LogoLoginKerala

വ്യവസായ പ്രമുഖൻ ബി ആർ ഷെട്ടിക്കെതിരെ 4 ബില്യൺ ഡോളറിന്റെ സാമ്പത്തിക തട്ടിപ്പ് കേസ്

നിലവിൽ അഡ്മിനിസ്ട്രേറ്റർ ഭരണത്തിലുള്ള എൻഎംസി ഗ്രൂപ്പ് ഷെട്ടിക്കെതിരെ കേസ് ഫയൽ ചെയ്തു
 
B R Shetty

എൻഎംസി ഹെൽത്ത്കെയർ സ്ഥാപകനും, എൻഎംസി ഗ്രൂപ്പ് മുൻ ചീഫ് എക്സിക്യൂട്ടീവുമായിരുന്ന ബി ആർ ഷെട്ടിക്കെതിരെ 4 ബില്യൺ ഡോളറിന്റെ സാമ്പത്തിക ക്രമക്കേട് കേസ്. വിപണി മൂല്യം ഇടിഞ്ഞ് തകർച്ചയിലായ എൻഎംഎസി ഗ്രൂപ്പ് 2020 മുതൽ അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാണ്. എൻഎംസി ഹെൽത്ത്കെയർ അതിന്റെ കടം കുറച്ചാണ് കാണിച്ചിരിക്കുന്നതെന്നും നീക്കിയിരുപ്പ് പെരുപ്പിച്ചു കാണിച്ചിരിക്കുന്നതെന്നും വാങ്ങിയ ആസ്തികളുടെ വില കൂട്ടി കാണിച്ചിരിക്കുകയാണെന്നുമുള്ള,  സെല്ലിങ് സംരംഭമായ മഡ്‌ഡി വാട്ടേഴ്സ് ക്യാപിറ്റിലിന്റെ നിരീക്ഷണം ശരിവയ്ക്കുന്നത് കൂടിയാണ് എൻഎംസി അഡ്മിനിസ്ട്രേറ്ററുടെ കണ്ടെത്തൽ. എൻഎംസി ഹെൽത്ത്കെയർ സ്ഥാപകൻ‌ ബി ആർ ഷെട്ടി, എൻഎംസി ഹെൽത്ത്കെയറിന്റെ സിഇഒ ആയിരുന്ന പ്രശാന്ത് മങ്കാട്ട്, നെയിം ലാൻഡിങ്ങ് രീതിയിൽ വായ്പ അനുവദിച്ച ബാങ്ക് ഓഫ് ബറോഡയ്ക്കും എതിരെയാണ് കേസ്. അബുദാബിയിലും യുകെയിലുമാണ് എൻഎംസി കേസ് ഫയൽ ചെയ്തിരിക്കുന്നത്

. അഡ്മിനിസ്ട്രേറ്റർ ഭരണത്തിലുള്ള എൻഎംസിയുടെ നിർണായക കണ്ടെത്തലാണിതെന്നും കോടതി നടപടിയിലായതിനാൽ കൂടുതൽ കാര്യങ്ങൾ വിശദീകരിക്കുന്നില്ലെന്നും എൻഎംസി ജോയിന്റ് അഡ്മിനിസ്ട്രേറ്റർ റിച്ചാർഡ് ഫ്ലെമിങ്ങ് വ്യക്തമാക്കി. കേസ് നടപടിയോട് ബി ആർ ഷെട്ടിയോ, ബാങ്ക് ഓഫ് ബറോഡയോ പ്രതികരിച്ചിട്ടില്ല.

