ്ങളില്‍ ബിരുദാനന്ത ബിരുദ പഠനസൗകര്യങ്ങളും 10 വിഭാഗങ്ങളിലായി സൂപ്പര്‍ സ്പെഷ്യാലിറ്റി കോഴ്സുകളുമുണ്ട്. വൃക്ക മാറ്റിവെക്കല്‍ ഉള്‍പ്പെടെയുള്ള ആധുനിക സ്പെഷ്യാലിറ്റി സേവനങ്ങള്‍, സുസജ്ജമായ കാത്ത് ലാബ്, ടെലി കൊബാള്‍ട്ട് തെറാപ്പി, ലീനിയര്‍ ആക്സിലറേറ്റര്‍, പെറ്റ്സ്‌കാന്‍ എന്നീ സൗകര്യങ്ങളുമുണ്ട്. രാജ്യത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായി ഫാമിലി മെഡിസിന്‍, എമര്‍ജന്‍സി മെഡിസിന്‍ കോഴ്സുകള്‍ ആരംഭിച്ചത് കോഴിക്കോട് മെഡിക്കല്‍ കോളജിലാണ്.