24 ഭാഷകളില്‍ 36 ഗായകര്‍ ഗാനമാലപിച്ച് ലോക റെക്കോഡിട്ട് മലയാള സിനിമ 'അമിയ'

കൊച്ചി- കൊച്ചി- 24 ഭാഷകളില്‍ 36 ഗായകര്‍ ചേര്‍ന്ന് ഗാനങ്ങള്‍ ആലപിച്ച് ലോക റെക്കോഡില്‍ ഇടംപിടിച്ചിരിക്കുകയാണ് മലയാളത്തില്‍ നിന്നുള്ള ബഹുഭാഷാ ചിത്രമായ അമിയ. എസ് എസ് ബിജുരാജ് സംവിധാനം ചെയ്യുന്ന മ്യൂസിക്കല്‍ ഹൊറര്‍ സിനിമയിലെ ഗാനങ്ങള്‍ 18 ഗായികമാരും 18 ഗായകന്‍മാരും ചേര്‍ന്നാണ് 24 ഭാഷകളില്‍ ആലപിച്ചിരിക്കുന്നത്.
മൂന്നു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്. ഇതില്‍ ഓരോ പാട്ടും 24 വീതം ഭാഷകളില്‍ വിവിധ ഗായകരെക്കൊണ്ട് മൊഴി മാറ്റി പാടിച്ചാണ് യൂണിവേഴ്‌സല്‍ റെക്കോഡ്‌സ് ഫോറത്തിന്റെ (യു ആര്‍ എഫ്) ഈ വിഭാഗത്തിലുള്ള റെക്കോര്‍ഡിന് അര്‍ഹത നേടിയത്.
മലയാളത്തില്‍ എഴുതിയ മൂന്നു ഗാനങ്ങള്‍ 10 ഇന്ത്യന്‍ ഭാഷകളിലും 14 വിദേശ ഭാഷകളിലും വിവര്‍ത്തനം ചെയ്ത് 24 ഗായികാഗായകന്‍മാര്‍ ആലപിച്ചാണ് 'അമിയ' മലയാള സിനിമയില്‍ പുതിയ ചരിത്രം സൃഷ്ടിച്ചത്. എസ് എസ് മുരളീകൃഷ്ണ, വിഷ്ണു വി ദിവാകരന്‍ എന്നിവരാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സിനിമയുടെ മ്യൂസിക് റൈറ്റ്‌സിനായി ടി സി എസ് അടക്കമുള്ള വമ്പന്‍ കമ്പനികളുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്ന് സംവിധായകനായ എസ് എസ് ബിജുരാജ് അറിയിച്ചു.
തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, മറാത്തി, ഗുജറാത്തി, പഞ്ചാബി, ഉറുദു, ബംഗാളി എന്നീ ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷ്, ഫ്രഞ്ച്, ചൈനീസ്, ഇറ്റാലിയന്‍, സിംഹള, കൊറിയന്‍, സ്പാനിഷ്, ഗ്രീക്ക്, തായ്, റഷ്യന്‍ നേപ്പാളി, ജപ്പാനി ഭാഷകളിലാണ് ചിത്രത്തിലെ ഗാനങ്ങളും സംഭാഷണങ്ങളും ചെയ്തിരിക്കുന്നത്. അത്രയും ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.