വെറും 500 രൂപയുമായി അബുദാബിയിലെത്തി, മെഡിക്കൽ റെപ്പസെന്റീറ്റീവായി ജോലി ചെയ്ത്, പിന്നീട് ചെറിയൊരു ക്ലിനിക്കിൽ നിന്ന് എൻഎംസി ഹെൽത്ത് കെയറെന്ന വലിയ വ്യവസായ സാമ്രാജ്യത്തിന്റെ അധിപനായി വളർന്ന ഷെട്ടി എന്നും ഗൾഫ് വ്യവസായ ലോകത്തിന്റെ വേറിട്ട മുഖമായിരുന്നു.ആരോഗ്യ സംരംഭങ്ങൾക്ക് പുറമേ യുഎഇ എക്സചേഞ്ച് അടക്കം വിവിധ സാമ്പത്തിക സംരംഭങ്ങളിലേക്കും വളർന്ന ബിആർ ഷെട്ടിയുടെ തകർച്ചയും അപ്രതീക്ഷിതമായിരുന്നു. ആദ്യമായി ഗൾഫ് മേഖലയിൽനിന്നുള്ള ഒരു ആരോഗ്യ പരിപാലന സംരംഭത്തിന്റെ ഓഹരികൾ ലോകത്തിലെ ഏറ്റവും ഓഹരി വിപണിയിൽ ഒന്നായ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരം തുടങ്ങിയത് എൻഎംസി ഹെൽത്ത് കെയറിലൂടെയാണ്. പൊതുജനങ്ങൾക്കായി നീക്കിവച്ച ഓഹരികൾ നിമിഷങ്ങൾ കൊണ്ട് വിറ്റുപോയ സംരംഭം. എന്നാൽ 2019ൽ ഷോർട് സെല്ലിങ് സംരംഭമായ മഡ്‌ഡി വാട്ടേഴ്സ് ക്യാപിറ്റൽ, എൻഎംസി ഹെൽത്ത്കെയർ അതിന്റെ കടം കുറച്ചാണ് കാണിച്ചിരിക്കുന്നതെന്നും നീക്കിയിരുപ്പ് പെരുപ്പിച്ചു കാണിച്ചിരിക്കുകയാണെന്നും കണ്ടെത്തിയതോടെ എൻഎംസിയുടെ തകർച്ച തുടങ്ങി.

എൻഎംസി ഹെൽത്ത് കെയറിന്റെ ഫിനാബ്ലറിന്റെയും ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞു. ബാങ്കുകളുടെയും മറ്റു വായ്‌പ്പാദായകരുടെയും സമ്മർദം കൊണ്ട് വായ്പാ തുക കുറച്ചുകാണിച്ചിരിക്കുകയാണെന്ന് ബിആർ ഷെട്ടിക്ക് വെളിപ്പെടുത്തേണ്ടി വന്നു. ഇതോടെ ഷെട്ടിക്ക് എൻഎംസി ഹെൽത്ത്കെയറിന്റെയും, ഫിനാബ്ലറിന്റെയും ബോർഡുകളിൽനിന്ന് രാജി വയ്ക്കേണ്ടി വന്നു. എൻഎംസി ഹെൽത്ത്കെയറിന്റെ സിഇഒ ആയ പ്രശാന്ത് മങ്കാട്ടും രാജിവച്ചു. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് രണ്ട്‌ കമ്പനികളെയും കരിമ്പട്ടികയിൽ പെടുത്തി. രണ്ട്‌ ഓഹരികളുടെയും വ്യാപാരം നിർത്തി വയ്ക്കുകയും ചെയ്തു. നിയമയുദ്ധത്തിന് ബി ആർ ഷെട്ടി നീക്കം നടത്തുന്നതിനിടയിലാണ് എൻഎംസി കേസ് ഫയൽചെയ്തിരിക്കുന്നത്.  കഠിനാധ്വാനം കൊണ്ട് വളർന്ന് മധ്യാഹ്നത്തിൽ അസ്തമിച്ച സൂര്യനെ പോലെ തകർന്ന ഷെട്ടിക്ക് ഇനിയൊരു തിരിച്ചുവരുവുണ്ടാകുമോ എന്നാണ് ഗൾഫ് വ്യവസായ ലോകം ഉറ്റുനോക്കുന്നത്