LogoLoginKerala

ഹൃദയവാല്‍വ് തകരാറുകള്‍ക്ക് 'ആസ്റ്റര്‍ അഡ്വാന്‍സ്ഡ് ഹാര്‍ട്ട് വാല്‍വ് സെന്റര്‍'

 
aster

കൊച്ചി- ഹാര്‍ട്ട് വാല്‍വ് തകരാറുകള്‍ക്ക് സമഗ്രചികിത്സയൊരുക്കാന്‍ 'ആസ്റ്റര്‍ അഡ്വാന്‍സ്ഡ് ഹാര്‍ട്ട് വാല്‍വ് സെന്റര്‍' ആരംഭിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി. ആസ്റ്റര്‍ കാര്‍ഡിയാക് സയന്‍സസിന് കീഴിലാണ്  പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കുക. ഹൃദയ വാല്‍വുകളുമായി ബന്ധപ്പെട്ട ഹൃദ്രോഗത്തിന്റെ രോഗനിര്‍ണ്ണയത്തിലും ചികിത്സയിലുമാണ് സെന്റര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.  മരുന്നുകള്‍,  വാല്‍വിന്റെ സ്ഥിതി മെച്ചപ്പെടുത്തല്‍, മാറ്റിസ്ഥാപിക്കല്‍, മറ്റ് സങ്കീര്‍ണ്ണത കുറഞ്ഞ ശസ്ത്രക്രിയ നടപടികള്‍ തുടങ്ങി സമഗ്രമായ സേവനങ്ങള്‍ അഡ്വാന്‍സ്ഡ് ഹാര്‍ട്ട് വാല്‍വ് സെന്ററില്‍ ലഭ്യമാകും. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പന്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

അഡ്വാന്‍സ്ഡ് ഹാര്‍ട്ട് വാല്‍വ് സെന്ററിന് തുടക്കം കുറിക്കുന്നതില്‍ ഏറെ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. അടുത്ത കാലം വരെ, വാല്‍വ് സംബന്ധ രോഗത്തിന് ശസ്ത്രക്രിയ ചികിത്സയായിരുന്നു ലഭ്യമായിരുന്നത്. അതേറെ സങ്കീര്‍ണ്ണവുമാണ്. ടാവി, ടിഎവിആര്‍, മിത്ര ക്ലിപ്, ടിഎംവിആര്‍ തുടങ്ങിയ ശസ്ത്രക്രിയേതര ചികിത്സാ രീതികളുടെ വരവോടെ, രോഗികള്‍ക്ക് സങ്കീര്‍ണത കുറഞ്ഞ ചികിത്സ ലഭ്യമാവുകയാണ്. ഹൃദയാരോഗ്യ സംരക്ഷണത്തില്‍ അത്യാധുനികവും  നൂതനവുമായ ചികിത്സകള്‍ പ്രദാനം ചെയ്യുന്നതിനും, രോഗികള്‍ക്ക്  ഏറ്റവും മികച്ച പരിചരണം ഉറപ്പാക്കുന്നതിനും പുതിയ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്ന് ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

ആസ്റ്റര്‍ അഡ്വാന്‍സ്ഡ് ഹാര്‍ട്ട് വാല്‍വ് സെന്ററില്‍, ഹാര്‍ട്ട് വാല്‍വ് ക്ലിനിക്ക്, ഹാര്‍ട്ട് ഫെയില്യുര്‍ ക്ലിനിക് എന്നിവക്ക് പുറമെ  വാസ്‌കുലര്‍, ജനറല്‍ സര്‍ജറി, ന്യൂറോളജി, നെഫ്രോളജി, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, സ്‌ട്രോക്ക്, വയോജന പരിചരണം, സൈക്യാട്രിക് കെയര്‍ തുടങ്ങിയ നോണ്‍-കാര്‍ഡിയോളജി സേവനങ്ങളും ഉള്‍ക്കൊള്ളുന്നുണ്ട്. വാല്‍വ് സംബന്ധ  രോഗനിര്‍ണയത്തിലും ചികിത്സയിലും  വൈദഗ്ധ്യമുള്ള ഒരു മള്‍ട്ടി ഡിസിപ്ലിനറി ഹെല്‍ത്ത് ടീമും ഈ കേന്ദ്രത്തിലുണ്ട്. ഏതു സങ്കീര്‍ണ രോഗാവസ്ഥകള്‍ക്കും ശാസ്ത്രീയമായ ചികിത്സ ഉറപ്പാക്കാന്‍ ഈ ടീം സജ്ജമാണ്.

