പനി ബാധിച്ച് രക്ത പരിശോധനയ്‌ക്കെത്തിയ 7 വയസുകാരിക്ക് മരുന്ന് മാറി കുത്തി വെച്ചു; സംഭവത്തിൽ നഴ്സിനെതിരെ നടപടി
അങ്കമാലി: ആശുപത്രിയിൽ കുട്ടിക്ക് മരുന്ന് മാറി കുത്തി വച്ച സംഭവത്തിൽ നഴ്സിനെതിരെ നടപടി. നഴ്സിനെ ആശുപത്രിയിൽ നിന്നും ഒഴിവാക്കും. ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് മന്ത്രി വീണ ജോർജ് നൽകിയ നിർദേശത്തെ തുടർന്നാണ് നടപടി.
ആരോഗ്യ വകുപ്പിന് ആശുപത്രി അധികൃതർ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. അതേസമയം, സംഭവത്തിൽ പരാതിയില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവ് ചൂണ്ടികാട്ടി രക്ഷിതാക്കൾ തന്നെയാണ് ആദ്യം രംഗത്തെത്തിയത്.
വെള്ളിയാഴ്‌ചയാണ് അങ്കമാലി കോതകുളങ്ങര സ്വദേശി ഏഴുവയസുകാരിക്ക് മരുന്ന് മാറി കുത്തി വച്ചത്. പനി മൂലം ആശുപത്രിയിൽ എത്തിയ കുട്ടിക്ക് രക്തപരിശോധനയ്ക്ക് എഴുതിയിരുന്നു. കുട്ടിയുടെ അമ്മ മാറിയ സമയം ചീട്ട് പോലും പരിശോദിക്കാതെയാണ് നേഴ്സ് കുട്ടിക്ക് പേവിഷബാധയുടെ കുത്തി വയ്പ്പ് എടുത്തത്.
പൂച്ച കടിച്ചതിനുള്ള കുത്തി വയ്പ്പ് കുട്ടിയോട് ചോദിച്ചതിന് ശേഷമാണ് എടുത്തത് എന്നായിരുന്നു നഴ്സിന്റെ വിശദീകരണം. ചീട്ട് പോലും പരിശോദിക്കാതെ 7 വയസ് മാത്രം പ്രായമുള്ള കുട്ടിയോട് ചോദിച്ചു പേവിഷബാധയുടെ കുത്തി വയ്പ്പ് എടുത്ത നഴ്സിന്റെ നടപടിക്കെതിരെ കുട്ടിയുടെ അമ്മയും കുടുംബവും പരാതി അറിയിച്ചിരുന്നു.
എന്നാൽ സംഭവം വിവാദമായതോടെ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് ആശുപത്രി സുപ്രണ്ട് മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് നൽകിയത്.
നഴ്സിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണ് സംഭവ കാണാമെന്നു റിപ്പോർട്ടിൽ പറയുന്നു. ഇതിനു മുൻപും അങ്കമാലി താലൂക്ക് ആശുപത്രിയിൽ ഇത്തരം ചികിത്സ പിഴവുകൾ ഉണ്ടായിട്ടുണ്ടെന്നും എന്നിട്ടും ആശുപത്രി വേണ്ട ശ്രദ്ധ ചെലത്തുനിലെന്നും ആക്ഷേപമുണ്ട്.