LogoLoginKerala

എതിരില്ലാതെ അഞ്ച് ഗോളുകൾ; അണ്ടര്‍ 17 വനിതാ ലോകകപ്പില്‍ ഇന്ത്യയെ തകർത്ത് ബ്രസീൽ ക്വാർട്ടറിൽ

 
എതിരില്ലാതെ അഞ്ച് ഗോളുകൾ; അണ്ടര്‍ 17 വനിതാ ലോകകപ്പില്‍ ഇന്ത്യയെ തകർത്ത് ബ്രസീൽ ക്വാർട്ടറിൽ

ഭുവനേശ്വര്‍: ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പില്‍ ഒരു ജയം പോലും ഇല്ലാതെ ഇന്ത്യക്ക് മടക്കം. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ കരുത്തരായ ബ്രസീല്‍ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യയെ തകർത്തത്. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരമായിരുന്നു ഇത്. ആദ്യ മത്സരത്തില്‍ അമേരിക്കയോട് എട്ടു ഗോളിന് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തില്‍ മൊറോക്കോയോട് മൂന്ന് ഗോളിന് തോറ്റിരുന്നു. ഇതോടെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ അസ്തമിച്ച ഇന്ത്യക്ക് ബ്രസീലിനെതിരെയുള്ള മത്സരഫലം അപ്രസക്തമായിരുന്നു. ബ്രസീല്‍ പോലുള്ള മുന്‍നിര ടീമുമായി കൊമ്പുകോര്‍ക്കാനുള്ള അവസരമായാണ് ടീം ഇന്ത്യ ഇന്നത്തെ മത്സരത്തെ കണ്ടത്.

കളി തുടങ്ങി പതിനൊന്നാം മിനിറ്റില്‍ ബെര്‍ക്കോണിലൂടെ ബ്രസീല്‍ മുന്നിലെത്തി. ആദ്യ ഗോളിന് ശേഷം ചെറുത്തു നിന്ന ഇന്ത്യൻ വനിതകൾ ആദ്യ പകുതി തീരുന്നതിന് തൊട്ടു മുമ്പ് രണ്ടാം ഗോളും വഴങ്ങി. 40 ആം മിനിറ്റിൽ അലീനിലൂടെ ബ്രസീൽ ലീഡ് ഉയർത്തുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ അലീനിലൂടെ ബ്രസീല്‍ വീണ്ടും ലീഡുയർത്തി. പകരക്കാരിയായ ലാറ രണ്ടു ഗോള്‍ കൂടി നേടി ബ്രസീലിന്‍റെ ഗോള്‍ പട്ടിക തികച്ചു.

ജയത്തോടെ ബ്രസീല്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി ക്വാര്‍ട്ടറിലെത്തി. ബ്രസീലിനും അമേരിക്കയ്ക്കും ഏഴ് പോയന്‍റ് വീതമാണെങ്കിലും ഗോള്‍ ശരാശരിയിൽ അമേരിക്ക ബ്രസീലിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തി. ജര്‍മനിയാണ് ക്വാര്‍ട്ടറില്‍ ബ്രസീലിന്‍റെ എതിരാളികള്‍. 16 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ മത്സരിക്കുന്നത്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് ക്വാര്‍ട്ടറിലെത്തുക. ഇന്ത്യയുടെ ഗ്രൂപ്പില്‍ നിന്ന് ബ്രസീലും അമേരിക്കയും ക്വാര്‍ട്ടറിലേക്ക് മുന്നേറിയപ്പോള്‍ ഇന്ത്യക്കൊപ്പം മൊറോക്കോയും ക്വാർട്ടർ കാണാതെ പുറത്തായി.

ഗ്രൂപ്പ് ബിയില്‍ നിന്ന് ജര്‍മനിയും നൈജീരിയയും ക്വാര്‍ട്ടറിലേക്ക് മുന്നേറിയപ്പോള്‍ ഗ്രൂപ്പ് സിയില്‍ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. രണ്ട് മത്സരങ്ങള്‍ വീതം കഴിഞ്ഞപ്പോള്‍ കൊളംബിയ, സ്പെയിന്‍, മെക്സിക്കോ, ചൈന ടീമുകള്‍ക്ക് മൂന്ന് പോയന്‍റ് വീതമുണ്ട്. ഗ്രൂപ്പ് ഡിയില്‍ നിന്ന് ജപ്പാന്‍ ആണ് ക്വാര്‍ട്ടര്‍ ഉറപ്പിച്ച മറ്റൊരു ടീം.