3ഡി ട്രാന്‍സ്സോഫേജല്‍ എക്കോ, ഇന്‍ട്രാ കാര്‍ഡിയാക് എക്കോ സൗകര്യമുള്ള  വിവിഡ് ഇ 95 എക്കോകാര്‍ഡിയോഗ്രാഫിക് മെഷീന്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക ഇമേജിംഗ് സൗകര്യങ്ങള്‍ സെന്ററിന്റെ ഭാഗമാണ്. ഇത് ചികിത്സ നടപടിക്രമങ്ങള്‍ വിലയിരുത്തുന്നതിനും സൂക്ഷ്മമായി ക്രമീകരിക്കുന്നതിനും സഹായിക്കുന്നു. സങ്കീര്‍ണ്ണമായ ചികിത്സ ഇടപെടലുകള്‍ നടത്തുന്ന ഹൈബ്രിഡ് കാത്ത് ലാബ് ആവശ്യമെങ്കില്‍ ശസ്ത്രക്രിയാ തീയറ്ററായും പ്രവര്‍ത്തിക്കാനാകുമെന്ന്  ആസ്റ്റര്‍ മെഡ്സിറ്റി കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ്  ഡോ. അനില്‍കുമാര്‍ ആര്‍ പറഞ്ഞു. എക്മോ പോലുള്ള മെക്കാനിക്കല്‍ രക്തചംക്രമണ പിന്തുണാ സംവിധാനങ്ങളും ഉചിതമായ സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാര്‍ഡിയോളജിസ്റ്റുകള്‍, കാര്‍ഡിയാക് സര്‍ജന്മാര്‍, എക്കോകാര്‍ഡിയോഗ്രാഫര്‍മാര്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, അനസ്തേഷ്യോളജിസ്റ്റുകള്‍, ക്രിട്ടിക്കല്‍ കെയര്‍ വിദഗ്ധര്‍,  ഹൃദയ വാല്‍വ് ഡിസീസ് മാനേജ്മെന്റില്‍ വൈദഗ്ധ്യമുള്ള മറ്റ് ആരോഗ്യപരിപാലന വിദഗ്ധര്‍ എന്നിങ്ങനെ ഉയര്‍ന്ന പരിശീലനം ലഭിച്ച സ്‌പെഷ്യലിസ്റ്റുകളാണ് ആസ്റ്റര്‍ ഹാര്‍ട്ട് വാല്‍വ് ടീമില്‍ ഉള്‍പ്പെടുന്നത്. ട്രാന്‍സ്‌കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് റീപ്ലേസ്മെന്റ് / ഇംപ്ലാന്റേഷന്‍ , മിത്ര ക്ലിപ്പ്, ബലൂണ്‍ വാല്‍വോട്ടോമീസ്, പാരാവല്‍വുലാര്‍ ലീക്ക്  ക്ലോഷര്‍ തുടങ്ങി ശസ്ത്രക്രിയേതര വാല്‍വ് നന്നാക്കലും മാറ്റിസ്ഥാപിക്കലും ഉള്‍പ്പെടെ നിരവധി ചികിത്സാ സൗകര്യങ്ങളാണ് സെന്റര്‍ വാഗ്ദാനം ചെയ്യുന്നത്. റൂട്ട് ആന്‍ഡ് അസന്റിങ് അയോര്‍ട്ടിക് റീപ്ലേസ്മെന്റ്, മിട്രല്‍, ട്രൈക്യുസ്പിഡ് റിപ്പയര്‍, മിട്രല്‍ എഡ്ജ്-ടു-എഡ്ജ് റിപ്പയര്‍, അയോര്‍ട്ടിക് വാല്‍വ് റിപ്പയര്‍, റോസ് പ്രൊസീജിയര്‍, പള്‍മണറി ഓട്ടോഗ്രാഫ്റ്റ് എന്നിവയാണ് സെന്റര്‍ വാഗ്ദാനം ചെയ്യുന്ന ചില മറ്റ് ചികിത്സ സേവനങ്ങള്‍.

