വൈദ്യുതി വാഹനങ്ങള്‍ക്ക് സൗജന്യ ചാര്‍ജിങ് അവസാനിപ്പിച്ചു; ഇനി മുതല്‍ യൂണിറ്റിന് 15 രൂപ

ഇലക്ട്രിഫൈ എന്ന ആപ്പിലൂടെ ചാര്‍ജിങ് സ്റ്റേഷന്‍ കണ്ടെത്താനും പണം അടയ്ക്കാനും കഴിയും.

തിരുവനന്തപുരം: കെ.എസ്.ഇ.ബി.യുടെ ചാര്‍ജിങ് സ്റ്റേഷനുകളില്‍ നിന്നും വൈദ്യുതി വാഹനങ്ങള്‍ക്കുള്ള സൗജന്യ ചാര്‍ജിങ് അവസാനിപ്പിച്ചു. തിങ്കളാഴ്ച രാത്രിമുതല്‍ നിരക്ക് ഈടാക്കിത്തുടങ്ങി. യൂണിറ്റിന് 15 രൂപ നിരക്കിലാണ് ഈടാക്കുന്നത്. എന്നാല്‍ വീടുകളില്‍ ചാര്‍ജ് ചെയ്താല്‍ ഗാര്‍ഹിക നിരക്കാണ് ബാധകം.

എട്ടുമാസമായി സംസ്ഥാനത്തെ കോര്‍പ്പറേഷനുകളില്‍ ബോര്‍ഡിനുള്ള ആറു ചാര്‍ജിങ് സ്റ്റേഷനുകളിലും ചാര്‍ജിംങ് സൗജന്യമായിരുന്നു. ഇ-വാഹന പ്രോത്സാഹന നയത്തിന്റെ ഭാഗമായാണ് മൂന്നുമാസം സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍, കോവിഡ് പ്രതിസന്ധിയും ചാര്‍ജിങ്ങിന് ബുക്ക് ചെയ്യാനുള്ള ആപ്പ് വൈകിയതും കാരണം സൗജന്യം നീണ്ടുപോയി. ഇലക്ട്രിഫൈ എന്ന ആപ്പിലൂടെ ചാര്‍ജിങ് സ്റ്റേഷന്‍ കണ്ടെത്താനും പണം അടയ്ക്കാനും കഴിയും.

സൗജന്യ ചാര്‍ജിങ് ഒട്ടേറെപ്പേര്‍ പ്രയോജനപ്പെടുത്തിയിരുന്നു. എന്നാല്‍, ദുരുപയോഗം ചെയ്തവരുമുണ്ട്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍വരെ സൗജന്യ ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉണ്ടായിരുന്നതിനാല്‍ കേരളത്തിനുള്ളില്‍ സൗജന്യ വിനോദസഞ്ചാരത്തിന് ഇ-വാഹനങ്ങള്‍ ഉപയോഗിച്ചവരുമുണ്ടെന്ന് ബോര്‍ഡ്വൃത്തങ്ങള്‍ അറിയിച്ചു.