ഹൃദയ വാല്‍വുകള്‍ ഹൃദയത്തിലെ രക്തപ്രവാഹം നിയന്ത്രിക്കുന്ന അവശ്യ ഘടകങ്ങളാണ്. ഈ വാല്‍വുകളുടെ പ്രശ്‌നങ്ങള്‍ ഹൃദയസ്തംഭനം ഉള്‍പ്പെടെയുള്ള വിവിധ ഹൃദയാവസ്ഥകള്‍ക്ക് കാരണമായേക്കാമെന്ന് ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ഈ പദ്ധതിക്ക്  നേതൃത്വം നല്‍കുന്ന ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. രാജീവ് സി പറഞ്ഞു. വാല്‍വ് തകരാറുകള്‍ നേരത്തേ കണ്ടെത്തുന്നതും ശരിയായ ചികിത്സ നല്‍കുന്നതും വളരെ പ്രധാനമാണ്.  പല രോഗികള്‍ക്കും മെഡിക്കല്‍ ഫോളോ അപ്പ് മാത്രമേ ആവശ്യമുള്ളൂ. എന്നിരുന്നാലും ഗുരുതരമായ വാല്‍വ് രോഗത്തിന് ശസ്ത്രക്രിയയോ ശസ്ത്രക്രിയേതര ഇടപെടലുകളോ ആവശ്യമായി വന്നേക്കാം. സങ്കീര്‍ണ്ണമായ വാല്‍വുലാര്‍ ഹൃദ്രോഗങ്ങള്‍ക്ക് പോലും ശാസ്ത്രീയവും സമഗ്രവുമായ പരിഹാരങ്ങള്‍ നല്‍കാനാണ് ഈ നൂതന ഹാര്‍ട്ട് വാല്‍വ് സെന്റര്‍ ലക്ഷ്യമിടുന്നത് എന്നും ഡോ. രാജീവ് സി കൂട്ടിച്ചേര്‍ത്തു.

വാല്‍വുലാര്‍ ഹൃദ്രോഗം ഇന്ത്യയില്‍, പ്രത്യേകിച്ച് പ്രായമായവരില്‍ ഒരു സാധാരണ ആരോഗ്യപ്രശ്‌നമാണ്.  വാല്‍വുകള്‍ ചുരുങ്ങാനും ചോര്‍ച്ചയ്ക്കും കാരണമാകുന്ന റുമാറ്റിക് ഹൃദ്രോഗം, മിട്രല്‍ വാല്‍വ് പ്രോലാപ്സ്, പ്രായമായവരെ ബാധിക്കുന്ന അയോര്‍ട്ടിക് വാല്‍വ് ചുരുങ്ങല്‍ പോലുള്ള ഡീജനറേറ്റീവ് വാല്‍വ് രോഗം എന്നിവയാണ് വാല്‍വ് രോഗത്തിന്റെ സാധാരണ കാരണങ്ങള്‍. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചില രോഗികളില്‍ മിട്രല്‍ വാല്‍വ് ചോര്‍ച്ച കാണപ്പെടുന്നുണ്ട്.  ഇന്‍ഫെക്റ്റീവ് എന്‍ഡോകാര്‍ഡിറ്റിസ് എന്ന് വിളിക്കപ്പെടുന്ന, മുമ്പ് രോഗം ബാധിച്ച വാല്‍വിലെ അണുബാധ, വാല്‍വ് രോഗത്തെ അതിവേഗം വഷളാക്കുന്നു. ഈ സാഹചര്യങ്ങളില്‍ ഉടനടി ചികിത്സ ആവശ്യമാണ്.

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍, ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസിന്‍, ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഡോക്ടര്‍മാരായ ഡോ. രാജീവ് സി, സീനിയര്‍ കണ്‍സള്‍ട്ടന്റ് - ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി, ഡോ. അനില്‍ കുമാര്‍ ആര്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ് - ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി,  ഡോ. വരുണ്‍ ഭാട്ടിയ കണ്‍സള്‍ട്ടന്റ്, സ്ട്രക്ചറല്‍ ഹാര്‍ട്ട് സ്പെഷ്യലിസ്റ്റ്ആസ്റ്റര്‍  മെഡ്സിറ്റി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.